വിരമിച്ച പട്ടാളക്കാരേക്കാളും കഷ്ടമാണ് ലീവില്‍ വരുന്ന ഒരു ഗള്‍ഫുകാരന്റെ അവസ്ഥ. പുറം നാടിനെ കുറിച്ച് ഒന്നും പറയാന്‍ വയ്യെന്നായി.,
പറഞ്ഞാലത് നുണയെന്നോ ബഡായിയെന്നോ പുളുവെന്നോ പറഞ്ഞു കളയും.
അതറിയാവുന്നതു കൊണ്ട് നാട്ടില്‍ അവധിക്കു വന്നാല്‍ ഒരാളോടും ഗള്‍ഫ് കഥകള്‍ പറയാറില്ല, അങ്ങനെ പറയണമെന്നു തോന്നിയാല്‍ എല്ലാം കേട്ടു നില്ക്കുന്ന ഭാര്യയോട് തന്നെ പറയുകയാണ് പതിവ് .
അങ്ങിനെ ഒരു ദിവസം മസ്കറ്റിലെ ആന വളര്‍ത്തല്‍ കേന്ദ്രത്തെ പറ്റി ഭാര്യയോട് പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് എന്റെയടുത്തു നിന്നും അവള് അടുക്കളയിലേക്കോടി പോയത്.
കാര്യം അറിയാതെ ഞാനും ഓടി ചെന്നു.
എന്തായാലും അരുതാത്തതൊന്നും അടുക്കളയില്‍ സംഭവിച്ചിട്ടില്ല, ചിലപ്പോള്‍ എന്റെ ഗള്‍ഫ് കഥകള്‍ കേട്ട് ബോറടിച്ചു കാണും.
എന്റെ ബഡായി കഥകള്‍ കേള്‍ക്കാന്‍ മനസു കാണിക്കാത്ത ഭാര്യയോടു അല്‍പ്പം മുഖം വീര്‍പ്പിച്ചു കൊണ്ടുതന്നെ പറഞ്ഞു.
‘ടീ..മണ്ടൂസേ മസ്കറ്റില്‍ ആനയില്ലാന്നു കരുതീട്ടാണോ ”
‘അതോണ്ടല്ല…”
‘പിന്നെ? ”
‘സമയം പോയി ”
‘എവിടേക്ക് ?”
‘എവിടേക്കും പോയിട്ടില്ല.. ശ്രീ കുട്ടന് സ്കൂള്‍ വിട്ട് വരണ്ട സമയായി. രാവിലെ പോകുമ്പോ ചപ്പാത്തി ഉണ്ടാക്കി വയ്ക്കുവാന്‍ പറഞ്ഞിരുന്നു. പിന്നെ ഈ മസ്കറ്റില്‍ ആനയുള്ള കാര്യോക്കെ എനിക്കും അറിയാം അത്രക്ക് മണ്ട്യന്നൊല്ല ഞാന്‍ ”
എന്നോടിതൊക്കെ പറയുന്നുണ്ടെങ്കിലും അവളുടെ ശ്രദ്ധ മുഴുവന്‍ ചപ്പാത്തി മാവ് ഉരുട്ടിയെടുക്കുന്നതിലാണ്.
‘ടീ ഭാര്യേ..വേണെങ്കി ഞാനും സഹായിക്കാം ”
‘വേണ്ട..ഹരിയേട്ടന് പറഞ്ഞോ ഞാന്‍ മൂളിയാല്‍ പോരെ ..”
‘ഏയ് പറയാനൊന്നുമില്ല…നീയാ..ചപ്പാത്തി പലക ഇങ്ങെടുത്തു തന്നേ.. നല്ല മസാല ദോശ വലിപ്പത്തിലുള്ള ചപ്പാത്തി പരത്തി തരാം, നീ കൈയ്യോടെ പോയി ചുട്ടെടുത്താമതി”
ഒരുപാട് തവണ അവള് വേണ്ടെന്ന് വിലക്കിയെങ്കിലും എന്റെ സ്നേഹ ശാസനക്ക് മുന്നില്‍ അവള് വഴങ്ങി എന്നു തന്നെ പറയാം.
അങ്ങിനെ മസാലദോശ വലിപ്പത്തിലുള്ള ചപ്പാത്തിപരത്തിയെടുക്കുന്നതിനിടെയാണ് അച്ഛന്റെ വരവ്.
അടുക്കളയില്‍ ചപ്പാത്തിക്ക് പരത്തുന്ന എന്നെ നോക്കി ഒന്നു ചിരിച്ചിട്ട് ഒന്നും പറയാതെ കടന്നു പോയി. കുറച്ചു നേരം കഴിഞ്ഞതും ഉമ്മറത്ത് നിന്നും അച്ഛന്റെ നീട്ടിയുള്ള വിളി…
ചപ്പാത്തിയോട് തല്‍ക്കാലത്തേക്ക് സുല്ല് പറഞ്ഞു കൊണ്ട് ഞാന്‍ അച്ഛന്റെ അടുത്തേക്ക് ചെന്നു,അല്‍പ്പം ഗൗരവത്തോടു കൂടി തന്നെ അച്ഛന് പറഞ്ഞു;
‘എനിക്ക് നിന്നോടൊരു സ്വകാര്യം പറയാനുണ്ട് ”
ഞാന്‍ ചെവിയെടുത്ത് അച്ഛന്റെ വായക്കരികെ വച്ചുകൊടുത്തു
‘സ്.ശ്..ശൂ..സ്പ്..ശ്..തു..”
‘ഇതെന്താ അച്ഛോ ഇത് ..വിളിച്ചു വരുത്തിയത് ചെവിയില്‍ തുപ്പാനായിരുന്നോ ?..മുറ്റത്ത് സ്ഥലമൊന്നും ഇല്ലാഞ്ഞിട്ടാണോ ?”
‘അതല്ലെടാ..നിനക്ക് നാണാവില്ലെ ഭാര്യ ചപ്പാത്തി ഉണ്ടാക്കുമ്പൊ സഹായിക്ക്യാന് പോകാന്‍ ”
‘എന്തിന് നാണക്കേട് ?”
‘ടാ..മുപ്പത്താറ് കൊല്ലായി ന്റെ കല്ല്യാണം കഴിഞ്ഞിട്ട്..നിനക്കറിയാലോ.. ഇന്നേവരെ തിന്നാനല്ലാണ്ട് ഞാന്‍ അടുക്കളയില്‍ കയറീട്ടില്ല്യാ…”
”ന്റെ അച്ഛോ..അതിനിത് ആ കാലല്ല…സ്നേഹം എന്നുപറയണത് ഉള്ളില്‍ കൊണ്ടു നടക്കാനുള്ളതല്ല..അത് വല്ലപ്പോഴുമൊക്കെ ഇതു പോലെ പുറത്തെടുക്കണം..എന്നാലെ പിടിച്ചു നില്ക്കാന് പറ്റൂ”
‘അതോന്നും എനിക്ക് അറിയില്ല ..ഒരിക്കല്‍ സഹായിച്ചാല്‍ പിന്നെ നീയെന്നും സഹായിക്കേണ്ടിവരും പിന്നെ നിനക്ക് അടുക്കളയില്‍ നിന്ന് ഇറങ്ങാന്‍ നേരം കിട്ടില്ല. ”
‘ഏയ് അങ്ങിനെയൊന്നും ഉണ്ടാവില്ല്യാന്നെയ് ”
‘വേണെങ്കീ ..കേട്ടാമതി..ആ തോമുണ്ണിയേട്ടന്‍ കണ്ടില്ലേ..ഇതുപോലെ തുടങ്ങി വച്ചതാ..ഇപ്പൊ ആയാള്‍ ഭാര്യേനെ വീട്ടില്‍ കൊണ്ടാക്കീട്ട് തട്ടുകട നടത്താ..”
‘അച്ഛൊ.. എനിക്കെന്തായാലും ആ ഗതികേട് വരില്ല്യാ…. ചപ്പാത്തി പണി പാതിയായിട്ടുള്ളൂ…റെഡിയായാല്‍ നമുക്കൊരുമിച്ചിരിക്കാം. ”
അച്ഛന്റെയടുത്തു നിന്നും ഒരു വിധത്തില്‍ രക്ഷപ്പെട്ട് ഞാന്‍ അടുക്കളയിലെത്തി, ചപ്പാത്തി പരത്തിയെടുക്കുന്നതിനിടെ ഭാര്യ ചിരിച്ചു കൊണ്ട് പറഞ്ഞു
‘ഹരിയേട്ടന് ഇത്ര റൊമാന്റിക്കാണെന്ന് ഞാന്‍ അറിഞ്ഞില്ല..”
‘സാരല്ല്യടീ ഭാര്യേ ..ഇപ്പഴേങ്കിലും അറിഞ്ഞൂലോ ”
ഒരു നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്നതു കൊണ്ടോ,ചപ്പാത്തിക്ക് സഹായിച്ചതു കൊണ്ടൊ എന്നറിയില്ല,നിറഞ്ഞ സന്തോഷത്തോടെ അവളൊന്നു കൂടി ചേര്‍ന്നു നിന്നു കൊണ്ട് പറഞ്ഞു;
‘ഗ്രെയ്ന്ററ് കേടുവന്നതില്‍ പിന്നെ ശ്രീകുട്ടന് ദോശ ഉണ്ടാക്കി കൊടുക്കാന്‍ പറ്റീട്ടില്ല്യാ..”
‘അതിന് ?”
‘അല്ല സഹായിക്കൂച്ചാ..ഇന്ന് അരീം,ഉഴുന്നൊക്കെ വെള്ളത്തിലിടായിരുന്നു’…
പ്രതികരിക്കാൻ ഇവിടെ എഴുതുക: