കൊച്ചി: തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ പട്ടികജാതി വിദ്യാര്‍ത്ഥികളോട് അവഗണന. കോളേജില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്സം ഗ്രാന്റ് വിതരണം ചെയ്തിട്ട് മൂന്ന് വര്‍ഷമായി. 2013 മുതല്‍ കോളേജില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ലംപ്സംഗ്രാന്റ് വിതരണം ചെയ്യാത്തതിനെതിരെ പട്ടികജാതി വികസന കോര്പ്പറേഷന് കോളേജ് അധികൃതരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പാവപ്പെട്ട പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നത് കോളേജ് സൂപ്രണ്ടിന്റെ പിടിപ്പുകേടുമൂലമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ മൂന്നുവര്‍ഷമായി മുടങ്ങിയ ഗ്രാന്റ് ഉടന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇതിനിടെ അടുത്തിടെ ആരംഭിച്ച പിജി കോഴ്സുകള്‍ക്ക് യൂണിവേഴ്സിറ്റി അംഗീകാരമായിട്ടില്ലെന്നും പറയുന്നു. ചെണ്ട, മദ്ദളം കോഴ്സുകളാണ് അടുത്തിടെ ആരംഭിച്ചത്. ആര്‍എല്‍വി കോളേജിനെതിരെ നിരവധി ആക്ഷേപങ്ങളാണ് പുറത്തുവരുന്നത്. കോളേജില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കടുത്ത മാനസിക പീഡനങ്ങളാണ് നടക്കുന്നതെന്നാണ് ആക്ഷേപം. ചില ഇടത് അധ്യാപകസംഘടനയില്പ്പെട്ട അധ്യാപകരും കോളേജ് സൂപ്രണ്ടിനുമെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
സിപിഎം പിന്തുണയോടെ ഇടത് വിദ്യാര്‍ത്ഥിസംഘടനകളെ കൂട്ടുപിടിച്ച് ഇവര്‍ കോളേജിന്റെ വളര്‍ച്ചയെ തടയുകയാണെന്നാണ് ആരോപണം. രണ്ടാഴ്ച മുമ്പ് ദളിത് വിദ്യാര്‍ത്ഥിനി മാനസികപീഡനം സഹിക്കവയ്യാതെ ആത്മഹത്യക്ക് ശ്രമിച്ച സംഭവമുണ്ടായി. ഈ സംഭവത്തെത്തുടര്‍ന്ന് അടച്ചിട്ട കോളേജ് തിങ്കളാഴ്ചയാണ് തുറന്നത്. കോളേജില്‍ എസ്എഫ്ഐ നേതാക്കളുടെ പീഡനത്തെക്കുറിച്ച് പരാതി പറയുന്നവരെ സൂപ്രണ്ടും ഇടത് അധ്യാപക സംഘടനയില്‍പ്പെട്ട ചില അധ്യാപകരും ചേര്‍ന്ന് ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുന്ന സംഭവങ്ങളും നിരവധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: