മാനന്തവാടി : മാനന്തവാടി ടൗണിലെ മാലിന്യപ്രശ്നത്തിന് പരിഹാരംകാണാത്ത നഗരസഭാഅധികൃതരുടെ അലംഭാവത്തിനെതിരെ ബിജെപി മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭാ കാര്യാലയത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സമരത്തിനിടെ രണ്ട് മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ അഡീഷണല്‍ എസ്ഐ വസന്തകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് നേരിയസംഘര്ഷത്തിന് ഇടയാക്കി. പുരുഷപോലീസിന്റെ കയ്യേറ്റശ്രമത്തിനിടെ പരിക്കേറ്റ് ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മഹിളാമോര്‍ച്ച പ്രവര്‍ത്തകരായ രജിത അശോകന്, വിവിത ഗിരീഷ് എന്നിവരെ പ്രാഥമികശു ശ്രൂഷകള്ക്കുശേഷം വിട്ടയച്ചു.
ബസ്സ്റ്റാന്റ് പരിസരത്തുനിന്നും മാസങ്ങളായി കക്കൂസ് മാലിന്യമടക്കം ഒഴുകിയെത്തി ഓവുചാലുകളില്‍ നിറഞ്ഞ് പ്രദേശം മുഴുവന്‍ ദുര്‍ഗന്ധം വമിക്കുകയാണ്. ഓവുചാലുകള്‍ വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം ബിജെപി പ്രവര്‍ത്തകര്‍ നഗരസഭാ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തിയിരുന്നു. രണ്ടാഴ്ച്ചക്കകം മാലിന്യംനീക്കം ചെയ്യാമെന്ന നഗരസഭാചെയര്‍മാന്റെ ഉറപ്പിന്മേലാണ് ധര്‍ണ്ണാസമരം അവസാനിപ്പിച്ചത്. ഇത് പാലിക്കാത്ത സാഹചര്യത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ ഇന്നലെ മാലിന്യവുമായി നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
സമരം ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ ഇ.പി.ശിവദാസന്‍ മാസ്റ്റര്‍ ഉദ്ഘാടനംചെയ്തു. വില്ഫ്രഡ്ജോസ് അദ്ധ്യക്ഷതവഹിച്ചു. കണ്ണന്‍കണിയാരം, ജി. കെ.മാധവന്, അഖില്‍പ്രേം, ജിതിന്‍ഭാനു, വിജയന് കൂവണ, എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ച്ചിനിടെ അഡീഷണല്‍ എസ്ഐ വസന്തകുമാര്‍ വനിതാ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയതും, വനിതാ പോലീസ് ഇല്ലാതെ സമരക്കാരെ നേരിടാനെത്തിയതും ചോദ്യം ചെയ്ത പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: