പ്രാതസ്മരണീയനായ ഭാസ്കര്‍ റാവുജിയുടെ അനുസ്മരണത്തിന് ഇക്കഴിഞ്ഞ ശനി, ഞായര്‍ (ജനുവരി 9-10) ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ സ്മരണയില്‍ എറണാകുളത്ത് എളമക്കരയില്‍ നിര്‍മിച്ച ഭാസ്കരീയം മണ്ഡപത്തില്‍ കേരളത്തിലെ മുന്‍ പ്രചാരകന്മാരുടെ സംഗമം നടന്നത് ഒട്ടേറെ മധുരതരമായ പുനസമാഗമമായിത്തീര്ന്നു. ഔപചാരികത ഏറ്റവും കുറഞ്ഞ അവസരമായതിനാല്‍ പങ്കെടുത്ത നാനൂറോളം പേര് ആഹ്ലാദകരമായി ആ സമയം ചെലവിട്ടു. അക്കൂട്ടത്തില്‍ ഭാസ്കര്‍ റാവുജിയുമായി നേരിട്ടു സമ്പര്‍ക്കത്തില്‍ വരാത്ത കുറച്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മിക്കവാറുംപേര്‍ ഏതെങ്കിലും സംഘചുമതല നേരിട്ടോ, അല്ലാതെ പരിവാര്‍ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടോ വഹിക്കുന്നവരാണ്. ശാരീരികമായ അവശതകളനുഭവിക്കുന്നവരും അവരില്‍ കുറവായിരുന്നില്ല.
വിശേഷിച്ചും നട്ടെല്ലിനു ക്ഷതമേറ്റതിനാല് വര്‍ഷങ്ങളായി സ്വയം യാത്ര ചെയ്യാന്‍ വയ്യാതെ ചക്രക്കസേരയിലായ തൊടുപുഴയിലെ സിജിയെപ്പോലെയുള്ളവര് വന്നത്. അദ്ദേഹം പ്രചാരകനായിരുന്ന തലപ്പിള്ളി താലൂക്കുകാര്‍ക്ക് ആ സന്ദര്‍ശനം അവാച്യമായ അനുഭൂതിയായി. പൂര്‍വ പ്രചാരക സംഗമത്തില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രീയ സഹസമ്പര്‍ക്ക പ്രമുഖ് സുനില്‍ ദേശ്പാണ്ഡേജിയുമായി സിജി സന്ധിച്ചതും ശ്രദ്ധേയമായി.
എന്നെ സംബന്ധിച്ചിടത്തോളം അത്യന്തം ആഹ്ലാദകരമായ ഒന്നുരണ്ട് പേരുടെ സമ്പര്‍ക്കം ഉണ്ടായി. പഴയങ്ങാടിക്കാരന്‍ കേളപ്പനാണതിലൊന്ന്. 1958 ല്‍ ഞാന്‍ കണ്ണൂരില്‍ പ്രചാരകനായി എത്തിയ കാലത്താണദ്ദേഹത്തെ ആദ്യം കണ്ടത്. ഇന്നു തൊണ്ണൂറുകഴിഞ്ഞ കേളപ്പനിലെ ‘ക്ഷീണിക്കാത്ത മനീഷ’ ഉണര്‍ന്നുതന്നെയിരിക്കുന്നു. പഴയങ്ങാടിയില്‍ വണ്ടിയിറങ്ങി, അടുത്തുള്ള മാടായി, വേങ്ങര ശാഖകളിലാണ് രണ്ടുദിവസങ്ങള്‍ കഴിച്ചുകൂട്ടിയത്. ആ ശാഖകളിലെ സ്വയംസേവകരുടെ ഐക്കണ്‍ പോലെയായിരുന്നു കേളപ്പന്. അന്നദ്ദേഹം മൈസൂര്‍ സംസ്ഥാനത്തെ (ഇപ്പോള്‍ കര്‍ണാടക) കോളാറില്‍ ജോലി ചെയ്യുകയായിരുന്നെന്നുതോന്നുന്നു.
വേങ്ങരയിലെ സ്വയംസേവകര്‍ പൂരക്കളി അഭ്യസിക്കുന്നുണ്ടായിരുന്നു. പരമ്പരാഗതമായ പൂരക്കളിപ്പാട്ടുകള്ക്കൊപ്പം പാടാനായി പൂജനീയ ഡോക്ടര്‍ജിയെ വിഷയമാക്കിക്കൊണ്ടുള്ള ഒരു പാട്ടുപാടിയും അവര്‍ കളിച്ചു. ആ പാട്ടു കേളപ്പന് എഴുതി ചിട്ടപ്പെടുത്തിയതായിരുന്നുവത്രേ. പിന്നീട് ജനസംഘത്തിന്റെ മുഴുസമയ പ്രവര്‍ത്തകനായി പാലക്കാട്ടും എറണാകുളത്തും മറ്റും പ്രവര്‍ത്തിച്ച ടി.വി.ഗോപാലനായിരുന്നു വേങ്ങര ശാഖയിലെ മുഖ്യ ശിക്ഷക്. ഔപചാരിക വിദ്യാഭ്യാസം അധികമില്ലായിരുന്നെങ്കിലും സ്വാധ്യായത്തിലൂടെ വിവിധ വിഷയങ്ങളില്‍ ഗോപാലന് നല്ല പരിജ്ഞാനം നേടി. അക്കാലത്ത് ഗോപാലന്റെ ആദര്‍ശപുരുഷന്‍ കേളപ്പനായിരുന്നു. അടിയന്തരാവസ്ഥക്കാലത്തു പാലക്കാട്ടും പരിസരങ്ങളിലുമായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചത്.
പിന്നീട് കഥാപ്രസംഗം, ആദ്ധ്യാത്മിക പ്രഭാഷണം എന്നിവയും പയറ്റി. ഭാരതവധുവെന്ന പേരില്‍ കുന്തിയെപ്പറ്റിയെഴുതിയ പഠനഗ്രന്ഥം വളരെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. വിലങ്ങന്‍ ആശ്രമമാണ് അത് പ്രസിദ്ധീകരിച്ചതെന്നു തോന്നുന്നു. പിന്നീടദ്ദേഹം സന്യാസിയായി അട്ടപ്പാടിയില്‍ ആശ്രമം സ്ഥാപിച്ചു. അവിടെത്തന്നെ സമാധിയായി എന്നാണ് അറിഞ്ഞത്. 1990 കള്‍ക്കുശേഷം ഞങ്ങള്‍ക്ക് സമ്പര്‍ക്കമില്ല.
ഗോപാലന് ഇടയ്ക്കു പയ്യന്നൂരില്‍നിന്ന് ഒരു വാരിക (മാസിക?) പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഒന്നുരണ്ടു ലേഖനങ്ങള്‍ അയച്ചുകൊടുത്തിരുന്നു. കേളപ്പനെപ്പറ്റി വിവരിച്ചു ഗോപാലനിലെത്തി. മൈസൂര്‍ സംസ്ഥാനത്തു ജോലി തേടിച്ചെന്ന് അവിടെ പ്രചാരകനായി പലയിടങ്ങളിലും പ്രവര്‍ത്തിച്ചുവെങ്കിലും അന്യസംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച മറ്റു പ്രചാരകരെപ്പോലെ അടുത്തകാലംവരെ അദ്ദേഹം പരിഗണിക്കപ്പെട്ടില്ലെന്നു തോന്നുന്നു. എന്റെ എട്ടുവര്‍ഷത്തെ കണ്ണൂര്ക്കാലത്ത് ഒരിക്കലേ കേളപ്പനെ കണ്ടിട്ടുള്ളൂ. അന്നത്തെ ചെറുപ്പവും ഊര്‍ജസ്വലതയും ഈ തൊണ്ണൂറാം കാലത്ത് പ്രതീക്ഷിക്കാന്‍ വയ്യെങ്കിലും സംഗമത്തില്‍ തന്നെത്താന്‍ പരിചയപ്പെടുത്തുന്ന കാര്യക്രമത്തില്‍ അദ്ദേഹം സ്വയം അവതരിപ്പിച്ചത് കേട്ടവര്‍ക്ക് ഏഴുപതിറ്റാണ്ടുകാലത്തെ സംഘസപര്യ എത്ര സംഭവബഹുലമായിരുന്നുവെന്നതിന്റെ സൂചന ലഭിച്ചിരിക്കും. രണ്ടുമൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ നടന്ന പ്രൗഢസംഗമത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് പ്രചാരക ജീവിതവും ജീവിതായോധനത്തിനായുള്ള ജോലിയും കഴിഞ്ഞ് വിശ്രമജീവിതത്തിന് കാസര്‍കോട്ടു ജില്ലയിലെ നീലേശ്വരത്ത് താമസമാക്കിയ കേളപ്പനെക്കണ്ട് വിശദമായി പരിചയപ്പെട്ടത്.
മണ്ണൊലിപ്പു നിവാരണ, മണ്ണു സംരക്ഷണ വകുപ്പിലെ ഉദ്യോഗവും വിശ്വഹിന്ദുപരിഷത്തിന്റെ സംസ്ഥാനതല ചുമതലകളും വഹിച്ചശേഷം കണ്ണൂരിലെ പ്രൗഢസംഗമത്തിന്റെയും മറ്റു പല ട്രസ്റ്റുകളുടെയും മറ്റും ചുമതല വഹിക്കുന്ന മാടായിയിലെ എ.കെ.നാരായണനാണ്, തന്റെ വലിയച്ഛന്റെ മകനായ കേളപ്പേട്ടനുമായി വിശദമായ പരിചയപ്പെടലിനിടവരുത്തിയത്.
സംഗമത്തില്‍ കാണാന്‍ കൊതിച്ചിരുന്ന ചിലരെത്താത്തതിലും ഇച്ഛാഭംഗമുണ്ടായി. തൃശ്ശിവപേരൂരില്‍ താമസമാക്കിയ സനല്‍കുമാറായിരുന്നു ഒരാള്‍. കുരുക്ഷേത്ര പ്രസിദ്ധീകരണത്തിന്റെ പ്രാരംഭമദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു. അമൃതഭാരതി വിദ്യാപീഠത്തെ ഇന്നത്തെ സ്ഥിതിയിലെത്തിക്കാന്‍ പരിശ്രമിച്ച അദ്ദേഹം എംഎ സാറിന്റെ കണ്ടെത്തലാണ്. അനുഗൃഹീത ഗായകനും സംഘാടകനുമായ സനല്‍കുമാര്‍ അടിയന്തരാവസ്ഥക്കെതിരായ കണ്ണൂരിലെ സംഘര്‍ഷത്തിന്റെ ചുക്കാന്‍ പിടിച്ച ആളായിരുന്നു.
അതുപോലെ തന്നെ കാണാന്‍ ആഗ്രഹിച്ച പി.വാസുദേവന്‍, സംഗമത്തിന്റെ വിവരം വേണ്ടവിധം യഥാസമയം അറിയാത്തതിനാല്‍, വേണ്ട തയ്യാറെടുപ്പുകള്‍ ചെയ്യാനാവാതെ പോയതാണെന്ന് പിന്നീട് ഫോണില്‍ അറിയിച്ചു.
1958-59 കാലത്ത് ഞാന്‍ പ്രചാരകനായി പേരാമ്പ്രയില്‍ പോയ കാലത്ത് അവിടുത്തെ പ്രധാന കാര്യകര്‍ത്താവായിരുന്നു വാസുദേവന്‍. ഈര്‍ച്ചപ്പണിയുടെ കഠിനമായ കായികാധ്വാനത്തിനുശേഷമായിരുന്നു അദ്ദേഹം ശാഖയിലെ ചുമതലകള്‍ നിര്‍വഹിക്കാറ്. ഔപചാരിക ആംഗല വിദ്യാഭ്യാസം ഒരാളുടെ യഥാര്‍ത്ഥ ഉയര്‍ച്ചക്കും വളര്‍ച്ചയ്ക്കും അനിവാര്യമല്ലെന്ന് സ്വന്തം ജീവിതംകൊണ്ടദ്ദേഹം തെളിയിച്ചുതന്നു. കുടുംബസ്ഥനായശേഷം പ്രചാരകനായ വാസുദേവന്‍ സംഘത്തിന്റെ വിഭാഗ് പ്രചാരകനും പിന്നീട് വിശ്വഹിന്ദുപരിഷത്തിന്റെ സംസ്ഥാനതല ചുമതലയുള്ള പ്രവര്‍ത്തകനുമായി. ഇപ്പോള്‍ അനാരോഗ്യക്ലിഷ്ടയായ സഹധര്‍മിണിയുമൊത്ത്, കുളത്തൂര്‍ ആശ്രമത്തില്‍ താമസിക്കുകയാണ്. അദ്ദേഹത്തിന്റെ മകന് കെ.മോഹന്‍ദാസ് ജന്മഭൂമിയുടെ കോഴിക്കോട് പതിപ്പിന്റെ ചുമതല വഹിക്കുന്നു.
സ്വര്‍ഗീയ ഭാസ്കര്‍റാവുജിയുടെ സ്നേഹാശീര്വാദങ്ങള്ക്കൊണ്ട് അനുഗൃഹീതമാണ് വാസുദേവന്റെ ജീവിതയാത്ര. അദ്ദേഹത്തിന്റെ മനഃശാസ്ത്രപരമായ, സാന്ത്വനമരുളുന്ന കത്തുകള്‍ വായിക്കാന്‍ ലഭിച്ചപ്പോള്‍ ആ മഹാമനുഷ്യന്റെ സമ്പര്‍ക്കത്തില്‍ വരാനും സ്നേഹലാളനകള്‍ അനുഭവിക്കാനും കഴിഞ്ഞതിന്റെ അനുഭൂതി ഒരിക്കല്‍ക്കൂടി ഉണ്ടായി.
പഴയകാലത്തു പ്രചാരകന്മാര് സഞ്ചരിച്ച കണ്ടകാകീര്‍ണ മാര്‍ഗങ്ങളെപ്പറ്റി പലരും അനുസ്മരിച്ചിരുന്നു. അവര്‍ക്ക് ഭാസ്കരീയം പോലുള്ള ശീതീകരിച്ച ശാലയില്‍ കഴിയുന്നതിന്റെ അസ്വാരസ്യവും ചിലര്‍ പറയുകയുണ്ടായി.
നാം യാത്രയില്‍ തീരെ പിന്നിലാവാന്‍ പാടില്ല എന്നും പരിഷ്കാരത്തിന്റെ കാര്യത്തില്‍ എല്ലാവരുടെയും മുന്നിലാകുകയും വേണ്ട എന്നുമുള്ള സ്വര്‍ഗീയ യാദവറാവു ജോഷിജിയുടെ അഭിപ്രായമാണ് അപ്പോള്‍ മനസ്സില്‍ വന്നത്. സര്വസാധാരണക്കാരില് ഇഴചേര്‍ന്ന ജീവിതമാണ് സംഘപ്രവര്‍ത്തകര്‍ നയിക്കേണ്ടതെന്നു അവരില്‍ ഒരാളായി കഴിയുമ്പോഴേ സഫലമായി പ്രവര്‍ത്തിക്കാനാകൂ എന്ന് അദ്ദേഹം പറയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: