ദൈവത്തിന്റെ വചനമാണ് ജ്ഞാനം. ഇതു തെളിഞ്ഞു കിട്ടുമ്പോള്‍ ആത്മാവായി. ഈ സ്നേഹാത്മാവിനെ വെറുക്കുന്നതാകുന്നു ലോകത്തിന്റെ പാപം. ഞാന്‍ സഹോദരന്റെ ആത്മാവിനെ ശുദ്ധീകരിച്ച് കുടിച്ചു സുഖിച്ച് ആനന്ദിക്കുന്നു. അവര്‍ എന്നെയും അങ്ങനെ തന്നെ. നിന്റെ ആത്മാവിന്റെ അജ്ഞതയുടെ കൂടുതല്‍ കൊണ്ട് സഹോദരനെ ഓടിക്കുന്നു. ആത്മാവ് ശുദ്ധീകൃതമായാല് ദൈവവചനമല്ലയോ. ദൈവത്തിന്റെ വചനം തേനിനേക്കാളും തേന്‍കട്ടയെക്കാളും മധുരമാകുന്നു. ആദിയന്താനന്ദമെന്ന ആത്മാവു നമ്മില്‍ തെളിഞ്ഞു കിട്ടിയ അറിവാണ്. അതാതു സൃഷ്ടികാലത്തു നമ്മില്‍ വച്ച ആത്മാവ്. ആത്മാവ് നിന്നില്‍ നില്ക്കുന്ന അറിവാണ്. അതിന്റെ കയ്പു മാറ്റിയാല്‍ ഉടന്‍ മധുരവും ആനന്ദവുമാണ്. ഈ അറിവിന്റെ പ്രവൃത്തിയാണ് സൃഷ്ടിയും സ്ഥിതിയും സംഹാരവും. ഈ ബോധമാണ് ഉള്ളില്‍ നിന്നു ആനന്ദമാടുന്നത്. മനുഷ്യന് മനനം ചെയ്ത് ആത്മാവിനെ അറിവിനാല്‍ കണ്ടു പിടിച്ച് അതിനെ കര്‍മ്മത്തില്‍ വരുത്തി ആനന്ദിക്കുകയാണ് ധര്‍മ്മം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: