കല്‍പ്പറ്റ : ജില്ലയിലെ വിദ്യാഭ്യാസ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ ഏകദിന ശില്പശാല നടത്തി. വിദ്യാഭ്യാസ നിയമം അനുശാസിക്കുന്ന ചുമതലകള്‍ വിദ്യാലയങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, അക്കാദമീക സ്ഥാപനങ്ങള്‍ എന്നിവര്‍ ശരിയായ രീതിയില്‍ നിര്‍വ്വഹിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ഇതിലൂടെ ജില്ലയിലെ വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക്, ഹാജരില്ലായ്മ എന്നിവ തടയുകയുമാണ് വരും വര്‍ഷത്തെ പ്രധാന പ്രവര്‍ത്തന പരിപാടി. വിദ്യാലയ പ്രവേശനം, വിദ്യാലയത്തില്‍ കുട്ടികളെ നിലനിര്‍ത്തല്‍, വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തല്‍, പിന്തുണാ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കല്‍ എന്നീ പ്രധാന ഉദ്ദേശ്യങ്ങള്‍ക്കായി ജില്ലാ പഞ്ചായത്ത്, എസ്.എസ്.എ, ഡയറ്റ്, ആര്.എം.എസ്.എ പദ്ധതികള്‍ ക്രോഡീകരിക്കും. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി, ബ്ലോക്ക് തല മോണിറ്ററിംഗ് കമ്മിറ്റി, പഞ്ചായത്തു വിദ്യാഭ്യാസ സമിതി, വിദ്യാലയ സമിതികള്‍, എന്നിവ സജീവമാക്കിക്കൊണ്ട് പ്രവര്‍ത്തന പരിപാടിയുടെ ജാഗ്രതയും ദിശാബോധവും ഉറപ്പുവരുത്തും. സര്‍വ്വശിക്ഷാഅഭിയാന്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ക്കു വിതരണം ചെയ്യുന്ന കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വ്വഹിച്ചു. യു.എസ്.എസ് നേടിയ അനുരാഗ് ടി. റെജിക്ക് ഉപഹാരം നല്കി.
ഏകദിന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എ. ദേവകി അധ്യക്ഷത വഹിച്ച യോഗത്തിന് ഡി.ഡി.ഇ സി.രാഘവന് സ്വാഗതം പറഞ്ഞു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.കെ.എം. ഉണ്ണികൃഷ്ണന്, സര്‍വ്വ ശിക്ഷാ അഭിയാന് ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. ടി.കെ അബ്ബാസ് അലി എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.ബാബുരാജന്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഒ. പ്രമോദ് എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു. എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ സജി.എം.ഒ, മൊയ്തീന്‍കുഞ്ഞി കെ.എം, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍, ആര്.എം.എസ്.എ പ്രോഗ്രാമര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: