സന്ധ്യ തളർന്ന നേരം.
ഞാൻ ജോലിസ്ഥലത്തുനിന്നും വീട്ടിലെത്തുമ്പോൾ ഒരാൾ എന്നെ കാത്ത് പൂമുഖത്ത് ഇരിപ്പുണ്ടായിരുന്നു. അധികം പൊക്കവും തടിയുമില്ല. പാന്റ്‌സും ഷർട്ടും വേഷം. അമ്മയോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നു വ്യക്തം.
അമ്മ പറഞ്ഞു.
”നീ വരുന്നതും കാത്ത് ഇരിക്കുകയായിരുന്നു മാഷ്.”
ഞാൻ വസ്ത്രം മാറാൻ പോലും പോകാതെ മാഷിനെ നോക്കി. മാഷ് കൈകൂപ്പി. ഞാനും. ” മനസ്സിലായില്ലല്ലൊ.” ഞാൻ പറഞ്ഞു. ”സാർ എന്നെ അറിയും.” ഒരുവട്ടം ഞാൻ ഓർമയിൽ പരതി. ഇല്ല. പിടികിട്ടണില്ല. ”ഞാൻ ഓർക്കണില്ലല്ലൊ മാഷെ.” മാഷ് എന്ന് അമ്മ പറഞ്ഞ പരിചയത്തിൽ പറഞ്ഞു. ”ഞാൻ ചോദിച്ചപ്പോഴും നിനക്ക് മാഷിനെ പരിചയമുണ്ടാകും എന്നാ എന്നോടു പറഞ്ഞത്.”
”ഏതായാലും ഞങ്ങൾക്ക് ചായ തരൂ…”
”വേണ്ട സാറെ…” മാഷ് പറഞ്ഞു.
”ഒരു ചായയൊക്കെ കുടിക്കാം.” ഞാൻ നിർബന്ധിച്ചു. ജ്യോതിഷത്തിൽ മനസ്സിന്റെ കാരകൻ ചന്ദ്രനാണ്. അന്നത്തിന്റെ കാരകനും ചന്ദ്രൻ. ഒരുമിച്ച് ഒരു ഭക്ഷണം അതുകൊണ്ടുതന്നെ മനസ്സടുപ്പം ഉണ്ടാക്കും. (അതുകൊണ്ടായിരിക്കാം ഒരു സ്ത്രീക്ക് പുരുഷനോടു സ്‌നേഹം ഉണ്ടായാൽ ഉടനെ അവൾ താൻ പാചകം ചെയ്ത ഭക്ഷണം കഴിപ്പിക്കാനാണ് ശ്രമിക്കാറ്. രുചിയേറിയ ഭക്ഷണം നൽകുന്ന സ്ത്രീയെ പുരുഷനും കാര്യം തന്നെ. ഇത് മനഃശാസ്ത്രം.)
”ഞാനും മാഷിനോട് ചായ കഴിക്കാൻ പറഞ്ഞതാ. കോട്ടയത്തുനിന്നും വരികയല്ലേ.”
”കോട്ടയത്തുനിന്നാണോ വരുന്നത്?” ഞാൻ ചോദിച്ചു.
”ഇപ്പോൾ അതെ…” എന്തൊക്കെയോ വ്യംഗ്യം. അമ്മ സംസാരത്തിന് ഒരു തടസ്സംപോലെ.
ഞാൻ അമ്മയോട് പറഞ്ഞു.
”ഏതായാലും ചായ എടുക്ക്.”
അമ്മ പൂമുഖത്തുനിന്നും അടുക്കളയിലേക്കു നടന്നു. എന്നെക്കണ്ടിട്ട് എഴുന്നേറ്റുനിന്നയാൾ അപ്പോഴും ഇരുന്നിട്ടില്ലെന്നതു കണ്ട് ഞാൻ പറഞ്ഞു.
”ഇരിക്ക്…”
അയാൾ കസാലയിൽ ഇരുന്നു.
എതിരെയുള്ള കസാലയിൽ ഞാനും.
”ഇപ്പോൾ കോട്ടയത്തു നിന്നും വരുന്നു എന്നു പറഞ്ഞത്….”
ഒരു അർദ്ധവിരാമത്തോടെ ഞാൻ ചോദിച്ചു.
”താമസം കുറച്ചുകാലമായി തിരുവനന്തപുരത്താണ്.”
മാഷ് പറഞ്ഞു.
” തിരുവനന്തപുരത്തോ? അവിടെ ഏതു സ്ഥലത്ത്?”
”തിരുവനന്തപുരത്തെ ചില സ്ഥലങ്ങളൊക്കെ പരിചയമുള്ള ഞാൻ ചോദിച്ചു.
”തുറന്ന ജയിലിൽ!” ഒരു ഇളം പുഞ്ചിരി. ഞാൻ അമ്പരന്നു. ”അതാ ഞാൻ പറഞ്ഞത് എന്നെ സാറിനറിയാമെന്ന്..” ങേ! അതുകൊള്ളാമല്ലൊ?! അമ്പരപ്പിൽ നിന്നും മാറാത്ത ഞാൻ മിണ്ടിയില്ല. ‘തോമസ് എന്നാണ് എന്റെ പേര്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദമുണ്ട്. അദ്ധ്യാപകനായിരുന്നു. സാറ് എന്നെക്കുറിച്ച് ഒരു സചിത്രലേഖനം എഴുതിയിട്ടുണ്ട്. സാറിന്റെ മേൽവിലാസം തപ്പിപ്പിടിച്ച് ഞാൻ എത്തിയതാണ്.
എനിക്ക് പരിഭ്രമമായി. അക്കാലത്ത് കുറെ ക്രൈം റിപ്പോർട്ടുകൾ ഞാൻ എഴുതാറുണ്ടായിരുന്നു. ഈ മാഷ് വല്ല പ്രതികാരവും തീർക്കാൻ… ”ഞാൻ ഭാര്യയേയും മക്കളെയും ഭാര്യയുടെ അമ്മയേയും കൊന്നിട്ടാണ് ജയിലിൽ പോയത്. ഇപ്പോൾ ഓർക്കുന്നുണ്ടോ….”
ഓർമയിൽ തെളിയുന്നു.
അതൊരു കൊലപാതകം. അപൂർവമായ കേസ്. ഭാര്യ, മക്കൾ, ഭാര്യാ മാതാവ് എന്നിവരെ അഭ്യസ്തവിദ്യനായ മാഷ് കൊലപ്പെടുത്തി. കാരണം ഇന്നും അജ്ഞാതം. കോടതിക്കുമുന്നിൽ കുറ്റം ഏറ്റുപറഞ്ഞ് വധശിക്ഷ ആവശ്യപ്പെട്ടു. കാരണം മാത്രം വ്യക്തമാക്കിയില്ല. കോടതി ജീവപര്യന്തം ശിക്ഷിച്ചു. ആ തോമസ് മാഷാണിത്. വധശിക്ഷ ആവശ്യപ്പെട്ട മാഷ്. മാഷിന് ഇനി എന്തു ഭയം!
എന്റെ മുഖഭാവം വായിച്ച് മാഷു പറഞ്ഞു.
”ഓ..ഇപ്പോ പിടികിട്ടി അല്ലെ. ഞാൻ സാറിന്റെ ലേഖനം വായിച്ച ആളാണ്.” എന്റെ മനസ്സൊന്നു കാളി. ഇനി വല്ല പ്രതികാര ചിന്തയുമായി വന്നതാണോ?!
”ഇപ്പൊ വന്നത്….” ഞാൻ ചോദിച്ചു.
”എന്റെ കാര്യം പറയാനല്ല. സെൻട്രൽ ജയിലിലായിരുന്നു ഞാൻ. സ്വഭാവം നന്നെന്നു കണ്ടാൽ കുഴപ്പക്കാരല്ലാത്തവരെ തുറന്ന ജയിലിലേക്ക് മാറ്റാറുണ്ട്. അങ്ങനെ എന്നേയും തുറന്ന ജയിലിലേക്ക് മാറ്റി. സാർ ഒരു ദിവസം അവിടെ വരണം. തുറന്ന ജയിലിൽ കിടക്കുന്ന പലർക്കും വിചിത്രങ്ങളായ കഥകൾ പറയാനുണ്ടാകും. അതെഴുതണം. അതു പറയാനാണ് ഞാൻ വന്നത്.”
അവിടെ പ്രവേശിക്കാനുള്ള ഫോർമാലിറ്റീസും ചെന്നുകഴിഞ്ഞാൽ സഹായിക്കുന്ന ഉദ്യോഗസ്ഥരുടെ പേരുവിവരവുമൊക്കെ എനിക്കു തന്നു.
അമ്മ ചായ നൽകുമ്പോൾ ചോദിച്ചു.
”ഇപ്പോൾ മാഷിന് കോട്ടയത്തുതന്നാണോ ജോലി?”
”അല്ല, തിരുവനന്തപുരത്താ…” ചുണ്ടിനും ചായക്കപ്പിനും ഇടയ്‌ക്ക് മാഷ് ഒന്നു ചിരിച്ചു. അമ്മ തിരിച്ചുപോയി.
”ഒരു കാര്യം ചോദിച്ചോട്ടെ. എന്തിനാണ് മാഷ് അവരെ കൊന്നത്?”
്യൂഞാൻ ചോദിച്ചു. ”അതുമാത്രം പറയില്ല. ലോകം മുഴുവനും എന്നോടു ചോദിച്ചു. എന്നിട്ടും പറഞ്ഞില്ല സാറേ. സാറിനോടും പറയില്ല.” അൽപ്പ മൗനം. അതിനുശേഷം എന്നെ നടുക്കിക്കൊണ്ട് തോമസ് മാഷ് മറ്റൊന്നു പറഞ്ഞു. ”അന്ന് അവളുടെ അപ്പൻ രക്ഷപ്പെട്ടു. ഞാൻ അയാളെയും വകവരുത്തും.” പരോളിൽ ഇറങ്ങിയ തോമസ്സിന്റെ ദൃഢപ്രതിജ്ഞ!
ഞാൻ തുറന്ന ജയിലിൽ ചെല്ലാമെന്ന് വാക്കു പറഞ്ഞു. യാത്ര പറഞ്ഞ് മാഷ് ഇറങ്ങി. ഇരുളു പതുങ്ങിയ ഇടവഴിയിലൂടെ മെയിൻ റോഡുവരെ മാഷിനോടൊപ്പം ഞാൻ നടന്നു.
റോഡിലെത്തിയപ്പോൾ ഒരാവർത്തി കൂടി യാത്ര പറയാൻ നിന്ന മാഷ് എന്തൊ ഓർത്തെന്നപോലെ പറഞ്ഞു, ”ഞാൻ കാരണം പറയാം സാർ…സാറിനോടുമാത്രം. ഇന്നല്ല; മറ്റൊരിക്കൽ. വാക്കാണ്. കാത്തിരിക്കുക.” ഒരു നിശ്വാസം. പിന്നെ യാത്രാനുമതി ആവർത്തിച്ച് റോഡിലേക്കയാൾ ധൃതിയിൽ നടന്നു.
ഞാൻ തുറന്ന ജയിലിൽ സന്ദർശനം നടത്തി. തോമസ് മാഷ് പറഞ്ഞപോലെ അത്ഭുതപ്പെടുത്തുന്ന നടുക്കുന്ന എത്രയെത്ര നോവിന്റെ കഥകൾ… ജീവിതങ്ങൾ… ആ കഥകൾ മറ്റൊരിക്കലാകാം. അന്ന് ഉച്ചഭക്ഷണം കഴിച്ചതും അവിടെ നിന്ന്.
തോമസ് മാഷിനെക്കുറിച്ച് അന്വേഷിച്ചു. മാഷിനെ വീണ്ടും സെൻട്രൽ ജയിലിലേക്കു വിട്ടിരിക്കുന്നു. വിറകു ശേഖരിക്കാൻ വന്ന ഒരു സ്ത്രീയോട് അതിരുവിട്ട അടുപ്പം ആരംഭിച്ചതിന്റെ പേരിലാണത്രെ!
എന്നെങ്കിലും ഒരു സന്ധ്യമയക്കത്തിലൊ നട്ടുച്ചയിലൊ തോമസ് മാഷുവരും. ലോകം ഇതുവരെ അറിയാത്ത ആ കാരണം എന്നോടു പറയും. ഞാൻ കാത്തിരുന്നു.
കാത്തിരുന്ന ഞാൻ ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ പത്രത്തിൽ വന്ന വാർത്ത കണ്ട് ഞെട്ടിപ്പോയി!
ഭാര്യയേയും ഭാര്യാമാതാവിനെയും കുട്ടികളെയും കൊന്ന് ജയിലിൽ പോയ ജീവപര്യന്ത ശിക്ഷക്കാരൻ മാഷ് പരോളിൽ ഇറങ്ങി. ഭാര്യാപിതാവിനെ വെട്ടിക്കൊലപ്പെടുത്തിയശേഷ കോട്ടയത്ത് ഒരു ലോഡ്ജിൽ തുങ്ങി മരിച്ചിരിക്കുന്നു!
ഭാര്യാപിതാവിനെ വധിക്കും എന്ന വാക്ക് മാഷ് നിറവേറ്റി. കോടതിയോട് യാചിക്കാതെ മരണം നേടി. പക്ഷെ എനിക്കു തന്ന വാക്ക്….അറിയാതെ പോയ ആ കൊലപാതകത്തിന്റെ കാരണം…?!
എന്നോട് ആ വാക്കുപാലിച്ചില്ലല്ലോ.
പക്ഷെ ശശിച്ചേട്ടന്റെ കാര്യത്തിൽ അതായിരുന്നില്ല. ആരാണ് ശശിച്ചേട്ടൻ എന്നല്ലെ. ക്രൈം റിപ്പോർട്ടുകൾ തയ്യാറാക്കിക്കൊണ്ടിരുന്ന കാലത്തുതന്നെ പത്രമാഫീസിൽ എന്നെ കാണാനും പരിചയപ്പെടാനും എത്തിയ മറ്റൊരു പത്രത്തിലെ ലേഖകൻ!
തനിനിറത്തിലെ ലേഖകൻ ശശിച്ചേട്ടൻ. ”ഞാൻ വരാം…എന്നോടൊപ്പം ഒരു ദിവസം വീട്ടിലേക്കു വരണം. കുറച്ചുകാര്യങ്ങൾ പറയാനുണ്ട്.” പരിചയപ്പെട്ടപ്പോൾ ശശിച്ചേട്ടൻ പറഞ്ഞു. ആൾ ആകെ പരിഭ്രമത്തിലായിരുന്നു.
പ്രസ്സിലേക്ക് പേജു പോകുന്നതിന്റെ പിറ്റേന്ന് അധികം തിരക്കില്ലാത്ത ദിവസമാണ്. അന്ന് വന്നോളാൻ ഞാൻ ശശിച്ചേട്ടനോട് പറഞ്ഞു. കൃത്യമായും വന്നു. പരിഭ്രമം കൂടിയിട്ടുണ്ട്.
ഞാൻ ശശിചേട്ടനോടൊപ്പം ആളുടെ വീട്ടിലേക്കു പോയി. തേയ്‌ക്കാത്ത ദാരിദ്ര്യം മുഷിഞ്ഞുനിൽക്കുന്ന ഒരു ഓടുവീട്. അകത്തു കയറിയപ്പോൾ തറ സിമന്റിട്ടിട്ടില്ലെന്നും മനസ്സിലായി. വീട്ടുകാരെ അവരുടെ വീട്ടിൽ കൊണ്ടുപോയി നിർത്തിയിരിക്കുകയാണ്.
”എന്നെ അവർ കൊല്ലും. ഒരു തവണ വണ്ടി ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു. മറ്റൊരു തവണ വാതിൽ തകർത്തു കയറാൻ ശ്രമിച്ചു. ഭാഗ്യംകൊണ്ടു രക്ഷപ്പെട്ടതാണ്.”
അവർ, അദ്ദേഹത്തിന്റെ ശത്രുക്കൾ വമ്പന്മാർ. മണി പവറും മസിൽ പവറും ഒത്തുചേർന്നവർ. അധികാരികളെ കൈയിലെടുക്കാൻ മാത്രം പ്രാപ്തരായവർ.
അവരുടെ വ്യാജവാറ്റ്, കള്ളനോട്ട് തുടങ്ങിയ കാര്യങ്ങൾ പത്രത്തിൽ എഴുതിയതാണ് വൈരാഗ്യത്തിനു കാരണം. റബർ തോട്ടം. ഒറ്റയടിപ്പാത. തോട്. ഇങ്ങനെ പലതിനാലും ചുറ്റപ്പെട്ട സ്ഥലത്ത് ഒറ്റപ്പെട്ടാണ് ശശിച്ചേട്ടന്റെ വീട്. പകൽപോലും ആളുകൾ അറിയാൻ സമയം ഏറെ എടുക്കും.
”എന്നിട്ട് പോലീസിൽ പരാതിപ്പെട്ടില്ലെ?”
”പരാതിയൊക്കെ കൊടുത്തു. എന്തുകാര്യം. പണത്തിനും സ്വാധീനത്തിനും മേലെ പരുന്തും പറക്കില്ല. അതിന്റെ പേരിലും ഉണ്ടായി ആക്രമണം.”
എന്താണ് പറയുക! തനിനിറത്തിലെഴുതുന്നുവെങ്കിലും സ്റ്റാഫ് അല്ല എന്നാണ് ഞാൻ ഓർക്കുന്നത്.
”എനിക്ക് എന്തു ചെയ്യാൻ കഴിയും..”
”എന്നെ അവർ കൊല്ലും. അത് ഉറപ്പാണ്. അതിനു മുൻപ് അവർക്കെതിരെയുള്ള തെളിവുകളും രേഖകളും ഞാൻ ഏൽപ്പിക്കാം. എന്നെ കൊന്നാലും അവയെല്ലാം പുറത്തുവരണം. ഞാൻ അതെല്ലാം മറ്റൊരു സ്ഥലത്ത് വച്ചിരിക്കുകയാണ്. രണ്ടാഴ്ചകഴിഞ്ഞ് ഇതേസമയത്ത് ഇവിടെ വരണം. ഞാൻ തരാം. നമ്മൾ ഒരുമിച്ച് വരുന്നതും പോകുന്നതും കാണണ്ട. അത് സാറിന്റെ ജീവനും പ്രശ്‌നമാകും. അതാ ഞാൻ വീടുകാണിച്ചു തന്നത്.”
തീയതിയും ദിവസവും സമയവും തീരുമാനിച്ചു. ഞാൻ മടങ്ങി. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ ശശിച്ചേട്ടൻ വീട്ടുകാരെ കൂടെ കൊണ്ടുവന്നു താമസിപ്പിച്ചു എന്ന് ടൗണിൽ വച്ചു കണ്ടപ്പോൾ പറഞ്ഞു.
ഏതാണ്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ കൃത്യമായി പറഞ്ഞാൽ പത്തുദിവസം കഴിഞ്ഞപ്പോൾ, രാവിലെ പതിനൊന്നുമണി ഓഫീസിൽ എനിക്കൊരു ഫോൺ എത്തി. ഭയന്നതു തന്നെ സംഭവിച്ചു!
തലേ രാത്രി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് ഒരു സംഘം ആളുകൾ ശശിച്ചേട്ടനെ വെട്ടിക്കൊലപ്പെടുത്തി.
അന്വേഷണം കാര്യങ്ങൾ ഒക്കെ തകൃതിയായി നടന്നു. ശശിച്ചേട്ടന്റെ ഭാര്യയുടെ സാക്ഷിമൊഴി ശക്തമായിരുന്നു. കേസിൽ കുറ്റവാളികൾ ശിക്ഷിക്കും എന്നുറപ്പായിരുന്നു. പക്ഷെ, കോടതിയിൽ വച്ച് ഭാര്യ കൂറുമാറി! ഭയന്നിട്ടൊ… അതൊ പ്രതിഫലത്തിനും പ്രലോഭനത്തിനും വഴങ്ങിയിട്ടോ. അറിയില്ല. കേസ് തള്ളിപ്പോയി.
അങ്ങനെ ശശിചേട്ടൻ ലോകത്തെ അറിയിക്കാനായി എനിക്കുവേണ്ടി കരുതിവച്ച തെളിവുകൾ. എവിടെയോ?
ഞാൻ പത്രാധിപരായിരുന്ന വാരികയിൽ തോപ്പിൽ രാമചന്ദ്രപിള്ള ജനറൽ എഡിറ്ററായിരുന്നു.
കേരള ശബ്ദത്തിന്റെ എഡിറ്ററായിരിക്കെയാണ് തോപ്പിൽ രാമചന്ദ്രപിള്ള പ്രശസ്തനാകുന്നത്. ആ രാഷ്‌ട്രീയ വാരികയിൽ രാജൻ കേസ് ഉൾപ്പെടെ അടിയന്തരാവസ്ഥയിൽ നടന്ന ക്രൂരകൃത്യങ്ങൾ അദ്ദേഹം എഴുതിയത് ശ്രദ്ധേയമായി. രാഷ്‌ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ ശ്രദ്ധേയമാകുകയും ചെയ്തു. സിനിമാ രംഗത്തും അദ്ദേഹം പയറ്റി. ‘രാധ എന്ന പെൺകുട്ടി’യിലും മറ്റും.
അതൊക്കെ കഴിഞ്ഞ് വർഷങ്ങൾക്കുശേഷമാണ് ഞങ്ങൾ ഒരുമിച്ച് ആനുകാലികത്തിൽ പ്രവർത്തിക്കുന്നത്.
അക്കാലത്ത് മനസ്സിൽനിന്നും മായാത്ത ഒട്ടേറെ സംഭവങ്ങളിൽ കക്ഷികളായവരും സാക്ഷികളായവരുമാണ് ഞങ്ങൾ.
ഞാൻ ജോലി രാജിവച്ച് പോന്നു. കുറച്ചുകാലം കൂടി കഴിഞ്ഞപ്പോൾ അദ്ദേഹവും രാജിവച്ചിറങ്ങി. എങ്കിലും ഞങ്ങളുടെ സ്‌നേഹബന്ധം നിലനിന്നുപോന്നു.
പിന്നീട് ഞാൻ കാണുന്നത്. തൃശൂരുനിന്നും ഇറങ്ങിയിരുന്ന ‘എക്‌സ്പ്രസ്’ പത്രത്തിന്റെ ഓഫീസിൽ വച്ചാണ്. എന്നെ തൃശൂർക്ക് വിളിച്ചുവരുത്തി. അവിടെ എഡിറ്റോറിയലിൽ ജോയിൻ ചെയ്യാൻ പറഞ്ഞു. ഞാൻ താൽപ്പര്യമില്ലായ്‌മ തുറന്നുപറഞ്ഞു. എന്നാൽ അതിൽ സ്ഥിരമായി ഒരു കോളം എഴുതുക. ഞാനതു സമ്മതിച്ചെങ്കിലും സ്വതസിദ്ധമായ എന്റെ അലസത അതിനും സമ്മതിച്ചില്ല.
പിന്നീട് ഞാൻ ദേശനാദം വാരികയുമായി സഹകരിക്കാൻ തുടങ്ങി. വാരിക വിട്ട് മറ്റൊന്നിലേക്കു മാറി. തിരിച്ചൊരുനാൾ വരുമ്പോൾ അതിലെ പത്രാധിപ സ്ഥാനത്ത് തോപ്പിൽ രാമചന്ദ്രപിള്ള.
പിന്നെ അറിയുന്നത് പോട്ടയിൽ ധ്യാനത്തിനു പങ്കെടുത്തെന്നും ധ്യാനസ്ഥലത്ത് തോപ്പിൽ പ്രഭാഷണങ്ങൾ നടത്തുന്നുവെന്നുമാണ്. അപ്പോഴേക്കും അദ്ദേഹം അമിതമായിട്ടുണ്ടായിരുന്ന മദ്യപാന ശീലം പൂർണമായും ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു.
എറണാകുളം മറൈൻ ഡ്രൈവിൽ വച്ച് പിന്നീടൊരുനാൾ സന്ധിച്ചു. അദ്ദേഹം എഴുതാൻ തുടങ്ങുന്ന ‘ശംഖുവീണുടയുമ്പോൾ’ എന്ന നോവലിനെ കുറിച്ചു ചർച്ച ചെയ്യാൻ.
പിന്നീട് ദീർഘകാലം ബന്ധങ്ങളൊന്നുമില്ലാതിരുന്നു. എങ്കിലും പത്രപ്രവർത്തകനും എന്റെ സുഹൃത്തുമായ ജയറാം തോപ്പിൽ വഴി ഞാൻ വിശേഷങ്ങൾ അറിഞ്ഞുകൊണ്ടിരുന്നു.
അത്ര നല്ല കാര്യങ്ങളായിരുന്നില്ല. ഒരു മകൻ അപകടത്തിൽ മരിച്ചു. പ്രമേഹം മൂലം ഒരു കാൽ മുറിക്കപ്പെട്ടു. എന്നൊക്കെയായിരുന്നു വാർത്തകൾ.
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തി ഒരുനാൾ അദ്ദേഹം. ആശുപത്രിയിൽ ഞാൻ നിത്യസന്ദർശകനായി. പത്രപ്രവർത്തന രംഗത്തെ സിംഹമായിരുന്ന അദ്ദേഹം അപ്പോൾ വീൽചെയറിൽ. അടുത്ത കാലിലെ ഒരു വിരൽമുറിച്ചുമാറ്റി. നിരന്തരം ഞങ്ങൾ ടെലഫോൺ ബന്ധത്തിലായി. ദീർഘനേരം സാഹിത്യം, പത്രപ്രവർത്തനം, പഴയകാല ഓർമകൾ എല്ലാം പറഞ്ഞും പങ്കുവച്ചും ഇരിക്കെ അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചു. ജയറാമിനോടൊപ്പം പച്ചാളത്തായി താമസം. ഏതാണ്ട് ഒറ്റപ്പെട്ടപോലെ. ടെലഫോണിൽ ബന്ധപ്പെടുന്നതിന്റെ കാലയളവുകൾ നീണ്ടു. ഇടയ്‌ക്കുള്ള വിളി അത്യാവശ്യകാര്യങ്ങൾ പറയാൻ മാത്രം. ഒരിക്കൽ എന്നെ വിളിച്ചു പറഞ്ഞു. ”മോഹൻ എനിക്ക് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്. ഞാൻ വിളിക്കാം. വരണം.”
”തീർച്ചയായും” ഞാൻ സമ്മതിച്ചു.
രാത്രി ഉറക്കത്തിന്റെ വേളയിലെപ്പോഴോ എനിക്കൊരു കോൾ വന്നു. എടുക്കാനായില്ല. പിറ്റേന്നു തിരിച്ചുവിളിക്കാം എന്നു കരുതി. അതും മറന്നു. അതിന്റെ പിറ്റേന്ന് ജയറാമിന്റെ ഒരു കോൾ എനിക്കെത്തി.
”ചേട്ടാ..അച്ഛൻ മരിച്ചു!”
മൃതദേഹം ഞാൻ കണ്ടു. തലയ്‌ക്കൽ എരിയുന്ന നിലവിളക്ക്, എന്തൊ എന്നോട് പറയാൻ ബാക്കിവെച്ചതുപോലെ. ആ വിളി ഒരു മിസ്ഡ് കോളായി കിടക്കുന്നു എന്റെ മൊബൈലിൽ.
പൂരിപ്പിക്കാൻ കഴിയാത്ത ഒരു സമസ്യപോലെ….
കർമകാണ്ഡം പൂർണമാക്കാൻ കഴിയാത്ത ജീവിതം പോലെ….
ഇവരെല്ലാം പറയാനുദ്ദേശിച്ചത്…?!
നുറുങ്ങുകഥ: എന്തായിരുന്നു എന്ന സംശയം വല്ലാതെ അലട്ടിയപ്പോൾ അയാൾ സംശയമെല്ലാം ഭാണ്ഡക്കെട്ടാക്കി ഗംഗയിലൊഴുക്കി. സമാധാനത്തോടെ നടന്നു. അപ്പോൾ അയാൾക്കൊരു സംശയം. ഭാണ്ഡം ഗംഗയിൽ മുങ്ങിത്താണോ, അതൊ പൊങ്ങിത്തന്നെ കിടക്കുന്നുവോ?!
പ്രതികരിക്കാൻ ഇവിടെ എഴുതുക: