നേപ്പിയര്‍ മ്യൂസിയത്തിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പുരാവസ്തുക്കള്‍
പശാന്ത് ആര്യ
തിരുവനന്തപുരം:തലസ്ഥാനത്തിന്റെ തിലകക്കുറിയായ നേപ്പിയര്‍ മ്യൂസിയം പുനരുദ്ധരിച്ച് പുരാവസ്തുക്കള്‍ സംരക്ഷിക്കാന്‍ ബൃഹദ് പദ്ധതി തയ്യാറാകുന്നു. പ്രാചീന ചരിത്രത്തിലേക്ക് വെളിച്ചം വീശാനുതകുന്ന അനേകം പൈതൃക സമ്പത്തുകള്‍ ഈ മ്യൂസിയത്തിലുണ്ട്. കാലപ്പഴക്കം മൂലം കേടുപാടുകളുണ്ടായി അവ നശിച്ചു പോകാതിരിക്കാനാണ് വിദേശ പങ്കാളിത്തമുള്ള ബൃഹദ് സംരംഭവുമായി മ്യൂസിയം അധികൃതര്‍ മുന്നോട്ടുപോകാന്‍ തയ്യാറെടുക്കുന്നത്. നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ തലവനും പ്രൊഫസറുമായ ഡോ വേലായുധന്‍നായരെ മുഖ്യ ഉപദേഷ്ടാവാക്കി സര്‍ക്കാര്‍ നിയോഗിച്ച നാലംഗംങ്ങളടങ്ങുന്ന എക്‌സ്‌പെര്‍ട്ട് കമ്മറ്റിയാണ് നേപ്പിയര്‍ മ്യൂസിയത്തിന്റെ പുനരുദ്ധാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.
ലോകപ്രശസ്ത പുരാവസ്തു സംരക്ഷകയും വിയന്നയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സര്‍വേഷന്‍ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് ആര്‍ട്‌സ് വിഭാഗം മേധാവി ഡോ ഗബ്രിയേല്‍ ക്രിസ്റ്റ്, ന്യൂയോര്‍ക്ക് കണ്‍സര്‍വേഷന്‍ സെന്റര്‍ പ്രസിഡന്റ് ജോണ്‍ സ്‌കോട്ട്, ലഖ്‌നൗവിലെ നാഷണല്‍ റിസര്‍ച്ച് ലബോറട്ടറി ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് കള്‍ച്ച് പ്രോപ്പര്‍ട്ടി ഡയറക്ടറും പ്രോജക്ട് ഓഫീസറുമായ ബി.വി. ഖാര്‍ബഡെ എന്നിവരാണ് മറ്റ് അംഗങ്ങള്‍. പദ്ധതിക്ക് കേന്ദ്രസഹായവും ലഭ്യമാക്കുമെന്ന് ബി.വി. ഖാര്‍ബഡെ പറഞ്ഞു. പുതിയ മ്യൂസിയം നിര്‍മിക്കാന്‍ കേന്ദ്രം പത്തുകോടി രൂപയാണ് നല്‍കുക. നിലവിലെ മ്യൂസിയം പുനരുദ്ധരിക്കാന്‍ അഞ്ചുകോടി നല്‍കും. ഈ ഗ്രാന്റ് തീര്‍ച്ചയായും പ്രതീക്ഷിക്കാം ഖാര്‍ബഡെ വ്യക്തമാക്കി. ഒന്ന്, എട്ട്, പന്ത്രണ്ട് നൂറ്റാണ്ടുകളിലെ പുരാവസ്തുക്കള്‍ നേപ്പിയര്‍ മ്യൂസിയത്തില്‍ സംരക്ഷിച്ചിട്ടുണ്ടെന്ന് ഡോ വേലായുധന്‍നായര്‍ പറഞ്ഞു. 500 ലധികം വിവിധയിനം പുരാവസ്തുക്കളാണ് ഇവിടെയുള്ളത്. ഇതില്‍ അയ്യായിരത്തിലധികം നാണയങ്ങളും പെടും. 50 ഓളം പ്രാചീന തുണിത്തരങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മ്യൂസിയത്തിന്റെ പുനരുദ്ധാരണം മാത്രമല്ല ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പുരാവസ്തുക്കള്‍ സംരക്ഷിക്കാനുള്ള വിശദമായ പദ്ധതിയും ഈ കമ്മറ്റി പഠിച്ച് തയ്യാറാക്കുമെന്ന് ഗബ്രിയേല്‍ ക്രിസ്റ്റ് പറഞ്ഞു. പുരാവസ്തുക്കളുടെ ചിത്രങ്ങള്‍ സഹിതം വിശദവിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിച്ച ശേഷമായിരിക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. അന്തരീക്ഷ മര്‍ദ്ദം, താപനില, വെളിച്ചം എന്നിവയും പൂപ്പല്‍ ബാധിക്കാനുള്ള സാധ്യതകളെ കുറിച്ചും വിശദമായി പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും. ശേഖരിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ടാക്കി എക്‌സ്‌പെര്‍ട്ട് കമ്മറ്റിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു.
നിലവിലെ പുരാവസ്തുക്കളുടെ അവസ്ഥ മികച്ചതാണെന്ന് ജോണ്‍ സ്‌കോട്ട് പറഞ്ഞു. അവ നന്നായി സംരക്ഷിച്ചിട്ടുണ്ട്. എന്നാല്‍ കാലവസ്ഥയുടെയും മാറുന്ന സാഹചര്യങ്ങളുടെയും വെല്ലുവിളി വലുതാണ്. മ്യൂസിയം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ മാതൃകയിലുള്ള കെട്ടിടം കേടുപാടുകള്‍ തീര്‍ത്താല്‍ മതിയാകും. പ്രത്യേകിച്ചും മേല്‍ക്കൂരയുടെ. പക്ഷേ പുരാവസ്തുക്കള്‍ ആധുനിക സംവിധാനത്തില്‍ സംരക്ഷിക്കാനുള്ള ജോലി എപ്പോള്‍ തീരുമെന്ന് പറയാനാകില്ല. ഇവിടുത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇവിടെയുള്ള ജോലിക്കാരെയും ശില്‍പ്പ വിദഗ്ധരെയും ഉപയോഗിച്ചാണ് ജോലികള്‍ പൂര്‍ത്തീകരിക്കേണ്ടത്. കൈവശമുള്ള പുരാവസ്തുക്കളുടെ 20 ശതമാനം മാത്രമേ പ്രദര്‍ശിപ്പിക്കാവൂ. ബാക്കി 80 ശതമാനവും ശേഖരണത്തില്‍ സൂക്ഷിക്കേണ്ടതാണ്. കാലാവധി വച്ച് 20 ശതമാനം മാറ്റി മാറ്റി പ്രദര്‍ശിപ്പിക്കണം. എന്നാല്‍ ഇന്ത്യയില്‍ ഈ രീതി പിന്തുടരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നേപ്പിയര്‍ മ്യൂസിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് മ്യൂസിയം ഡയറക്ടറുടെ ഓഫീസില്‍ നാലുദിവസങ്ങളായി നടന്നുവന്ന അന്താരാഷ്‌ട്ര ശില്‍പ്പശാല ഇന്നലെ സമാപിച്ചു. ശില്‍പ്പശാല ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് മ്യൂസിയംസ്, അമേരിക്കയിലെ ന്യൂയോര്‍ക്ക് കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍, വിയന്നയിലെ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് ആര്‍ട്‌സിന് കീഴിലുള്ളഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സര്‍വേഷന്‍ എന്നിവര്‍ സംയുക്തമായാണ് സംഘടിപ്പിച്ചത്. നവീകരണം വിശദമാക്കുന്ന ചടങ്ങില്‍ മ്യൂസിയം ഡയറക്ടര്‍ കെ. ഗംഗാധരനും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: