പാംപോര്‍: ജമ്മുകശ്മീരിലെ പാംപോറില്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടുമ്പോള്‍ മോസ്‌ക്കില്‍ നിന്ന് ഭീകരര്‍ക്ക് ജയ് വിളി. പാമ്പോറില്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തിനു സമീപത്തുള്ള മോസ്‌ക്കുകളില്‍ നിന്നാണ് ലൗഡ്‌സ്പീക്കറില്‍ നിന്ന് മുജാഹിദ്ദീനുകളെ അനുകൂലിച്ച് ജയ്‌വിളി മുഴങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഫ്രസ്റ്റാബാല്‍, ഡ്രാങ്ക്ബാല്‍, കട്‌ലാബാല്‍, സെമ്പോറ എന്നീ സ്ഥലങ്ങളിലെ മോസ്‌ക്കുകളില്‍ നിന്നാണ് ഭീകരരെ പ്രകീര്‍ത്തിച്ചും പാക്കിസ്ഥാനെ അനുകൂലിച്ചും കശ്മീരിന് സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപ്പെട്ടും ശബ്ദമുയര്‍ന്നത്. റെക്കാര്‍ഡ് ചെയ്ത് സിഡിയാണ് ഉപയോഗിച്ചിരുന്നത്. പാക്കിസ്ഥാന്‍ നല്‍കിയതാണ് ഇവയെന്നാണ് സംശയം.
സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റിയൂട്ടിനു സമീപത്താണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെയുള്ള അരുവിക്ക് സമീപം നൂറുകണക്കിന് യുവാക്കള്‍ ചേര്‍ന്ന് സൈന്യം ഭീകരര്‍ക്ക് എതിരെ പോരാട്ടം തുടങ്ങുന്നത് തടയാനുള്ള ശ്രമവും നടന്നു. പോലീസ് മോസ്‌ക്കില്‍ കയറി ലൗഡ് സ്പീക്കറുകള്‍ പിടിച്ചെടക്കാന്‍ ശ്രമിച്ചെങ്കിലും അതു നടന്നില്ല. സൈന്യത്തെ തടയാനെത്തിയവരെ കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് തുരത്തിയത്. തുടര്‍ന്ന് അവര്‍ പോലീസിനെ കല്ലെറിഞ്ഞു. ഏതാനും ഭീകരരെ വകവരുത്തിയാണ് ഏറ്റുമുട്ടല്‍ അവസാനിച്ചത്. ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും വീരമൃത്യു വരിച്ചു.
















