ന്യൂദല്‍ഹി: ജെഎന്‍യു സര്‍വ്വകലാശാലയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസിലെ പ്രതികള്‍ കീഴടങ്ങണമെന്ന് ദല്‍ഹി ഹൈക്കോടതി. വിദ്യാര്‍ത്ഥികള്‍ നിയമനടപടികള്‍ക്ക് വിധേയരാകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ റിമാന്റിലുള്ള വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയിട്ടുണ്ട്.
രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസിലെ പ്രതികള്‍ കീഴടങ്ങാന്‍ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. സുരക്ഷിതമായ സ്ഥലത്ത് രഹസ്യമായി കീഴടങ്ങാന്‍ തയ്യാറാണെന്ന് പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളും അറിയിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികളല്ല കീഴടങ്ങുന്ന സ്ഥലം തീരുമാനിക്കുകയെന്ന് ദല്‍ഹി പോലീസ് കോടതിയില്‍ മറുപടി നല്‍കി. എന്നാല്‍ വിദ്യാര്‍ത്ഥികളെ ജെഎന്‍യുവില്‍ കയറി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങിയ പ്രതികളുടെ ഹര്‍ജിയിന്മേല്‍ ഇന്നും വാദം തുടരും.
കനയ്യ കുമാറിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്ന് ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ശൈലേന്ദ്ര ബബ്ബര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹാജരാകുക. ദല്‍ഹി സര്‍ക്കാര്‍ അഭിഭാഷകര്‍ രാഹുല്‍ മെഹ്രയെ ഒഴിവാക്കിയാണ് പോലീസ് നിലപാട് കര്‍ക്കശമാക്കിയത്. ഇന്നലെ കനയ്യയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചെങ്കിലും പോലീസ് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ ഒരു ദിവസം കൂടി ചോദിച്ചതോടെയാണ് തീരുമാനം ഇന്നത്തേക്ക് മാറ്റിയത്.
ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ക്കിടയിലാണ് കോടതി നടപടികള്‍ നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ക്കും ഹൈക്കോടതി രജിസ്ട്രാര്‍ അനുവദിക്കുന്ന ആറ് മാധ്യമ പ്രവര്‍ത്തകര്‍ക്കും മാത്രമാണ് കോടതിയിലേക്ക് പ്രവേശിക്കാന്‍ അനുമതി.
















