ആലപ്പുഴ: നഗരത്തില്‍ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കു നേരെ വ്യാപകമായി അക്രമം അഴിച്ചുവിടുന്നതില്‍ മോട്ടോര്‍ ആന്റ് എഞ്ചിനീയറിങ് മസ്ദൂര്‍ സംഘം (ബിഎംഎസ്) ആലപ്പുഴ മേഖലാ കമ്മറ്റി പ്രതിഷേധിച്ചു.
ഓട്ടോസ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് രാത്രികാലങ്ങളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന എസ്ഡിപിഐക്കാര് റെയില്‍വേ സ്റ്റേഷന് ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ അക്രമം നടത്തുകയാണ്. പലയിടങ്ങളിലും ഓട്ടോറിക്ഷാ തൊഴിലാളികളെ കയ്യേറ്റം ചെയ്യുകയും അക്രമിക്കുകയും ചെയ്യുന്നു. ഇതിനെതിരെ പരാതി നല്കിയ സിഐടിയു, ഐഎന്‍ടിയുസി ബിഎംഎസ് പ്രവര്‍ത്തകരായ ഓട്ടോ തൊഴിലാളികളെ സൗത്ത് സ്റ്റേഷനില്‍ സിഐയുടെയും എസ്ഐയുടെയും സാന്നിദ്ധ്യത്തില്‍ മര്‍ദ്ദിച്ചു.
എന്നാല്‍ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായില്ല. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ബിഎംഎസിന്റെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് മുന്നറിയിപ്പു നല്കി. മോട്ടോര്‍ മേഖലാ പ്രസിഡന്റ് രമേശന് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ ട്രഷറര്‍ ബിനീഷ് ബോയ്, മേഖലാ സെക്രട്ടറി ജി. ഗോപകുമാര്‍, സി. ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: