അടിമാലി: കിഡ്നി മാറ്റി ലഭിച്ചെങ്കിലും സനി റോയിയെ ഭാഗ്യം തുണച്ചില്ല. കൊന്നത്തടി മുക്കുടം ഇഞ്ചപ്പതാല്‍ കാക്കനാട്ട് റോയിയുടെ ഭാര്യ സനി (45) ആണ് വൃക്ക മാറ്റിവച്ചതുമായി ബന്ധപ്പെട്ട ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചത്. സനി ഉള്‍പ്പടെ രണ്ടു യുവതികളുടെ വൃക്കകള്‍ മാറ്റുന്നതിന് നാലുപേരുടെ ഓപ്പറേഷനാണ് കഴിഞ്ഞ ഒക്ടോബര്‍ 13-ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നടന്നത്. സനിയുടെ ഭര്‍ത്താവ് റോയിയുടെ വൃക്ക തൃശൂര്‍ ഇരവിപുരം ഉഴംപള്ളത്ത് നീതു ചന്ദ്രന് (24) നല്കി. പകരമായി നീതുവിന്റെ മാതാവ് രത്നമണി ചന്ദ്രന്റെ വൃക്കയെടുത്ത് സനി റോയിക്കും നല്‍കുകയായിരുന്നു. കിഡ്നി ഫൗണ്ടേഷന് ചെയര്മാന് ഫാ. ഡേവീസ് ചിറമേല്‍ ഇരുവരുടെയും കുടുംബവുമായി ബന്ധപ്പെട്ട് വൃക്ക മാറ്റിവയ്ക്കുന്ന കാര്യത്തില്‍ നടത്തിയ ആലോചനകളിലാണു വൃക്കകള്‍ കൈമാറാന്‍ ഇരുകുടുംബവും തയ്യാറായത്. ഇരുകുടുംബങ്ങളും സാമ്പത്തികമായി വളരെ പിന്നോക്കമായിരുന്നു. കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ അംഗങ്ങളുടെയും നേതൃത്വത്തില്‍ പതിനഞ്ചു ലക്ഷത്തില്‍പരം രൂപ പിരിച്ചെടുത്തിരുന്നു. സനിയുടെ ഓപ്പറേഷന് ആവശ്യമായ തുക കഴിച്ച് ബാക്കിയുള്ള അഞ്ചുലക്ഷത്തില്പരം രൂപ നീതുവിന്റെ ഓപ്പറേഷനും നല്‍കിയാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ഓപ്പറേഷന് കഴിഞ്ഞ് തുടര്‍ ചികിത്സക്കായി എറണാകുളത്ത് വീടെടുത്ത് താമസിക്കുകയായിരുന്നു സനിയും കുടുംബവും. ഇടയ്ക്ക് മുക്കുടത്ത് എത്തിയെങ്കിലും ഏതാനും ദിവസങ്ങള്‍ക്കകം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ ഉച്ചയോടെ മരിച്ചു. സനി കോതമംഗലം തലക്കോട് ചേമ്പംവേലി കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുക്കുടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും.മൂത്ത മകള്‍ മിലിയ എറണാകുളം സെന്റ് സേവിയേഴ്സ് കോളേജിലെ ബി.ബി.എ. വിദ്യാര്‍ത്ഥിനിയാണ്. ഇളയ മകന് മിലന് മുക്കുടം ഗവ. ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: