പുല്‍പ്പള്ളി : ജില്ലയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. ഇതില്‍ മൂന്ന് പേര് ചികിത്സയില്‍ സുഖം പ്രാപിച്ചു. ഒരാള്‍ ചികിത്സയില്‍ തുടരുകയാണ്. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മാടപ്പള്ളിക്കുന്ന് സ്വദേശിയായ ഒരു കര്‍ഷകനും സീതാമൗണ്ടിലെ രണ്ട് സ്ത്രീകള്‍ക്കും നൂല്‍പ്പുഴ പഞ്ചായത്തിലെ കരിപ്പൂരുള്ള ആദിവാസി യുവതിയും ഉള്‍പ്പെടെ നാലോളം പേര്‍ക്കാണ് ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ബാധിച്ചവരില്‍ മൂന്ന് പേര് ചികിത്സയില്‍ സുഖം പ്രാപിച്ച് ആശുപത്രിയില്‍ നിന്ന് വിടുതല്‍ വാങ്ങി വീട്ടിലെത്തിയിട്ടുണ്ട്. സീതാമൗണ്ട് സ്വദേശിനി ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.
ഇതിനിടെ കുരങ്ങുപനി ഭീതി അണയാതെ നിലനില്‍ക്കുന്ന മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ചാമപ്പാറ ഐശ്വര്യക്കവലയില്‍ പുഴയോരത്തായി ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കുരങ്ങിനെ ചത്ത നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ വിവരം ആരോഗ്യവകുപ്പിനും വനംവകുപ്പിനും കൈമാറി.
പാടിച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് സംഘവും വനപാലകരും സ്ഥലത്തെത്തി കുരങ്ങിനെ ജഢം സ്ഥലത്ത് നിന്ന് നീക്കം ചെയ്ത് സംസ്കരിച്ചു. ആരോഗ്യ വകുപ്പ് സംഘം മലാത്തിയോണ്‍ പൗഡര്‍ വിതറി പ്രതിരോധ പ്രവര്‍ത്തനം നടത്തി. മുള്ളന്‍കൊല്ലി പഞ്ചായത്തിലാണ് ഈ വര്‍ഷം ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: