ന്യൂദല്‍ഹി: രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസിലെ പ്രതിയായ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിനെതിരെ പട്യാല ഹൗസ് കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധം ഇന്നലെയും തുടര്‍ന്നു. അക്രമാസക്തരായ അഭിഭാഷകര്‍ കനയ്യ കുമാറിനെയും ഇയാളെ ഹാജരാക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെയും ഇന്നലെ മര്‍ദ്ദിച്ചതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ഇന്നലെ അഭിഭാഷകരുടെ ആക്രമണമുണ്ടായി.
പട്യാലഹൗസിലെ പ്രതിഷേധം അതിരുവിട്ടതോടെ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകരുടെ സംഘത്തെ പട്യാലഹൗസിലേക്ക് അയച്ചു. കപില്‍ സിബല്‍, രാജീവ് ധവാന്, ദുഷ്യന്ത് ദവെ, എഡിഎന്‍ റാവു, അജിത് സിന്‍ഹ, ഹരിന്‍ റാവല്‍ എന്നിവരുള്‍പ്പെട്ട സംഘത്തിനു നേരെയും അഭിഭാഷകര്‍ പ്രതിഷേധവുമായെത്തി. രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മാപ്പില്ലെന്ന് പ്രതിഷേധിച്ച അഭിഭാഷകര്‍ സുപ്രീംകോടതി അയച്ച സംഘത്തെ അറിയിച്ചു.
പട്യാലഹൗസ് കോടതിയിലെ സ്ഥിതിഗതികള്‍ ഭീകരമാണെന്ന് അഭിഭാഷക സംഘം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. കോടതിയിലെ അന്തരീക്ഷം ഭയാനകമാണ്. തങ്ങള്‍ക്ക് നേരേ കല്ലേറുണ്ടായെന്നും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസിലെ പ്രതിയായ കനയ്യ കുമാറിനും മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും ആറംഗ അഭിഭാഷകസംഘം സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ കനയ്യ കുമാറിന് നേരേ കോടതിയില്‍ ആക്രമണം നടന്നിട്ടില്ലെന്ന് ദല്‍ഹി പോലീസ് സുപ്രീംകോടതിയെ അറിയിച്ചു
പട്യാല ഹൗസ് കോടതിയില്‍ നടന്ന സംഭവങ്ങളെപ്പറ്റി കേന്ദ്രആഭ്യന്തരമന്ത്രാലയം ദല്‍ഹി പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. വന്ദേമാതരം മുദ്രാവാക്യം വിളിച്ച് ദേശീയപതാകയുമായി പ്രകടനം നടത്തിയ അഭിഭാഷക സംഘത്തെ കോടതി വളപ്പിനുള്ളില്‍ കായികമായി നേരിടാനാവാത്ത സ്ഥിതിയാണ് പോലീസിന് നേരിടേണ്ടിവന്നതെന്നാണ് പോലീസ് നല്കുന്ന വിശദീകരണം. കോടതിയുടെ നിര്‍ദ്ദേശമില്ലാതെ അഭിഭാഷകര്‍ക്ക് നേരേ നടപടി എടുത്താല്‍ ഒടുവില്‍ അതു തങ്ങള്ക്കെതിരാകുമെന്നതിനാലാണ് നിസ്സഹായരാകേണ്ടിവന്നതെന്നും പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: