കോട്ടയം കോളേജ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കേരളത്തിലെ ആദ്യത്തെ കോളേജ് സിഎംഎസ് 200 ന്റെ നിറവില്‍. മലയാളനാടിനെ ശാസ്ത്രീയ വിദ്യാഭ്യാസത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ള ഈ കലാലയം രണ്ട് നൂറ്റാണ്ടുകള്‍ക്കിടയില്‍ അക്ഷരങ്ങള്‍ പകര്‍ന്നുകൊടുത്തത് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത ജനസഞ്ചയത്തിനാണ്. തിരുനക്കര മഹാദേവക്ഷേത്രത്തിന്റെ വടക്കു ഭാഗത്ത്, മീനച്ചിലാറിന് സമീപം തലയെടുപ്പോടെ നില്ക്കുന്ന സിഎംഎസ് കോളേജ് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ സഹായഹസ്തങ്ങളാലാണ് സ്ഥാപിതമായത്. അറിവിന്റെ ആഴങ്ങള്‍ തേടിയുള്ള യാത്രകളെ ഗൗരവപൂര്ണ്ണതയില് നിന്നും ഏത് തരത്തില്‍ ലളിതവല്ക്കരിക്കാമെന്നതിന്റെ അവശേഷിക്കുന്ന തെളിവാണ് സായിപ്പിനാല്‍ നിര്‍മിതമായ ഈ കലാലയം. വിദ്യാഭ്യാസത്തെ ആസ്വാദ്യകരമാക്കുകയെന്ന മനഃശാസ്ത്രമാണ് ഈ കാമ്പസിന്റെ മഹത്വം.
രാജ്യത്തെ കോളേജ് കാമ്പസുകളില്‍ സിഎംഎസ് എന്നും ശ്രദ്ധേയമാകുന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളും, പ്രകൃതിയോടൊത്തു ചേര്‍ന്നു വിദ്യ അഭ്യസിക്കുവാന്‍ ആഗ്രഹിക്കുന്ന മനസുകളെ ആവാഹിക്കുന്ന കാമ്പസ് എന്ന നിലയിലാണ്. പടര്‍ന്നു പന്തലിച്ചു വൈവിദ്ധ്യങ്ങളോടെ നില്ക്കുന്ന തണല്വൃക്ഷലതാദികളാല് സമ്പൂര്‍ണ്ണമായ ഒരു കാമ്പസ് ഇന്ന് കേരളത്തില്‍ കാണണമെങ്കില്‍ കോട്ടയത്തിന്റെ ഹൃദയഭൂമിയില്‍ സ്ഥിതിചെയ്യുന്ന സിഎംഎസില്‍ എത്തണം. ദ്വിശതാബ്ദിയിലേക്ക് പ്രവേശിക്കുന്ന ഈ കോളേജിന് 2015ല്‍ യുജിസി പൈതൃക പദവി അംഗീകാരം നല്കി. കോളേജിന്റെ പൗരാണികപ്രൗഢിയെ പരിരക്ഷിക്കുവാനുള്ള മാനേജ്മെന്റിന്റെ ഹൃദയവിശാലത സിഎംഎസിനെ ഇന്നും ഒരു പൈതൃക കലാലയമായി നിലനിര്‍ത്തുന്നു.
2016 ഫെബ്രുവരി 26ന് ആരംഭിക്കുന്ന 200-ാം പിറന്നാള്‍ ആഘോഷച്ചടങ്ങിലെ മുഖ്യാതിഥി രാജ്യത്തിന്റെ പ്രഥമപൗരനാണ്. നഗരഹൃദയത്തിലെ അണ്ണാന്‍കുന്നില്‍ ഏതാണ്ട് 30 ഏക്കറോളം വിസ്തൃതിയിലാണ് സിഎംഎസ് കോളേജിന്റെ ഹരിതാഭമായ കാമ്പസ്. 1810ല്‍ തിരുവിതാംകൂറിന്റെ റസിഡന്റും പിന്നീട് ദിവാനുമായിരുന്ന കേണല്‍ ജോണ്‍ മണ്‍റോയാണ് കോട്ടയത്തിന്റെ മണ്ണില്‍ സിഎംഎസ് കോളേജ് എന്ന സ്ഥാപനത്തിന് ബീജാവാപം കുറിക്കുന്നത്. മണ്‍റോയുടെ അഭ്യര്‍ത്ഥന അംഗീകരിച്ച തിരുവിതാംകൂര്‍ റീജന്റായിരുന്ന റാണി ഗൗരി ലക്ഷ്മീഭായി ആണ് ഇംഗ്ലണ്ടിലെ ചര്‍ച്ച് ഓഫ് മിഷണറീസിന്റെ നേതൃത്വത്തില്‍ ഒരു സരസ്വതീക്ഷേത്രം ആരംഭിക്കുന്നതിന് ആവശ്യമായ അനുമതിയും, സഹായങ്ങളും നല്‍കിയത്. കോളേജിനുള്ള സ്ഥലവും, കെട്ടിട നിര്‍മാണത്തിനാവശ്യമായ മുഴുവന്‍ തടികളും, പ്രാരംഭ ചെലവുകള്‍ക്കായി 500 രൂപയും(ഇന്ന് കോടികള്‍ വിലമതിക്കും) റാണി ഗൗരി ലക്ഷ്മീഭായി നല്കുകയുണ്ടായി. 1813 ഫെബ്രുവരി 18 ന് നിര്‍മാണം ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ എതാനും വര്‍ഷങ്ങള്‍ വേണ്ടിവന്നു.
1800 ജൂലൈ നാലിന് കൊല്‍ക്കത്തയില്‍ ഗവര്‍ണ്ണര്‍ ജനറല്‍ വെല്ലസ്ലി പ്രഭുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഫോര്‍ട്ട് വില്യം കോളേജ് കഴിഞ്ഞാല്‍ പിന്നീട് തുടക്കം കുറിക്കുന്ന ശ്രദ്ധേയമായ കലാലയമാണ് സിഎംഎസ് കോളേജ്. ഈ വിദ്യാഭ്യാസ സ്ഥാപനം ഉടലെടുക്കുന്നതിനിടയില് കൊല്‍ക്കത്തയില്‍ തന്നെ 1817ല്‍ ഒരു ഹിന്ദു കോളജും നിലവില്‍ വന്നു.
ഇന്നത്തെ കേരളത്തെ സംബന്ധിച്ചിടത്തോളം ഇംഗ്ലണ്ടിലെ ചര്‍ച്ച് ഓഫ് മിഷനറീസി (സിഎംഎസ്)ന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച കോട്ടയം സിഎംഎസ് കോളേജ് തന്നെയാണ് ഇവിടുത്തെ വിദ്യാഭ്യാസ മേഖലയില്‍ കാതലായ പരിവര്‍ത്തനത്തിന് തുടക്കമിട്ടത്. മലയാള മണ്ണിലെ കലാലയ മുത്തശ്ശിയാണ് ഈ സ്ഥാപനം. അക്ഷരങ്ങളിലൂടെ സ്വന്തം ഇടംകണ്ടെത്തിയ എണ്ണിയാലൊടുങ്ങാത്ത പ്രതിഭകളുടെ സങ്കേതമാണ് ഇവിടം. മലയാള സിനിമയ്ക്ക് ചായക്കൂട്ടുകളില്ലാത്ത, കൃത്രിമത്വമില്ലാത്ത കോളേജ് കാമ്പസിന്റെ അന്തരീക്ഷം പകര്‍ന്നു നല്കിയതും സിഎംഎസ് മാത്രമാണ്. ഇന്ന് പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തില്‍ സിഎംഎസ് കോളേജിന്റെ ഭാഗമായി മാറുകയെന്നത് ഓരോ പഠിതാവിന്റെയും സ്വപ്നമാണ്.
ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിലായിരുന്നു ഈ കലാലയത്തിന്റെയും തുടക്കം. അധ്യാപകരും വിദ്യാര്‍ത്ഥികളും ഇവിടെ താമസിച്ചാണ് ആദ്യകാലങ്ങളില്‍ പഠനം നടത്തിയിരുന്നത്. പിന്നീട് വിദ്യാഭ്യാസരംഗത്തുണ്ടയ പരിഷ്കാരങ്ങളിലൂടെ ഇതിനു മാറ്റം വന്നു. എങ്കിലും കോളേജ് കാമ്പസിനുള്ളില്‍ തന്നെയാണ് പ്രഥമാധ്യാപകനായ പ്രിന്‍സിപ്പലിന്റെ വാസം. ആദ്യ പ്രിന്‍സിപ്പലായിരുന്ന ബെഞ്ചമിന്‍ ബെയ്ലിയില്‍ തുടങ്ങി 27-ാം പിന്മുറക്കാരനായ ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ഡാനിയേല്‍ വരെ ഈ പതിവ് തെറ്റിച്ചിട്ടില്ല. ഇതും സിഎംഎസിനെ സംബന്ധിച്ചിടത്തോളം അപൂര്‍വ്വം തന്നെ. 1818ലാണ് കാമ്പസിനുള്ളല് തന്നെ പ്രിന്‍സിപ്പല്‍ ബംഗ്ലാവ് പൗരാണിക ഭംഗിയില്‍ പണികഴിക്കപ്പെട്ടത്. ഇതിന് ഏഴായിരത്തോളം ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. പ്രധാന ഒത്തുചേരലുകള്‍ക്കായി 1892ല്‍ നിര്‍മ്മിക്കപ്പെട്ട ഗ്രേറ്റ് ഹാളും ചരിത്രത്തിലിടം നേടിയതാണ്.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മിഷണറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ കോളേജും സ്ഥാപിതമായത്. അതുകൊണ്ടുതന്നെ തുടക്കം വൈദികപഠനത്തിലായിരുന്നു. എന്നാല്‍ മണ്‍റോയുടെ താല്പര്യം ഉയര്ന്നതലങ്ങളിലേക്കെത്തുന്ന വിശാലവിദ്യാഭ്യാസമായിരുന്നു. അതുകൊണ്ടുതന്നെ അധികം താമസിയാതെ കേണല്‍ മണ്‍റോ ആവശ്യപ്പെട്ടതനുസരിച്ച് സിഎംഎസ് കോളജിന്റെ ആദ്യ പ്രിന്‍സിപ്പലായി ഇംഗ്ലണ്ടില്‍ നിന്നും റവ. ബെഞ്ചമിന്‍ ബെയ്ലി എന്ന 25 കാരനെത്തി.
1817 മാര്‍ച്ച് 25നാണ് അദ്ദേഹം ചുമതലയേറ്റത്. ലോകോത്തര നിലവാരമുള്ള പഠനത്തിനായിരുന്നു അദ്ദേഹം തുടക്കമിട്ടത്. തിരുവിതാംകൂറിലെ വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലുള്ള കരിക്കുലവുമായാണ് ബെയ്ലി സിഎംഎസിന്റെ സാരഥ്യം ഏറ്റെടുത്തത്. ഇവിടെ പഠിപ്പിക്കാനെത്തിയ അധ്യാപകരില്‍ ഏറെപ്പേരും കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ഉന്നതപഠനം കഴിഞ്ഞവരായിരുന്നു. ലാറ്റിന്‍, ഗ്രീക്ക്, ഹിബ്രു, ഗണിതശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, ഇംഗ്ലീഷ്, മലയാളം, സംസ്കൃതം, സുറിയാനി എന്നീ ഭാഷകളുള്‍പ്പെടുന്ന കരിക്കുലമായിരുന്നു ഇവിടെ നടപ്പാക്കപ്പെട്ടിരുന്നത്. സംസ്കൃതവും മലയാളവും തദ്ദേശീയരായ പണ്ഡിതന്മാരാണ് കൈകാര്യം ചെയ്തിരുന്നത്. ഹിബ്രുവും ഗ്രീക്കും പഠിപ്പിച്ചിരുന്നത് യഹൂദ പണ്ഡിതനായിരുന്നു. കേംബ്രിഡ്ജ് മോഡല്‍ ഇംഗ്ലീഷ് ക്ലാസുകള്‍ കൈകാര്യം ചെയ്തത് ബെയ്ലി തന്നെ. പേപ്പര്‍ ഇല്ലാതിരുന്ന കാലമായതിനാല്‍ നാരായം കൊണ്ട് എഴുത്തോലയിലെഴുതിയായിരുന്നു ആദ്യകാല പഠനം. പിന്നീട് കടലാസും, തൂവല്‍കൊണ്ടുള്ള പേനയിലുമായി എഴുത്ത്. ഗുരുകുല സമ്പ്രദായമായതിനാല്‍ ആണ്‍കുട്ടികള്‍ക്കു മാത്രമായിരുന്നു ഇവിടെ പ്രവേശനം നല്കപ്പെട്ടിരുന്നത്.
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്തിരുന്ന ബെയ്ലി ഭൂമിശാസ്ത്രം, ഗണിതശാസ്ത്രം എന്നിവക്കു പുറമെ മലയാളഭാഷ പഠിച്ച് കോളേജിലെ ഈ വിഭാഗത്തിന്റെ തലവനായതും ചരിത്രം. ചതുര വടിവിലായിരുന്ന മലയാള അക്ഷരങ്ങളെ ഇന്നത്തെ നിലയില്‍ വളവുള്ള അക്ഷരങ്ങളാക്കി മാറ്റിയതും, കേരളത്തിലെ ആദ്യ അച്ചടി യന്ത്രത്തിന് രൂപം കൊടുത്തതും ബെയ്ലിയാണ്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള അച്ചടികള്‍ പോലും ആദ്യകാലങ്ങളില്‍ നിര്‍വ്വഹിക്കപ്പെട്ടത് കോളേജില്‍ സ്ഥാപിതമായ യന്ത്രത്തിലൂടെയാണ്. ബെയ്ലി പ്രസ്സ് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. പിന്നീട് നവീന അച്ചടിയന്ത്രത്തിലേക്ക് ഇത് മാറ്റപ്പെട്ടു. ബെയ്ലി രൂപം നല്കിയ അച്ചടിയന്ത്രം ഇന്നും സിഎംഎസില്‍ സംരക്ഷിക്കപ്പെടുന്നു. സിഎംഎസ് കോളേജിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞ് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന സ്വാതി തിരുനാള്‍ കോട്ടയത്തെത്തി കോളേജിന്റെ പ്രവര്‍ത്തനങ്ങളും അച്ചടി യന്ത്രത്തിന്റെ മികവും വിലയിരുത്തുകയുണ്ടായതായി ചരിത്രം രേഖപ്പെടുത്തുന്നു.
പഠിക്കാന്‍ താല്‍പ്പര്യമുള്ള പെണ്‍കുട്ടികളെ അക്കാലത്ത് പ്രിന്‍സിപ്പല്‍മാരുടെ ഭാര്യമാര്‍ തങ്ങളുടെ ബംഗ്ലാവില്‍ വിളിച്ചുവരുത്തി വിദ്യാഭ്യാസം നല്‍കിയിരുന്നു. തുടര്‍ന്ന് 1913 മുതല്‍ പെണ്‍കുട്ടികള്‍ക്കും കോളജില്‍ പ്രവേശനം നല്‍കിത്തുടങ്ങി.
മദ്രാസ് യൂണിവേഴ്സിറ്റിയിലായിരുന്നു ആദ്യകാലങ്ങളില്‍ സിഎംഎസ് കോളേജ് അഫിലിയേറ്റ് ചെയ്യപ്പെട്ടിരുന്നത്. പിന്നീട് 1937ല്‍ ട്രാവന്‍കൂര്‍ യൂണിവേഴ്സിറ്റിയുടെ കീഴിലായി. 1957 മുതല്‍ കേരള യൂണിവേഴ്സിറ്റിയിലായി അഫിലിയേഷന്. കോട്ടയത്ത് മഹാത്മാഗാന്ധി സര്‍വ്വകലാശാല രൂപീകൃതമായതോടെ 1983 മുതല്‍ എംജി സര്വ്വകലാശാലക്കൊപ്പമാണ്. ഇംഗ്ലണ്ടിലെ ചര്‍ച്ച് മിഷണറീസ് സൊസൈറ്റി കോളേജിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്തത് സിഎസ്ഐ മദ്ധ്യകേരള സഭയ്ക്കാണ്. ഇപ്പോള്‍ കോട്ടയം കേന്ദ്രആസ്ഥാനമായുള്ള സിഎസ്ഐ സഭയാണ് ഭരണനിര്‍വ്വഹണം നടത്തിവരുന്നത്.
പൗരാണികതയുടെ ശോഭ മങ്ങാത്ത ഈ സരസ്വതീക്ഷേത്രത്തില്‍ നിന്നും വിദ്യയുടെ മാധുര്യം നുകര്‍ന്ന് ജീവിതത്തിന്റെ ഉന്നതതലങ്ങളിലെത്തിയവര് നിരവധിയാണ്. ഇതില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേലകളിലും, ആത്മീയതലങ്ങളിലുമുള്ളവര് ഉള്‍പ്പെടും. മുന്‍ രാഷ്ട്രപതി കെ. ആര്. നാരായണന്, സര്‍ദാര്‍ കെ. എം. പണിക്കര്‍, നയതന്ത്രരംഗത്തെ ബഹുമുഖപ്രതിഭ കെ.പി.എസ്. മേനോന്, ഡോ. ഇ.സി.ജി. സുദര്ശന്, സ്വാതന്ത്ര്യ സമരസേനാനി കെ. മാധവന് നായര്‍, ജസ്റ്റിസ് കെ. ടി. തോമസ്, പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ്മ, ഓംചേരി, ടി. എം. വര്‍ഗീസ്, ജോണ്‍ മത്തായി മലയാള സിനിമയുടെയും സാഹിത്യത്തിന്റെയും മുതല്‍ക്കൂട്ടായ ജി. അരവിന്ദന്, എന്‍.എന്‍. പിള്ള, ജോണ്‍ എബ്രഹാം, കടമ്മനിട്ട രാമകൃഷ്ണന്, കാവാലം നാരായണപ്പണിക്കര്‍, ജയരാജ് രാഷ്ട്രീയ രംഗത്തുനിന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ. സുരേഷ്കുറുപ്പ് ആത്മീയഔന്നത്യങ്ങളിലെത്തിയ ബസേലിയോസ് ദ്വിതീയന്‍ കാതോലിക്ക ബാവ, ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്ക, ഡോ. എബ്രഹാം മാള്ത്തോമ്മ മെത്രാപ്പോലീത്ത, ബിഷപ്പ് മൈക്കിള്‍ കോണ്‍, ബിഷപ്പ് ജോണ്‍ സാമുവല്‍, ബിഷപ്പ് ടി. ബി. ബഞ്ചമിന് തുടങ്ങിയവര്‍ സിഎംഎസിന്റെ സംഭാവനകളില്‍ ഉള്‍പ്പെടുന്ന ചിലര്‍മാത്രം.
ദ്വിശതാബ്ദിയിലും വിദ്യാഭ്യാസരംഗത്തെ മികവുറ്റ മേഖലകളിലേക്ക് ചിറകുവിടര്ത്തുവാനുള്ള തയാറെടുപ്പിലാണ് സിഎംഎസ് കോളേജും അതിന് നേതൃത്വം നല്‍കുന്നവരും. അക്കാദമിക്-നോണ്‍ അക്കാദമിക് രംഗത്ത് കൂടുതല്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനായി വിവിധോദ്ദേശ പദ്ധതികളാണ് ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: