കൊച്ചി: കൊച്ചി നഗരത്തില്‍ പാചകവാതകം പൈപ്പ് ലൈനിലൂടെ നേരിട്ട് വീടുകളിലെത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസ് പദ്ധതിക്ക് ഇന്ന് തുടക്കം. കളമശേരി മെഡിക്കല്‍ കോളജിന് കണക്ഷന് നല്‍കിക്കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. മെഡിക്കല്‍ കോളേജിലെ കാന്റീനുകളിലും ഹോസ്റ്റലിലും സമീപത്തെ വീടുകളിലുമായി പത്ത് കണക്ഷനുകളാണ് നല്‍കുന്നത്. ദക്ഷിണേന്ത്യയില്‍ പദ്ധതി നടപ്പാക്കുന്ന ആദ്യനഗരമാണ് കൊച്ചി.
എല്‍പിജിയേക്കാള്‍ കുറഞ്ഞ വിലയില്‍ പാചകവാതകം ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ കഴിയുമെന്ന് അദാനി ഗ്യാസ് സിഇഒ രാജീവ് ശര്‍മ്മ പറഞ്ഞു.5000 രൂപയാണ് ഡെപ്പോസിറ്റ്.
ദ്രവീകൃത പ്രകൃതി വാതകമാണ്(എല്‍എന്‍ജി)നല്‍കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ കൊച്ചി നഗരത്തിലും സമീപ മേഖലകളിലും പൂര്‍ണ്ണമായും ഗ്യാസ് ലഭ്യമാക്കും. എറണാകുളം ജില്ലയില്‍ 40,700 കുടുംബങ്ങള്‍ക്കാണ് പാചക വാതകം എത്തുക. അദാനി ഗ്രൂപ്പും ഇന്ത്യന്‍ ഓയിലും ചേര്‍ന്ന സംയുക്ത സംരംഭമായ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ് (ഐഒഎജിപിഎല്‍) പദ്ധതിയുടെ ചുമതല.
പിഎന്‍ജി അഥവാ പൈപ്പ്ഡ് ഗ്യാസിലേക്ക് മാറുമ്പോള്‍ ചെലവ് 40 ശതമാനം വരെ കുറയും. ഇറക്കുമതി ചെയ്യുന്ന എല്‍എന്‍ജിക്ക് ഒരു യൂണിറ്റിന് 19 ഡോളര്‍ ചെലവു വരുമ്പോള്‍ ഭാരതത്തില്‍ ഉത്പാദിപ്പിക്കുന്ന ഗ്യാസിന് 8.4 ഡോളര്‍ മാത്രമേ വരുന്നുള്ളു. ടാപ്പ് തുറന്ന് ആവശ്യത്തിന് പാചകവാതകം ഉപയോഗിക്കാം. എല്‍പിജിയെ അപേക്ഷിച്ചു പ്രകൃതിവാതകത്തിനു കൂടുതല്‍ ഇന്ധനക്ഷമതയുണ്ട്. പൊട്ടിത്തെറി സാധ്യതയും കുറവാണ്.
നിലവില്‍ ഗെയില്‍ സ്ഥാപിച്ചിട്ടുള്ള 45 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ ട്രങ്ക് ലൈനായി ഉപയോഗിക്കും. ഗെയ്ലിന്റെ ട്രങ്ക് ലൈനില്‍ നിന്നുള്ള വാതകം മര്‍ദം കുറച്ചു ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കാവുന്ന വാതകമായി മാറ്റുകയാണു ചെയ്യുന്നത്. ട്രങ്ക് ലൈനില്‍ നിന്ന് ചെറു പൈപ്പുകള്‍ സ്ഥാപിച്ചായിരിക്കും ഗാര്‍ഹികാവശ്യത്തിനുള്ള പ്രകൃതിവാതകം ലഭ്യമാക്കുക. ഉരുക്ക് നിര്‍മ്മിതമായ പൈപ്പുകള്‍ വഴിയാണ് വീടുകളിലും ഫഌറ്റുകളിലും വാതകം എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: