ന്യൂദല്‍ഹി: കേന്ദ്രസര്‍വ്വകലാശാലകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ തീരുമാനം. വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യബോധവും പൗരന്റെ കടമകളും ഉദ്ബോധിപ്പിക്കാന് പരിപാടികള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു. കേന്ദ്രസര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ച് ദേശവിരുദ്ധ ശക്തികള്‍ വിദ്യാര്‍ത്ഥികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് തടയാണ് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ശ്രമം.
കേന്ദ്രസര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ നിരവധി പരിഷ്ക്കരണ പദ്ധതികളും വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ തീരുമാനിച്ചു. വിവേചനംതടയാന് പ്രത്യേക ഉദ്യോഗസ്ഥനെ എല്ലാ യൂണിവേഴ്സിറ്റികളിലും നിയമിക്കാനും മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു.
ഓണ്‍ലൈന്‍ പ്രവേശന നടപടികള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുക, രണ്ട് ഷിഫ്റ്റ് ആയി ക്ലാസുകള്‍ നടത്തുക, രാജ്യത്തിന്റെ ഭാവി വികസനം ലക്ഷ്യമിട്ടുള്ള നവീന കോഴ്സുകള്‍ ആരംഭിക്കുക തുടങ്ങിയ തീരുമാനങ്ങളും യോഗം സ്വീകരിച്ചു.
വനിത-സംരംഭകത്വം, പൗരത്വവും മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും, ഡയസ്പൊറ സ്റ്റഡീസ്, ശാസ്ത്രം-സാങ്കേതിക വിദ്യ-കൃഷി, ഇന്റര്‍ഫെയ്ത്ത് സ്റ്റഡീസ്, നാനോ സാങ്കേതികവിദ്യ, കൃഷി സാങ്കേതികവിദ്യ, റിന്യൂവബിള്‍ എനര്‍ജി ഡവലപ്മെന്റ് തുടങ്ങിയ നിരവധി പുതിയ കോഴ്സുകളാണ് ആരംഭിക്കുന്നത്.
എല്ലാ കേന്ദ്രസര്‍വ്വകലാശാലകളിലും ഇംഗ്ലീഷിലും അതാതു പ്രാദേശിക ഭാഷകളിലും വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നിര്‍വഹിക്കാമെന്നും സര്‍വ്വകലാശാലകളുടെ യോഗം തീരുമാനിച്ചു. ഭാഷാവൈദഗ്ധ്യം ഇല്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് പഠനം പ്രയാസകരമാകുന്നത് ഇല്ലാതാക്കാന്‍ ഇതോടെ സാധിക്കും. സര്‍വ്വകലാശാല ജീവനക്കാരുമായും അധ്യാപകരുമായുമുള്ള വിദ്യാര്‍ത്ഥികളുടെ ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനുള്ള സംവിധാനങ്ങളും യൂണിവേഴ്സിറ്റികളില്‍ സ്ഥാപിക്കും. ഇ-ഗവേണന്‍സ് നടപ്പാക്കുക വഴി സര്‍വ്വകലാശാലകളുടെ ഭരണരംഗം കൂടുതല്‍ മികച്ചതാക്കാനും വൈസ് ചാന്‍സിലര്‍മാരുടെ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: