കുഞ്ഞേ എന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുക. നിനക്ക് ദുഃഖത്തിനു കാരണം ദേഹമാണ്. കര്‍മ്മഫലമായിട്ടാണ് ദേഹം ലഭിക്കുന്നത്. അതായത് പുരുഷന് ദേഹത്തില്‍ അഹംബുദ്ധിയുണ്ടാകുമ്പോള്‍ കര്‍മ്മം ജനിക്കുന്നു. അവിദ്യയില്നിന്നുണ്ടാകുന്ന ഈ അഹങ്കാരം അനാദിയാണ്. ചേതന ഛായയോടുചേര്ന്ന് അഹങ്കാരം സദാവര്ത്തിക്കുന്നു. (ചുട്ടുപഴുത്ത ഇരുമ്പില്‍ തീ ചേര്‍ന്നിരിക്കുന്നതുപോലെ) അഹങ്കാരം നിമിത്തം ആത്മാവിന് ഞാന്‍ ദേഹമാകുന്നു എന്ന ബുദ്ധിയുണ്ടാകുന്നു. ഞാന്‍ ദേഹമാണ്, ഞാന്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നു എന്ന ബുദ്ധിയുണ്ടാകുന്നത് മായമൂലമാണ്. അതിന്റെ ഫലമായി കര്‍മ്മങ്ങള്‍ ചെയ്യുന്നു.
കര്‍മ്മഫലങ്ങളില്‍ ബദ്ധരായി വീണ്ടും ജന്മമെടുത്ത് സംസാരത്തിന്റെ സുഖദുഃഖങ്ങളില്‍ പെട്ടുഴലുന്നു. അതായത് നിര്‍വികാരമായ ആത്മാവിനോടുകൂടി ദേഹത്തിന്റെ മിഥ്യാ താദാത്മ്യത്താല്‍ ജീവന് എപ്പോഴും ഞാന്‍ ശരീരമാണ് എന്നു സങ്കല്പിക്കുന്നു. അതിന്റെ ഫലമായി പാപവും പുണ്യവും ചെയ്ത് ഉയര്‍ന്നതും താണതുമായ യോനികളില്‍ ചുറ്റിക്കറങ്ങുന്നു. അപ്പോള്‍ പരബ്രഹ്മത്തിന്റെ സ്ഥാനങ്ങള്‍ (ഹംസപദങ്ങള്‍) മറന്നുപോകുന്നു. പാപകര്‍മ്മത്തിന്റെ ഫലമായി കീഴോട്ട് നരകത്തിലും പുണ്യകര്‍മ്മത്തിന്റെ ഫലമായി മേല്പ്പോട്ട് സ്വര്‍ഗത്തിലും മാറിമാറി സഞ്ചരിക്കുന്നു. ഞാന്‍ എത്ര പുണ്യങ്ങള്‍ ചെയ്തു, ധനമാര്‍ജ്ജിച്ച് യജ്ഞങ്ങള്‍ ചെയ്തു.
ആരുടെയെല്ലാം ദുര്‍ഗതി നീക്കി ഇനി എനിക്കു സ്വര്‍ഗത്തില്‍പോയി സുഖമനുഭവിക്കാം എന്നു വിചാരിച്ചിരിക്കുമ്പോള്‍ മരണം പിടികൂടുന്നു. സങ്കല്പമനുസരിച്ച് അവിടെയെത്തി കുറക്കൊലം മഹത്തായ സുഖം അനുഭവിക്കും. പുണ്യത്തിന്റെ ഫലം തീരുമ്പോള്‍ ആഗ്രഹമില്ലെങ്കിലും പ്രാരബ്ധത്തിന്റെ ഫലമായി താഴോട്ടു പതിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: