കീവ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്ന് ഇംഗ്ലീഷ്, സ്പാനിഷ് വമ്പന്മാര്ക്ക് പോരാട്ടം. പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് കരുത്തര്‍ മാഞ്ചസ്റ്റര്‍ സിറ്റി ഉക്രൈനില്‍നിന്നുള്ള ഡൈനാമോ കീവുമായി കൊമ്പുകോര്‍ക്കുമ്പോള്‍, സ്പാനിഷ് ടീം അത്ലറ്റികോ മാഡ്രിഡിന് എതിരാളികള്‍ ഡച്ച് ടീം പിഎസ്വി ഐന്തോവന്. മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി ഒന്നരയ്ക്ക്.
കീവിനെ എതിരിടാന്‍ ഉക്രൈനിലേക്ക് പോകുമ്പോള്‍ ജയം മാത്രമാകും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ലക്ഷ്യം. ഇംഗ്ലീഷ് ലീഗിലെ ചാമ്പ്യന്‍പട്ടം കൈയാലപ്പുറത്തിരിക്കുമ്പോള് അതിന്റെ കുറവ് യൂറോപ്പില്‍ നികത്തുക സിറ്റിയുടെ ലക്ഷ്യം. എഫ്എ കപ്പില്‍ കഴിഞ്ഞ ദിവസം ചെല്‍സിയോട് തകര്‍ന്നടിഞ്ഞതിന്റെ നിരാശയും തീര്‍ക്കണം സിറ്റിക്ക്.
അതേസമയം, കഴിഞ്ഞ അഞ്ച് ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങളില്‍ ഇംഗ്ലീഷ് ടീമുകള്‍ക്ക് ഉക്രൈന് ടീമുകളോട് ജയിക്കാനായിട്ടില്ലെന്ന യാഥാര്‍ത്ഥ്യം മാനുവല്‍ പെല്ലിഗ്രിനിയുടെ സംഘത്തിനു മുന്നിലുണ്ട്.
പരിക്കുകളാണ് സിറ്റി പരിശീലകനെ ചിന്തിപ്പിക്കുന്നത്. കെവിന് ഡി ബ്ര്യൂണെ, ഫാബിയന്‍ ഡെല്‍ഫ്, സമീര്‍ നസ്രി, ഇലിയാക്വിം മംഗല, ജീസസ് നവാസ് തുടങ്ങിയവര്‍ക്ക് കളത്തിലിറങ്ങാനാകില്ല. എഫ്എ കപ്പില്‍ രണ്ടാം നിരയുമായിറങ്ങി സിറ്റിക്ക് അടിതെറ്റിയത്. സെര്‍ജിയൊ അഗ്വെയ്റോയുടെ ഗോളടി മികവിലാണ് ഇംഗ്ലീഷ് ടീമിന്റെ പ്രതീക്ഷകള്‍. റഹിം സ്റ്റെര്‍ലിങ്, ഡേവിഡ് സില്‍വ, ഫെര്ണാണ്ടീഞ്ഞൊ, വില്‍ഫ്രഡ് ബോണി, യായ ടുറെ, നായകന് വിന്‍സന്റ് കൊംപാനി തുടങ്ങിയവര്‍ ആദ്യ ഇലവനില്‍ അണിനിരക്കും.
1999-2000 സീസണിനു ശേഷം ആദ്യമായാണ് ഡൈനാമോ കീവ് പ്രീ ക്വാര്‍ട്ടറിലെത്തുന്നത്. മക്കാബി ടെല്‍ അവീവിനെ കീഴടക്കി മുന്നേറ്റം. പരിശീലന മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയത് ടീമിന്റെ ആത്മവിശ്വാസം. സ്വന്തം കാണികള്‍ക്കു മുന്നില്‍ പോരാട്ടമെന്നതും അവരെ തുണയ്ക്കും.
ലാ ലിഗയിലെ കരുത്തര്‍ അത്ലറ്റികോ മാഡ്രിഡിനെ ഐന്തോവനില്‍ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി. മധ്യനിരക്കാരന് ജോറിറ്റ് ഹെന്‍ഡ്രിക്സിന്റെ മികവില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന പിഎസ്വിക്ക് ആദ്യ പോരാട്ടം സ്വന്തം കാണികളുടെ മുന്നിലെന്നതു തുണ. 2006-07നു ശേഷം ആദ്യമായാണ് പിഎസ്വി ചാമ്പ്യന്‍ഷിപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലെത്തുന്നത്. അത്ലറ്റികോയാകട്ടെ തുടരെ മൂന്നാം തവണ നോക്കൗട്ട് കാണുന്നു. അവരുടെ ചരിത്രത്തില്‍ ആദ്യമായാണ് ഈ നേട്ടം.
നെതര്‍ലന്‍ഡ്സ് യുവനിരയാണ് ഐന്തോവന്റെ കരുത്ത്. ശരാശരി പ്രായം 24 വയസ്. ഇന്ത്യന്‍ വംശജന് ലൂസിയാനോ നര്‍സിങ്, ലൂക്ക് ഡി ജോങ്, മെക്സിക്കന്‍ പ്രതിരോധനിരക്കാരന്‍ ജോസ് ആന്ദ്രിയ ഗ്വര്‍ഡാഡോ, ആദം മെഹര്‍ എന്നിവര്‍ ടീമിനെ സമ്പന്നമാക്കുന്നു. ഫെര്‍ണാണ്ടോ ടോറസ്, അന്റോണിയോ ഗ്രീസ്മന്, തിയാഗോ, കോക്കെ, ഗാബി, അഗസ്റ്റോ ഫെര്‍ണാണ്ടസ്, ഡീഗോ ഗോഡിന് തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ സാന്നിധ്യമുണ്ട് അത്ലറ്റികോയ്ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: