കുട്ടനാട്: എസി റോഡിനു ഇരുവശവും ചേര്‍ന്നുള്ള വാഹനങ്ങളുടെ അനധികൃതപാര്‍ക്കിങ് അപകടങ്ങള്‍ക്കു ഇടയാക്കുന്നു. ഗതാഗതനിയമങ്ങള്‍ കാറ്റില്‍പറത്തി ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നില്ല. വാഹനങ്ങളുടെ അമിതവേഗതയ്ക്കൊപ്പം അനധികൃതപാര്ക്കിങും വര്‍ധിച്ചതോടെ അപകടങ്ങളുടെ യഥാര്‍ഥ കണക്ക് എത്രയെന്ന് അധികൃതര്‍ക്കുപോലും തിട്ടപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഏറ്റവും തിരക്കേറിയ പൂപ്പള്ളി, നെടുമുടി, മങ്കൊമ്പ,് പള്ളിക്കുട്ടുമ്മ, രാമങ്കരി, കിടങ്ങറ എന്നീ തിരക്കേറിയ ജങ്ഷനുകളിലാണ് ഇത്തരത്തിലുള്ള പാര്‍ക്കിങ് വര്‍ധിക്കുന്നത്.
ഇതിനുപുറമെ ബാങ്കുകള്‍, എടിഎം കേന്ദ്രങ്ങള്‍, ആശുപത്രികള്‍, വന്‍കിട വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മുമ്പിലും റോഡിന്റെ ഇരുവശവും അടച്ചുള്ള പാര്‍ക്കിങ് മറ്റു വാഹനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് പലപ്പോഴും റോഡില്‍ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. രാത്രിയിലും പുലര്‍ച്ചെയും ഏറെ വാഹനത്തിരക്ക് അനുഭവപ്പെടുന്ന വൈകുന്നേരങ്ങളിലുമാണ് ഇവിടെ അനധികൃത വാഹനപാര്‍ക്കിങ് സാധാരണയായി കാണുന്നത്. സാധാരണ പോലീസിനു പുറമെ ഹൈവേ പോലീസും മോട്ടോര്‍ വാഹന വകുപ്പും പട്രോളിങ് നടത്തുന്നുണ്ടെങ്കിലും ഇത്തരം നിയമലംഘനങ്ങള്‍ ഇവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: