തിരുവനന്തപുരം: അനന്തപുരിയെ യാഗശാലയാക്കി കലങ്ങളില്‍ പൊങ്കാല തിളച്ച് തൂവിയപ്പോള്‍ പുണ്യം നേടി മനം നിറഞ്ഞ് ഭക്തസഹസ്രങ്ങള്‍. ദിവസങ്ങള്‍ക്ക് മുമ്പേ വ്രതം നോറ്റെത്തിയ ഭക്തര്‍ ആറ്റുകാലമ്മയ്‌ക്ക് മുന്നില്‍ പൊങ്കാലയര്‍പ്പിച്ച് മടങ്ങി. അമ്മയുടെ തൃപ്പാദം മുതല്‍ എംജി കോളേജും പേരൂര്‍ക്കടയും വെണ്‍പാലവട്ടം വരെയും കരമനയാറ്റിന്‍തീരം വരെയും പൊങ്കാലകലങ്ങള്‍ നിരന്നു.
കാപ്പ്‌കെട്ടി ദേവിയെ കുടിയിരുത്തിയ അന്നുമുതല്‍ അനന്തപുരിയും കേരളത്തിലെ ദേവീഭക്തരും പൊങ്കാലയെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു. അതുകൊണ്ട്തന്നെ മറ്റു ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ദിവസങ്ങള്‍ക്ക് മുമ്പെത്തിയ ഭക്തര്‍ക്ക്‌പോലും സ്വന്തം ഭവനങ്ങളില്‍ സൗകര്യം ഒരുക്കി. ക്ഷേത്രഭരണസമിതിയും നാട്ടുകാരും വിവിധസര്‍ക്കാര്‍ വകുപ്പുകളും ഭക്തര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ബന്ധുക്കളില്‍ നിന്ന് വേര്‍പെട്ടുപോയ 153പേരെ പോലീസ് കണ്ടെത്തി തിരികെ ഏല്‍പ്പിച്ചു. തമ്പാനൂരില്‍ സിനു എന്ന ഭക്തയ്‌ക്ക് പൊങ്കാല അടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേരുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായി.
പൊങ്കാലയ്‌ക്കെത്തുന്നവരുടെ സുരക്ഷയ്‌ക്കായി എഡിജിപി പദ്മകുമാറിന്റെ നേതൃത്വത്തില്‍ മൂവായിരത്തി അഞ്ഞൂറ് പോലീസുകാരെയാണ് ഒരുക്കിയത്. അന്യ സംസ്ഥാന സേനയെക്കൂടാതെ അഞ്ഞൂറിലധികം വോളന്റിയര്‍മാരും ഭക്തര്‍ക്കായി സുരക്ഷഒരുക്കി. ക്ഷേത്രദര്‍ശനം മുതല്‍ കുടിവെള്ളത്തിനും അന്നദാനത്തിനും വരെ പോലീസ് സഹായം ഭക്തര്‍ക്ക് ലഭ്യമായി. ഐജി മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, ഫോര്‍ട്ട് എസി സുധാകരന്‍പിള്ള, സ്‌പെഷ്യല്‍ബ്രാഞ്ച് ഡിവൈഎസ്പി സുരേഷ്‌കുമാര്‍ എന്നവരും വനിതാപോലീസ്, ഷാഡോ പോലീസ് എന്നീവിഭാഗങ്ങളുമാണ് സുരക്ഷഒരുക്കിയത്. അഗ്നിശമനയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സജജീകരണങ്ങളും ക്രമീകരിച്ചിരുന്നു.
പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്കെല്ലാം ശുദ്ധമായ ഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകളും ബോധവത്കരണവും അന്നദാന കമ്മറ്റികളുമായി സഹകരിച്ച് നടത്തി. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് സേവാഭാരതിയുടെ മെഡിക്കല്‍ക്യാമ്പുകളും 15 ആംബുലന്‍സുകളും ആരോഗ്യപ്രവര്‍ത്തനങ്ങള്‍ നടത്തി. കളക്ടറുടെ നേതൃത്വത്തില്‍ തഹല്‍സീര്‍ദാര്‍മാര്‍ അടങ്ങുന്ന റവന്യൂസംഘവും പ്രവര്‍ത്തനനിരതരായിരുന്നു.
കെഎസ്ആര്‍ടിസി, റയില്‍വെ എന്നിവ ഭക്തര്‍ക്കായി യാത്രാസൗകര്യമൊരുക്കി. ഉച്ചയ്‌ക്ക് 1.30 ന് പൊങ്കാല നിവേദ്യം കഴിഞ്ഞ ഉടനെ വിവിധ ഭാഗങ്ങളിലേക്കായി കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തി. കൊല്ലം ഭാഗത്തേക്കും കന്യാകുമാരിയിലേക്കും സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഈ സമയം സര്‍വീസ് നടത്തി. അതുകൊണ്ട് തന്നെ യാത്രാതിരക്ക് ഇത്തവണ ഭക്തരെ ബാധിച്ചില്ല. അടുത്തവര്‍ഷവും അമ്മയ്‌ക്ക് മുന്നില്‍ പൊങ്കാലയര്‍പ്പിക്കാന്‍ കഴിയണം എന്ന പ്രാര്‍ഥനയിലാണ് ഭക്തര്‍ മടങ്ങിയത്. ഒപ്പം ദേവിക്കു മുന്നലില്‍ മനമുരുകി അര്‍പ്പിച്ച പ്രാര്‍ഥന സഫലമാകുമെന്ന വിശ്വാസത്തിലും.
എന്നാല്‍ യഥാസമയം മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ നഗരസഭ ഭക്തരെ വലച്ചു. പലയിടങ്ങളിലും മാലിന്യകൂമ്പാരങ്ങള്‍ക്ക് സമീപം ഭക്തര്‍ക്ക് പൊങ്കാല അടുപ്പുകള്‍ നിരത്തേണ്ടിവന്നു. ഇതറിഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പലസ്ഥലങ്ങളിലും പ്രതിഷേധിക്കുകയും മാലിന്യങ്ങള്‍ നീക്കി ഭക്തര്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്തു. നഗരസഭയുടെ ഭാഗത്ത് നിന്ന് പൊങ്കാലയെ അവഗണിക്കുന്നുവെന്ന് നേരത്തേതന്നെ ആരോപണം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: