കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ ഫോണ്‍ വിളികള്‍ സംബന്ധിച്ച് സേവനദാതാവില്‍ നിന്ന് ശേഖരിച്ച വിവരങ്ങളടങ്ങിയ ഇമെയില്‍ താന്‍ നശിപ്പിച്ചതായി ഐജി ടി ജെ ജോസ്. സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന് കമ്മീഷനില്‍ മൊഴി നല്‍കുകയായിരുന്നു അദ്ദേഹം. നശിപ്പിക്കപ്പെട്ട ഇമെയില്‍ സാങ്കേതിക വിദഗ്ധര്‍ക്ക് കംപ്യൂട്ടറില്‍ നിന്ന് വീണ്ടെുക്കാനാകുമെന്നാണ് കരുതുന്നതെന്നും മുന്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഐജിയായിരുന്ന ജോസ് പറഞ്ഞു.
താന്‍ അന്വേഷിച്ച കേസിലേക്ക് സരിതയുടെ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് പ്രയോജനകരായ തെളിവൊന്നും കിട്ടാത്ത സാഹചര്യത്തിലാണ് ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചത്. 2013 ജനുവരി ഒന്ന് മുതല്‍ 2014 ഫെബ്രുവരി 17 വരെ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഐജിയായിരിക്കേയാണ് സൈബര്‍ സെല്‍ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്.
ചില മന്ത്രിമാരെ അപകീര്‍ത്തിപ്പെടുത്തി ചിലരുടെ ഫോണ്‍ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നതോടെയാണ് സൈബര്‍ പോലിസ് സ്റ്റേഷനില്‍ ഐടി ആക്ടനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിനിടെ കിട്ടിയ നാല് ഫോണ്‍ നമ്പറുകളുടെ വിവരങ്ങള്‍ സേവനദാതാക്കളോട് ആവശ്യപ്പെട്ടു.
2013 ജൂണ്‍ 15, 19 തീയതികളിലായി ഫോണ്‍ വിവരങ്ങള്‍ കിട്ടിയതായാണ് ഓര്‍മയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ജൂണ്‍ 26നാണെന്ന് കമ്മീഷന് അഭിഭാഷകന് അഡ്വ. സി ഹരികുമാര്‍ വ്യക്തമാക്കിയപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്ത തീയതി കൃത്യമായി ഓര്‍മയില്ലെന്നായിരുന്നു മറുപടി.
സേവനദാതാക്കള്‍ തന്ന ഇമെയില്‍ സൈബര്‍ പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറിലാണ് പരിശോധിച്ചത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ താനന്വേഷിക്കുന്ന നമ്പറുകള്‍ സരിതയുടേതാണെന്നറിയില്ലായിരുന്നു. പിന്നീടാണ് അത് ലക്ഷ്മി നായരുടേതാണെന്ന് മനസ്സിലായത്. അതിനുശേഷമാണ് പ്രയോജനമില്ലാത്തതിനാല്‍ രേഖകള്‍ നശിപ്പിച്ചത്.
സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ലഭിക്കുന്നുണ്ട്. ഇതില്‍ കേസിന് ആവശ്യമില്ലെന്ന് തോന്നുന്ന വിവരങ്ങള്‍ ഉപേക്ഷിക്കും. സേവനദാതാവു വഴി സൈബര്‍ സെല്ലില്‍ നിന്ന് തനിക്ക് ലഭിച്ച ഫോണ്‍ വിവരങ്ങള്‍ സൈബര്‍ സെല്ലില്‍ നിന്നോ തന്റെ കയ്യില്‍ നിന്നോ മറ്റാര്‍ക്കും നല്‍കിയിട്ടില്ല. സരിതയുടെ ഫോണ്രേഖകളെക്കുറിച്ച് സ്വകാര്യചാനലുകളില്‍ വന്ന വാര്‍ത്തകള്‍ക്ക് താനുമായി ബന്ധമില്ല.
ഫോണ്‍ രേഖകള്‍ നശിപ്പിക്കാന്‍ തീരുമാനിച്ചതും നശിപ്പിച്ചതും എന്നാണെന്നും ഓര്‍മയില്ല. ഫോണ്‍രേഖകള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ മുന്‍ ഇന്‍ലിജന്‍സ് എഡിജിപി ആയിരുന്ന ടി പി സെന്‍കുമാര്‍ തന്നെ വിളിക്കുകയോ ചോദ്യംചെയ്യുകയോ ചെയ്തിട്ടില്ല. അതേസമയം മുന്‍ ക്രൈം എഡിജിപി വിന്‍സണ്‍ എം പോള്‍ തന്നോട് വിശദീകരണം ചോദിക്കുകയും അതിന് മുറപടി നല്‍കുകയും ചെയ്തിട്ടുണ്ടെന്നും ജോസ് പറഞ്ഞു.
സൈബര്‍ സെല്ലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ശേഖരിച്ച ഫോണ്‍ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ടായിരുന്നു ഐജിയെ കമ്മീഷന് വിളിച്ചുവരുത്തിയത്.
കമ്മീഷന് അയച്ച നോട്ടീസില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിരുന്നു. ഇക്കാര്യമറിയാമായിരുന്നുവെങ്കിലും ഇതുസംബന്ധിച്ച കേസ് ഡയറി പരിശോധിക്കണമെന്ന് തനിക്ക് തോന്നിയില്ലെന്നു പറഞ്ഞ ജോസ് അഭിഭാഷകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഓര്‍മ്മയില്ല, മറന്നുപോയി തുടങ്ങിയ ഉത്തരങ്ങളാണ് നല്‍കിയത്.
അതിനിടെ ശാരീരിക അസ്വാസ്ഥ്യം മൂലം സരിത തിങ്കളാഴ്ചയും കമ്മീഷനില്‍ ഹാജരായില്ല. സരിത 24നും ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറണ്ടടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷന് വ്യക്തമാക്കി. സരിതയ്ക്ക് ഹാജരാകാന്‍ രണ്ടു ദിവസം കൂടി നീട്ടി അനുവദിക്കണമെന്ന അഭിഭാഷകന് സി ഡി ജോണിയുടെ അഭ്യര്‍ത്ഥന കമ്മീഷന് തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: