ചങ്ങമ്പുഴയുടെ നീട്ടിവായനയായിരുന്നു ഒ.എന്‍.വി. കുറുപ്പ്. പത്താംക്ലാസിലെ മലയാള പാഠപുസ്തകത്തില്‍ അടുത്തടുത്ത പുറങ്ങളിലായി ചങ്ങമ്പുഴയും ഒഎന്‍വിയും സ്നേഹത്തോടെ കഴിഞ്ഞു. ഇരുവര്‍ക്കുമിടയില്‍ കാല്‍പ്പനികതയുടെ ഒരു പാലമുണ്ടായിരുന്നു. ഇടപ്പള്ളിയും ചവറയും ആ പാലത്തിനപ്പുറവും ഇപ്പുറവും ആര്‍ദ്രതയോടെ നിലകൊണ്ടു.
”ഒരു പകുതി പ്രജ്ഞയില്‍
നിഴലും നിലാവും
മറുപകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും” എന്ന് ചങ്ങമ്പുഴ കുറുകിയപ്പോള്‍ ഇനിയും മരിക്കാത്ത ഭൂമിയുമായി ഒഎന്‍വി വ്യാകുലപ്പെട്ടു. പ്രശസ്ത ഭാരതീയ തത്വചിന്താ പണ്ഡിതന് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ പത്നി കാഞ്ചനയുടേതായിരുന്നു ക്ലാസ്. കുട്ടികളെ തല്ലാമായിരുന്ന അക്കാലത്തും ചൂരലുതൊടാതെ കാഞ്ചനടീച്ചര്‍ മലയാളത്തിന്റെ വിശുദ്ധി കാത്തു. ഒഎന്‍വിയുടെയുംകൂടി വിശുദ്ധിയായിരുന്നു അത്. ഒഎന്‍വിയുടെ കവിതയിലെ ആകുലതയില്‍ അന്നത്തെ പത്താംക്ലാസുകാരുടെ കണ്ണുനിറഞ്ഞു.
പിന്നീട് ഒഎന്‍വി കടമ്പുപോലെ പൂക്കുന്നത് ചലച്ചിത്രഗാനങ്ങളിലൂടെയാണ്. ഭദ്രന് എന്ന സംവിധായകന്റെ ഇടനാഴിയില്‍ ഒരു കാലൊച്ച എന്ന സിനിമയിലെ വാതില്‍പ്പുഴുതിലൂടെന്‍മുന്നില്‍ കുങ്കുമം എന്ന ഗാനം എത്രതവണയാണ് കേട്ടത്. മൊബൈല്‍ വരാത്ത അന്നത്തെ കാലത്തെ കൗമാരസ്വപ്നങ്ങളില്‍ സിനിമയിലെ നായിക കാര്‍ത്തികയുടെ കണ്ണുകള്‍ തിളങ്ങിനിന്നു. കലഹിച്ചും നൃത്തംചെയ്തും നൊമ്പരപ്പെട്ടും നിന്ന കാര്‍ത്തികയുടെ കഥാപാത്രത്തിന്റെ അനുരാഗത്തിന്റെ സങ്കീര്‍ണതയെ എത്ര തീക്ഷ്ണമായാണ് ഒഎന്‍വി വരികളിലേക്ക് ഒപ്പിയെടുത്തത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇഎംഎസിനേക്കാളും കടപ്പെട്ടരിക്കുന്നത് ഒഎന്‍വിയോടാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. മലയാളി വിപ്ലവത്തിന്റെ കൊടിപിടിച്ചത് ദാസ് ക്യാപിറ്റല്‍ വായിച്ചിട്ടല്ല. കെപിഎസിയുടെ നാടകങ്ങള്‍ കണ്ടിട്ടാണ്. അതിലെ ഗാനങ്ങള്‍ ഹൃദയത്തിലേറ്റിയാണ്. ഒഎന്‍വി-ദേവരാജന്‍ കാവ്യദ്വന്ദം അക്കാലത്തെ ഏതൊരു ചെറുപ്പക്കാരനെയാണ് പ്രതീക്ഷയുടെ പുതിയ പുലരികള്‍ സ്വപ്നം കാണിക്കാതിരുന്നത്?
മലയാളി പ്രണയിച്ചതും ഒഎന്‍വിയിലൂടെയാണ്. ഇന്ന് നാല്പതാം വയസില്‍ എത്തിനില്‍ക്കുന്ന തലമുറയുടെ പ്രണയത്തിന്റെ വാലന്റൈന്‍ ഒഎന്‍വിയായിരുന്നു.
ജാലകത്തിലെ ”ഒരുദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളുമായ് നീയെന്റെ മുന്നില്‍ നിന്നു” എന്ന ഗാനം പാടാത്ത ഏതു കാമുകനാണ് ഇന്ന് നാല്പതുകളില് നരച്ച് ഡൈയിട്ടും ഇടാതെയും ജീവിച്ചിരിക്കുന്നത്.
കോളേജ് ക്യാമ്പസുകളിലെ അരളിമരങ്ങള്‍ക്കിടയിലൂടെ കടന്നുപോയ എല്ലാ പച്ചപ്പാവാടപെണ്‍കുട്ടികള്‍ക്കും അന്ന് പാര്‍വ്വതിയുടെ മുഖഛായയായിരുന്നു. മേല്‍ച്ചുണ്ടും മൂക്കും വിയര്‍ക്കുന്ന പാര്‍വ്വതി. വിടര്‍ന്ന കണ്ണുകളുമായി പാര്‍വ്വതി. ഒഎന്‍വിയുടെ വരികളായിരുന്നു ആ ചിത്രത്തിന്റെയും കാതല്‍.
ചില്ല് എന്ന ചിത്രത്തിലെ ”ചൈത്രം ചായം ചാലിച്ചു” എന്ന അതിമനോഹരഗാനം എങ്ങനെ നാം മറക്കും? മലയാളസിനിമ ആദ്യമായി ആണുങ്ങളെ കേറി എടാ എന്നു പെണ്ണിനെക്കൊണ്ട് വിളിപ്പിച്ചത് ചില്ലിലൂടെയാണ്. ശാന്തികൃഷ്ണയുടെ പ്രണയസൗഹൃദാന്തരങ്ങളിലെ നിറഭേദങ്ങളെ ഇതിലും മനോഹരമായി വേറെ ഏത് കവിക്കാണ് അക്ഷരപ്പകര്‍ച്ച നടത്താന്‍ പറ്റുക?
ഒഎന്‍വി മലയാളകവിതയുടെ യൗവ്വനമായിരുന്നു. ഒരു ഒറ്റമരക്കാട്. ശതാഭിഷേകം കഴിഞ്ഞെന്നു പറയുമ്പോഴും എഴുത്തിലെ യുവത്വം കൈവിടാതെ കാത്തുസൂക്ഷിച്ച ആഗ്നേയം. ഭാരതീയത ഒഎന്‍വിയുടെ ആത്മാവായിരുന്നു. നാനാത്വത്തിലെ ഏകത്വമല്ല ഏകത്വത്തിന്റെ നാനാത്വമായ ഭാരതീയതയായിരുന്നു ഒഎന്‍വിയുടെ സത്ത.
”ഭാരതഹൃദയവിപഞ്ചിയിലുണരും
രാഗമാലിക നാം” എന്ന ഗാനം മൂളാത്ത ഏതു ദേശഭക്തനാണുള്ളത്. ഇന്നായിരുന്നു ഒഎന്‍വിയുടെ യൗവ്വനം കേരളത്തെ കടന്നുപോയിരുന്നതെങ്കില്‍ തീര്‍ച്ചയായും ഭാരതീയമൂല്യങ്ങളുയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം തൂലിക ചലിപ്പിച്ചേനെ. നിര്‍ഭാഗ്യവശാല്‍ യൗവ്വനത്തില്‍ ഉറച്ചുപോകുന്ന കപ്പലുകളാണ് നാം. ഒഎന്‍വിയുടെ ഹൃദയം കമ്യൂണിസമെന്ന ശൈത്യത്തിലാണ് ഉറച്ചത്. അതാരുടെ നേട്ടമാണ്- അല്ലെങ്കില്‍ നഷ്ടമാണ്. അറിയില്ല. കവി ബാലചന്ദ്രന് ചുള്ളിക്കാടിനെ കടമെടുത്തു പറഞ്ഞാല്‍ പ്രതിഭകള്‍ക്ക് രാജ്യമോ മതമോ ഭാഷയോ പാര്‍ട്ടിയോ ഇല്ല. കവി കാലത്തിന്റെ കണ്ണാണ്. കാലം കവിയിലൂടെ മുഖംനോക്കുന്നു. ഈ വിയോഗം പകരംവെയ്ക്കാനില്ലാത്തതാണ്. നാം ഒഎന്‍വിയെ ഓര്‍ക്കുകയേയില്ല. കാരണം മറക്കാന്‍ കഴിയാത്ത ഒരാളെ എങ്ങനെ ഓര്‍ക്കും?
”നിറങ്ങള്‍ തന് നൃത്തം
പൊലിഞ്ഞൊരീ മണ്ണില്‍
മറഞ്ഞ സന്ധ്യകള്‍ പുനര്‍ജനിക്കുമോ?
മറഞ്ഞ പക്ഷികള്‍ ഇനിയുമെത്തുമോ?
ടിവിയില്‍ പുതുഗായിക സിതാര പാടുന്നു. സിതാരയുടെ ശബ്ദത്തിലെ വിഷാദം കണ്ണുനനയിക്കുന്നതാണ്. അന്നേരം ഫേസ്ബുക്കില്‍ ഒരു പോസ്റ്റ്: ”മരം കൊള്ളുന്ന വെയിലാണ് തണല്‍”! നമുക്ക് ഒഎന്‍വിയാണാ മരം. കവിത തണല്‍. നാം ആ തണലില്‍ ചൂടകറ്റാന്‍ കയറിനില്‍ക്കുന്ന വെറും വഴിയാത്രക്കാര്‍ മാത്രം.
ഫോണ്‍: 9037135337
പ്രതികരിക്കാൻ ഇവിടെ എഴുതുക: