എരുമേലി: മുണ്ടക്കയം- എരുമേലി സംസ്ഥാന പാതയുടെ പ്രധാന സമാന്തര പാതയായ കൊരട്ടി-കണ്ണിമല-പുലിക്കുന്ന് പാതയില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ അഞ്ചോളം വാഹനങ്ങളാണ് വിവിധ കാരണങ്ങളാല്‍ അപകടത്തില്‍പെട്ടത്.
കാറും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തലനാരിഴയിടക്കാണ് ബൈക്ക് യാത്രികന് രക്ഷപെട്ടത്. രണ്ടുദിവസം മുമ്പ് ഉറുമ്പി പാലത്തിനു സമീപം ഓട്ടോ കുഴിയിലേക്ക് മറിഞ്ഞ് നാലംഗ യാത്രാസംഘം അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം തെറ്റി വീടിന്റെ വിറക് പുരയിലേക്ക് ഇടിച്ചു കയറിയത് കഴിഞ്ഞ ദിവസമാണ്. കണ്ണിമല-പാറമട മേഖലയില്‍ മാത്രം കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നിരവധി അപകടങ്ങളാണ് ഉണ്ടായത്. സംസ്ഥാന പാതയില്‍ നിന്നും വളവ് തിരിക്കുന്നതിനിടെ കണ്ണിമലയില്‍ വീടിനകത്തേക്ക് കാര്‍ ഇടിച്ചു കയറിയതും കഴിഞ്ഞ ദിവസമാണ്. സമാന്തര പാതയിലെ അപകടങ്ങളുടെ തുടര്‍ക്കഥ ജനങ്ങളില്‍ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്.
മുണ്ടക്കയം പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന ഈ മേഖലയില്‍ പോലീസിന്റെ ശക്തമായ നിരീക്ഷണം വേണമെന്നും അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: