ന്യൂദല്‍ഹി: പാര്‍ട്ടിയുടെ പരമോന്നത സമിതിയായ കേന്ദ്രകമ്മറ്റി പച്ചക്കൊടി കാട്ടിയതോടെ സിപിഎമ്മും കോണ്‍ഗ്രസും പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ്വിഭജനചര്ച്ചകള്ക്കൊരുങ്ങുന്നു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിടാനാണ് ഇരുപാര്‍ട്ടികളും ആലോചിക്കുന്നത്. 100 സീറ്റുകളിലെങ്കിലും മത്സരിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെങ്കിലും 80 മുതല്‍ 85 വരെ സീറ്റുകള്‍ നല്‍കാമെന്ന നിലപാടിലാണ് സിപിഎം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്ന കോണ്‍ഗ്രസ് ആകെയുള്ള 294 സീറ്റിന്റെ മൂന്നിലൊന്ന് സീറ്റുകളില്‍ മത്സരിച്ചിരുന്നു. 42 സീറ്റുകളില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. സിപിഎം നേതൃത്വം നല്കുന്ന ഇടതുമുന്നണി ജയിച്ചത് 62 സീറ്റിലും. 100 സീറ്റുതന്നെ ആവശ്യപ്പെടാനാണ് കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ കോണ്‍ഗ്രസിന്റെ ആവശ്യം അതേപടി അംഗീകരിക്കേണ്ടന്ന അഭിപ്രായത്തിനാണ് സിപിഎമ്മില്‍ മുന്‍തൂക്കം. സീറ്റ് വിഭജനത്തെക്കുറിച്ച് തീരുമാനിക്കാന്‍ ഉടന്‍തന്നെ മുന്നണിയിലെ ഘടകകക്ഷികളായ ഇടതുപാര്‍ട്ടികള്‍ യോഗം ചേരും.
കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാന കമ്മറ്റിയാണ് തീരുമാനിക്കുകയെന്നും സീറ്റ്വിഭജനത്തെക്കുറിച്ച് ഇപ്പോഴേ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമാണ് കേന്ദ്രകമ്മറ്റി യോഗത്തിനുശേഷം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയത്. ഇക്കാര്യങ്ങള്‍ സംസ്ഥാനകമ്മറ്റി തീരുമാനിച്ചാല്‍ പൊളിറ്റ് ബ്യൂറോ അംഗീകരിക്കും. എന്നാല്‍ സഖ്യത്തിലെത്തിച്ചേരാന്‍ കഴിഞ്ഞതിന്റെ ആവേശത്തില്‍ സീറ്റ് വിഭജനം അധികം വൈകിക്കേണ്ടതില്ലെന്ന മനോഭാവത്തിലാണ് സിപിഎം സംസ്ഥാന നേതൃത്വവും കോണ്‍ഗ്രസ് നേതാക്കളും.
കോണ്‍ഗ്രസുമായി സഖ്യമില്ലെന്നും പ്രാദേശികതലത്തില്‍ നീക്കുപോക്ക് മാത്രമാണ് ഉണ്ടാക്കുകയെന്നും സിപിഎം നേതൃത്വം അവകാശപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനാടിസ്ഥാനത്തില്‍തന്നെ സീറ്റ് വിഭജനചര്‍ച്ചകള്‍ക്ക് ഇരുപാര്‍ട്ടികളും ഒരുക്കം തുടങ്ങിയതോടെ ഈ അവകാശവാദം പൊളിയുകയാണ്. നീക്കുപോക്കല്ല, സഖ്യംതന്നെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ളതെന്ന് വ്യക്തമാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: