വനജ്യോത്സ്ന കേണൂ, കണിക്കൊന്ന വീണൂ,
നിശാഗന്ധി നീള്ശ്വാസ നിശ്വാസമിട്ടൂ
പഴമ്പാണനാര് നന്തുണിപ്പാട്ടു നിര്‍ത്തീ
പറഞ്ഞില്ല നീ യാത്രയാരോടുമെന്തേ!
മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിവു നീ
മാറ്റുള്ള വാക്കാല്‍ നിണം വാറ്റിയുറവു നീ
ഇനി ഞാനുണര്‍ന്നിരിക്കാം നീയുറങ്ങെന്ന-
കവികാവല് വചനമായ്, തേങ്ങലായ് നിറയേ
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നാരു-
മൊരു മധുര മോഹമുയിര് ചേര്‍ത്തു കരള്‍ നിറയേ
അശരീരി കേട്ടിതോ വചനമതു നിന്, മുദിത,-
മിതുവെറും അര്‍ത്ഥ വിരാമമെന് ഭദ്രേ!
ഉരിമണലിലൊരു തീര്ത്ഥകണമിഴുകി വീണപോല്‍
ഉയിരുയര്ന്നുടല്വിട്ടു പോയോരു വേളയില്‍
മൃത്യോ, പെരും മുക്കുവാ,യെന്നെ വിട്ടേക്കു
കൊച്ചു മീനാണു ഞാനെന്നതോര്പ്പിച്ചുവോ?
കുഞ്ഞിണപ്രാവുകള് കണ്ടുപേടിച്ചൊരാ
വന്യമൃഗത്തിനെക്കോപിച്ചെതിര്ത്തുവോ?
അറിയുന്നു, സര്‍വ്വസമ്പദ് സൗഖ്യ ഭാഗ്യങ്ങള്‍
ചുഴലെയും നിഷ്ഠനായ് നിസ്സ്വനായ് നിന്നു നീ
പുഴകളെ, മലകളെ, കടലിനെ,യച്ചെറിയ-
പൂക്കളെ, പ്രാക്കളെ, വാക്കിനാല്‍ കാത്തുനീ
പേരറിയാത്തൊരാപ്പെണ്കുട്ടിയെ,ക്കുഞ്ഞി-
നമ്മിഞ്ഞയായ്ത്തീര്ന്നൊരമ്മയെ, ബ്ഭൂമിയെ-
സ്സീതയെ,ബ്ബീഥോവനെ,ക്കാളിദാസനെ
ഗല്ഗമേഷിന്നെയും സൂര്യനെപ്പിന്നെയും
പാട്ടിലാക്കി,പ്പിന്നെ വാക്കിലാക്കിച്ചിരം
പാടിച്ചു ഞങ്ങളെ, മേളിച്ചു നമ്മളും
സ്വപ്നവും സങ്കല്‍പ്പവും നമ്മിലൊന്നായി-
തേ, മന്ത്ര ഹൃദമൃദുസ്പന്ദനവുമൊന്നായി
നിളയില്‍, നിലാവില്, വെയില്ച്ചാര്ത്തിലോണത്തി-
ലൊരുകുയില്പ്പാട്ടില്, കുറുങ്കുഴലിലലകടലി-
ലിളവെയിലിലാ നീള്വരമ്പതില്, കന്മതിലി,-
ലൊരുകദളിവാഴക്കുലക്കൂമ്പി,ലിരുളില്‍, വെണ്സൂര്യനിലു,-
മരുവിയില്, തെളിനീരി,ലുജ്ജയിനിയില്, നാലുമണി-
വിരിയലില്‍, പള്ളിമണിയൊലികളില്,പ്പിന്നെ-
യെവിടെവിടെ,യേതൊക്കെ വാക്കാണു, നോക്കാണി,-
തവിടവിടെ,യനിശം കേള്‍ക്കും നോക്കുമങ്ങയെ….
പച്ചിലച്ചാര്ത്തിന് പടര്പ്പില്മറഞ്ഞിരു-
ന്നുച്ചത്തില്നീയിന്നു പാടുന്നുവോ കവേ!
ഗന്ധര്വനായിനീ,യല്ലാ, കിളിപ്പൈത-
ല,ല്ലല്ലുറങ്ങാത്തൊരീ മനത്തോന്നലോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: