സ്മാര്‍ട്ട് സിറ്റി പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, യു.എ.ഇ മന്ത്രിയും ദുബായ് ഹോള്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, ദുബായ് ഹോള്‍ഡിങ് വൈസ് ചെയര്മാന് അഹമ്മദ് ബിന്‍ ബയാത്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനംചെയ്യുന്നു
കൊച്ചി: കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും തൊണ്ണൂറായിരം പേര്‍ക്ക് തൊഴിലും നല്‍കുമെന്ന വാഗ്ദാനവുമായി സംസ്ഥാനസര്‍ക്കാര്‍ തുടക്കംകുറിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി തുടക്കത്തിലേ ചീറ്റി. വിദേശകമ്പനികള്‍ ഉള്‍പ്പെടെയുള്ള ഐടി വ്യവസായ ഭീമന്മാര് നിക്ഷേപം ഇറക്കുമെന്ന് പ്രതീക്ഷിച്ച പദ്ധതിയില്‍ മുതല്‍മുടക്കാന്‍ എത്തിയത് വിദേശബന്ധമുള്ള നാല് ചെറുകിട കമ്പനികള്‍ മാത്രം.
കേരളത്തിന്റെ സ്വപ്നപദ്ധതിയായി കൊട്ടിഘോഷിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ഉമ്മന്‍ചാണ്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രം മാത്രമായി. ഐടി മേഖലയില്‍ സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാകുമെന്ന് വിശേഷിപ്പിക്കപ്പെട്ട സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനചടങ്ങില്‍ ആദ്യഘട്ടത്തില്‍ ഉണ്ടാകുമെന്ന് പറഞ്ഞ 27 കമ്പനികളുടെ പേരുകള്‍ പ്രഖ്യാപിച്ചില്ല. പിന്നീട് പുറത്തുവിട്ട 22 കമ്പനികളുടെ ലിസ്റ്റില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഐടി കമ്പനികള്‍ ഒന്നും തന്നെയില്ല.
മാത്രമല്ല ലിസ്റ്റില്‍ പറയുന്നതില്‍ പകുതിയിലേറെയും ഐടി ഇതര കമ്പനികളാണ്. ആലപ്പുഴയിലും തൊടുപുഴയിലും രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ചെറുകിട കമ്പനികളും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. അഞ്ച് കമ്പനികളുമായി ചര്‍ച്ച അന്തിമഘട്ടത്തിലാണെന്നാണ് സ്മാര്‍ട്ട്സിറ്റി അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇവര്‍ പദ്ധതിയില്‍ നിന്നും പിന്മാറിയതായിട്ടാണ് സൂചന. അന്താരാഷ്ട്ര നിലവാരമുള്ള കമ്പനികളെ ആകര്‍ഷിക്കുന്നതിനായി ദുബായ്, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും ബെംഗളൂരുവിലും സ്മാര്‍ട്ട്സിറ്റി അധികൃതര്‍ റോഡ്ഷോ സംഘടിപ്പിച്ചിരുന്നു.
ആസ്റ്റര്‍ മെഡിസിറ്റി, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ തുടങ്ങി തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ചെറുകിട ഇടത്തരം കമ്പനികള്‍ മാത്രമാണ് സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനസജ്ജമായി വന്നിരിക്കുന്നത്.
കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം 246 ഏക്കര്‍ വരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിപ്രദേശത്ത് ഒന്നാംഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ആറരലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐടി ടവറിന്റെയും രണ്ടാം ഘട്ടത്തിന്റെ നിര്‍മാണോദ്ഘാടനവുമാണ് ഇന്നലെ നടന്നത്. ചടങ്ങില്‍ നിന്നും ഇടതുപക്ഷം വിട്ടുനില്‍ക്കുകയും ഉദ്ഘാടനവേദിക്ക് സമീപം പ്രതിഷേധയോഗം നടത്തുകയും ചെയ്തു.
സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ മറവില്‍ വന്‍ ഭൂമികച്ചവടത്തിന് നീക്കമുണ്ടെന്ന് നേരത്തെതന്നെ ആക്ഷേപമുയര്‍ന്നിരുന്നു. ദുബായ് ആസ്ഥാനമായ ടീകോം കമ്പനിയുടെ പ്രധാന ലക്ഷ്യം റിയല്‍ എസ്റ്റേറ്റ് കച്ചവടമാണ്. വളരെ തുഛമായ തുകക്കാണ് സര്‍ക്കാര്‍ ഭൂമി ടീകോമിന് പാട്ടത്തിന് നല്‍കിയിരിക്കുന്നത്.
ലിറ്റില്‍ ജെംസ് എന്ന ഡെകെയര്‍ സ്ഥാപനം, ഫ്രസ് ഫാസ്റ്റ്ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാസ്റ്റ്ഫുഡ്, ഐഡിയ സെല്ലുലാറിന്റെ മൊബൈല്‍ കട, ആസ്റ്റര്‍ മെഡ്സിറ്റിയുടെ മെഡിക്കല്‍ ക്ലിനിക്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ കൗണ്ടര്‍, മുസ്തഫ ആന്റ് അല്‍മന എന്ന ലീഗല്‍ കണ്‍സള്‍ട്ടന്‍സി എന്നിവയാണ് ആദ്യ പാര്‍ക്കില്‍ ഇടംപിടിച്ച ഐടി ഇതര കമ്പനികള്‍. ഇഹിറ്റ്സ് ടെക്നോളജീസ്, ഡൈനാമിക് നെക്സ്റ്റ് ടെക്നോളജീസ്, വിട്രിയോ സൊല്യൂഷന്‍സ്, സിങ്ഗ്നെറ്റ് സോഫ്റ്റ്വെയര്, എക്സ്സാ സോഫ്റ്റ്വെയര് സര്‍വീസസ്, ലോജിറ്റിക്സ് ടെക്നോ ലാബ്സ്, സായ് ബിപിഒ സര്‍വീസസ്, സെവന് നോഡ്സ് ടെക്നോളജീസ് സൊല്യൂഷന്‍സ്, ടികെഎം ഇന്‍ഫോടെക്, എന്‍ഡിമെന്‍ഷന്‍സ് സൊല്യൂഷന്‍സ്, മാരിയപ്പ്സ് മറൈന്‍ സൊല്യൂഷന്‍സ്, ഡിആര്‍ഡി കമ്യൂണിക്കേഷന്‍സ്, ഐബിഎസ് സോഫ്റ്റ്വെയര്, പാത്ത് സൊല്യൂഷന്‍സ് ഇന്ത്യ, അഗ്രി ജെനോം, ലിറ്റ്മസ് സെവന് സിസ്റ്റം കണ്‍സള്‍ട്ടിങ് എന്നിവയാണ് സ്ഥലം പാട്ടത്തിനെടുത്ത ഐടി കമ്പനികള്‍.
ബഹുഭൂരിപക്ഷം കമ്പനികളും 4000 മുതല്‍ 5000 വരെ ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടംമാത്രമാണ് പാട്ടത്തിനോ വാടകയ്ക്കോ എടുത്തിട്ടുള്ളത്. ഇതില്‍ പ്രധാനപ്പെട്ട ഒരെണ്ണം ലീല ഐടിപാര്‍ക്കില്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ്. കുറഞ്ഞ വിലയ്ക്ക് സ്ഥലം കിട്ടിയപ്പോള്‍ ഇങ്ങോട്ടേക്കു മാറിയെന്നുമാത്രം. മറ്റൊരു സ്ഥാപനമാകട്ടെ, ഇന്ഫോര്ക്കില് ഏഴുവര്‍ഷംമുമ്പ് നാലേക്കര്‍ ഭൂമി നല്‍കിയിട്ടും കെട്ടിടം പണിയാതെ നില്ക്കുന്ന കമ്പനിയാണ്. ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നതാണ് മറ്റൊരെണ്ണം. ഇന്‍ഫോപാര്‍ക്കില്‍ രണ്ടു വര്‍ഷമായി സ്ഥലം കിട്ടാത്തതുമൂലം സമീപത്തെ സ്വകാര്യ കെട്ടിടങ്ങളിലും മറ്റും പ്രവര്‍ത്തിക്കുന്ന അഞ്ചോളം സ്ഥാപനങ്ങളും ഇതിലുണ്ട്.
ശനിയാഴ്ച തുടക്കംകുറിച്ച രണ്ടാംഘട്ടത്തിലൂടെയും യുഡിഎഫ് സര്‍ക്കാരും ടീകോമും മലയാളികളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. സെന്റിന് 42,000 രൂപയ്ക്ക് സര്‍ക്കാരില്‍നിന്ന് പാട്ടത്തിനുവാങ്ങിയ ഭൂമി മൂന്നും നാലും ലക്ഷം രൂപയ്ക്ക് ഉപപാട്ടത്തിനുനല്കി അവരെക്കൊണ്ട് രണ്ടാംഘട്ടത്തില്‍ കെട്ടിടം നിര്‍മിക്കാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: