പള്ളിപ്പുറം: അക്രമങ്ങള്‍ നടത്തി നാട്ടില്‍ അരാജകത്വം സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പിന് സിപിഎം ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് കുറ്റപ്പെടുത്തി. പള്ളിപ്പുറത്ത് കഴിഞ്ഞ ദിവസങ്ങളിലായി സിപിഎം നടത്തിയ അക്രമ പരമ്പരയില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ പള്ളിച്ചന്തയില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അപവാദപ്രചാരണങ്ങള്‍ നടത്തിയാണ് സിപിഎം നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത്. രക്തസാക്ഷികളെ സൃഷ്ടിച്ച് പാര്‍ട്ടി വളര്‍ത്താനാണ് സിപിഎം നേതാക്കളുടെ ശ്രമം. രോഗമുള്ളവരെയും രോഗം ബാധിച്ച് മരിച്ചവരെയും തെരഞ്ഞുനടന്ന അവരെ തങ്ങളുടെ രക്തസാക്ഷികളാക്കിമാറ്റുകയാണ് സിപിഎം. ജനപിന്തുണ നഷ്ടപ്പെട്ട മാര്‍ക്‌സിസ്റ്റുപാര്‍ട്ടി നേതൃത്വം നട്ടാല്‍ കുരുക്കാത്ത നുണകളാണ് പ്രചരിപ്പിക്കുന്നത്.
ഷിബുവിന്റെ മരണം കൊലപാതകമാണെന്നു പ്രചരിപ്പിച്ച് നാട്ടില്‍ കലാപത്തിനു ശ്രമിച്ച അരൂര്‍ എംഎല്‍എ എ.എം. ആരിഫിനെതിരെ കേസെടുക്കണമെന്ന് എം.ടി. രമേശ് ആവശ്യപ്പെട്ടു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുമ്പുതന്നെ കൊലപാതകമാണെന്ന് എംഎല്‍എ എങ്ങനെ സ്ഥിരീകരിച്ചെന്ന് വെളിപ്പെടുത്തണം. കുപ്രചരണം നടത്തി അരാജകത്വത്തിനു ശ്രമിക്കുന്ന ആരിഫ് ജനപ്രതിനിധിസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. പോലീസ് സ്റ്റേഷനില്‍ നിന്നുപോലം ക്രിമിനലുകളായ സിപിഎമ്മുകാരെ മോചിപ്പിക്കുന്ന എംഎല്‍എ ഗുണ്ടാതലവനായി അധഃപതിച്ചതായി എം.ടി. രമേശ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ പള്ളിപ്പുറത്തു നടന്ന അക്രമ പരമ്പരകളില്‍ സിപിഎം നേതാക്കള്‍ക്കു പങ്കുണ്ട്. പാര്‍ട്ടിയിലെ രൂക്ഷമായ വിഭാഗീയതയെ മറയ്‌ക്കാന്‍ സിപിഎം നേതൃത്വം കലാപത്തിന് അണികളോട് ആഹ്വാനം ചെയ്തിരിക്കുകയാണെന്നും രമേശ് പറഞ്ഞു.
ബിജെപി മണ്ഡലം പ്രസിഡന്റ് പി. സജീവ് ലാല്‍ അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍. ബിനു, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് മഹേഷ്, ബിജെപി ചേര്‍ത്തല മണ്ഡലം പ്രസിഡന്റ് അഡ്വ. ബിനോയ്, ബിജെപി അരൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പെരുമ്പളം ജയകുമാര്‍, ബാലാനന്ദന്‍, ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് കെ.ആര്‍. സുബ്രഹ്മണ്യന്‍, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍. വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വൈകിട്ട് എന്‍എസ്എസ് കോളേജ് ജങ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
















