കൊച്ചി: മലയാളത്തിന് അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന് രാജാമണിക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് തപസ്യ കലാസാഹിത്യവേദി. എറണാകുളം ബിടിഎച്ചില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ കലാ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അനുഭവങ്ങളിലൂടെ അനുഗ്രഹീത കലാകാരന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണമിച്ചു.
സംഗീത സംവിധായകന് അര്ജുനന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംഗീതലോകത്തിന് പകരംവെക്കാനാവാത്ത വ്യക്തിത്വമായിരുന്നു രാജാമണിയെന്ന് അദ്ദേഹം അനുസ്മരിച്ചു. മൂന്ന് ദശാബ്ദത്തോളം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി നിത്യഹരിത ഗാനങ്ങള്‍ക്ക് അദ്ദേഹം ജീവന് നല്കി. സംഗീതത്തിന്റെയും സൗഹൃദത്തിന്റെയും വിലപ്പെട്ട മനസിനുടമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്രാസില്‍ മലയാളികളുടെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് രാജാമണി നേതൃത്വം വഹിച്ചപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെടാന്‍ സാധിച്ചതെന്ന് തപസ്യ രക്ഷാധികാരി എം.എ.കൃഷ്ണന് പറഞ്ഞു. പിന്നീട് അദ്ദേഹം തപസ്യയുടെ നേതൃത്വത്തിലേക്ക് വന്നു. തപസ്യയുടെ സാംസ്കാരിക തീര്‍ത്ഥ യാത്രക്ക് എറണാകുളത്ത് നല്കിയ അവിസ്മരണീയ സ്വീകരണത്തിന് പിന്നില്‍ രാജാമണിയുടെ പ്രയത്നമായിരുന്നു. എം.എ.കൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
രാജാമണിയെ ശ്രദ്ധേയനാക്കിയ താളവട്ടം എന്ന സിനിമയിലെ ‘കൂട്ടില്‍ നിന്ന് മേട്ടില്‍ വന്ന’ എന്ന ഗാനം പിന്നണി ഗായകന് ഗണേശ് സുന്ദരം ആലപിച്ചു. തപസ്യ ജില്ലാ അധ്യക്ഷന്‍ മങ്കൊമ്പ് ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ എസ്.രമേശന് നായര്‍, രക്ഷാധികാരി പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, സംഗീത സംവിധായകന് കെ.ജി.ജയന് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ്.സജികുമാര്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: