കോളേജ് വിദ്യാഭ്യാസത്തിനായി 1951 ല്‍ തിരുവനന്തപുരത്തെത്തിയപ്പോഴാണ് സംഘവുമായി ബന്ധപ്പെടാനവസരമുണ്ടായത്. അപ്പോള്‍ അവിടുത്തെ ശാഖകളുടെ സാംഘിക്കിനും മറ്റു പൊതുവായ പരിപാടികള്‍ക്കും പോയപ്പോള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞുനിന്ന പേര് പരമേശ്വര്ജിയുടെതായിരുന്നു. അദ്ദേഹത്തിന്റെ കവിതകള്‍ ഗണഗീതങ്ങളായി ആലപിച്ചതും ബൗദ്ധികമായ ഔന്നത്യവും ഒക്കെ സ്വയം സേവകര്ക്കിടയില് സംഭാഷണ വിഷയമായിരുന്നു. പരമേശ്വര്‍ജി പ്രചാരകനായി കോഴിക്കോട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പരാമര്‍ശിക്കാറുണ്ടായിരുന്നു.
അദ്ദേഹത്തെ നേരില്‍ കാണുവാനും പരിചയപ്പെടാനും വര്‍ഷങ്ങള്‍ കഴിയേണ്ടി വന്നു. അതിനുശേഷം നിലനിന്ന അടുപ്പം വിവരണാതീതമായി. പ്രചാരകനായി വന്നപ്പോള്‍ അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനത്തില്‍ ചാവക്കാട് ഗുരുവായൂര്‍ ഭാഗത്താണ് പ്രവര്‍ത്തിക്കേണ്ടതെന്ന് പ്രാന്തപ്രചാരക് ദത്താജി ഡിഡോള്‍ക്കറുടെ നിര്‍ദ്ദേശം വന്നു. അങ്ങനെ ചാവക്കാട്ടെത്തിയപ്പോള്‍ പരമേശ്വര്‍ജി കൂട്ടുങ്ങല്‍ ബസ് സ്റ്റോപ്പില്‍ കാത്തുനിന്നു. അങ്ങനെ ഗുരുവായൂര്‍ ചാവക്കാട് ഭാഗത്താണ് ഇന്നിംഗ്സ് ആരംഭിച്ചത്. ആദ്യദിവസങ്ങളില്‍ത്തന്നെ അവിടുത്തെ സംഘാന്തരീക്ഷത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വം, പൊന്നാനിയില്‍ പ്രചാരകനായിക്കഴിഞ്ഞ കോതാട്ടില്‍ ബാലകൃഷ്ണന് നായരുടെതാണെന്നു മനസ്സിലായി. പക്ഷേ ബാലകൃഷ്ണന് നായരെ കാണാന്‍ മാസങ്ങളെടുത്തു.
1948 ലെ നിരോധനത്തിനെതിരായ സത്യഗ്രഹത്തിന്റെ ഒന്നാം സംഘത്തില്‍ ചേര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന ആളാണ് ബാലകൃഷ്ണന് നായരെന്നറിഞ്ഞു. നിരോധനം അവസാനിച്ച് വീണ്ടും ശാഖാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ ശിക്ഷണം ലഭിച്ച കാര്യകര്‍ത്താക്കളുടെ കുറവ് നികത്താനായി 1950 ല്‍ നാഗ്പൂരില്‍ ഒരു വര്‍ഷം മുഴുവനും ശിക്ഷാവര്‍ഗുകള്‍ നടത്തപ്പെട്ടു. ഒരുമാസക്കാലം സ്വയംസേവകര്‍ക്ക് പോയി പരിശീലനം നേടാം. ചാവക്കാട്ടെ പഴയ സ്വയംസേവകനായ വി.വേലുവും ബാലകൃഷ്ണന് നായരും അന്നത്തെ മലബാര്‍ പ്രചാരകനായിരുന്ന ശങ്കര്‍ ശാസ്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നാഗ്പൂരില്‍ പോയി. വേലു ഇന്നില്ല. അദ്ദേഹത്തിന് 57-58 കാലത്ത് രക്തവാതം വന്ന് അത്യന്തം അവശനാകുകയും നിരവധി മാസങ്ങള്‍ നീണ്ട ആയുര്‍വേദ ചികിത്സക്കുശേഷം കഷ്ടിച്ച് നടക്കാനും മറ്റും പ്രാപ്തനാകുകയും ചെയ്തു. അതിനുശേഷം അദ്ദേഹം സ്ഥിരതാമസം തന്നെ ഗുരുവായൂര്‍ സന്നിധിയിലെന്നപോലെയായി. വാതാലയേശന്‍ വാതരോഗത്തില്‍നിന്ന് അദ്ദേഹത്തെ ഏതാണ്ട് മുക്തനാക്കി.
ഞാന്‍ ഗുരുവായൂര്‍ ഉള്ള കാലത്തുതന്നെ ബാലകൃഷ്ണന് നായര്‍ പൊന്നാനിയില്‍നിന്നു മടങ്ങി ഒരുമനയൂരെ ഭവനത്തിലെത്തി. ആ മേഖലയിലെ മുതിര്‍ന്ന സ്വയംസേവകരെ പരിചയപ്പെടുത്തുകയെന്ന കൃത്യം അദ്ദേഹം നിര്‍വഹിച്ചു. കൂട്ടുങ്ങള്‍ അങ്ങാടിയില്‍ സ്വര്‍ണ്ണപ്പണി ചെയ്തിരുന്ന ജ്യോതിഷികൂടിയായ സി.കെ.ചാത്തുക്കുട്ടിയുടെ കടയിലെ ബഞ്ചിലാണ് ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍ നടന്നുവന്നത്. സൂര്യനു താഴെ ഒരു വിഷയവും അവിടെ ചര്‍ച്ച ചെയ്യാതിരുന്നില്ല. ചാത്തുക്കുട്ടിയുടെ സ്യാലന്‍ (പേര് മറന്നു) കമ്മ്യൂണിസ്റ്റുകാരനായിരുന്നതിനാല് ചര്‍ച്ചകളില്‍ രൂക്ഷമായ വിമര്‍ശനമുണ്ടായി.
അക്കാലത്താണ് ഒന്നാം ഇഎംഎസ് മന്ത്രിസഭാ രൂപീകരണവും ശബരിമല തീവെപ്പു സംബന്ധിച്ച കെ.കേശവമേനോന് റിപ്പോര്‍ട്ടു പുറത്തുവന്നതുമൊക്കെ. റിപ്പോര്‍ട്ട് മുഴുവനായി പത്രങ്ങള്‍ (അന്ന് മാതൃഭൂമി, ദേശാഭിമാനി, ചന്ദ്രിക എന്നീ പത്രങ്ങളെ അവിടെ കിട്ടുമായിരുന്നുള്ളൂ) പ്രസിദ്ധീകരിച്ചു. ശബരിമലയാത്രയ്ക്കു ആളുകള്‍ വര്‍ധിച്ചുവന്നത് തീവെപ്പു കഴിഞ്ഞിട്ടായിരുന്നല്ലൊ. റിപ്പോര്‍ട്ട് അവിടെ ഉറക്കെ വായിക്കപ്പെട്ടു. സോവ്യറ്റ് യൂണിയന്റെ ആദ്യത്തെ ഉപഗ്രഹം സ്പുട്നിക്-1 ഭൂപ്രദക്ഷിണം നടത്തിയ ആവേശകരമായ വാര്‍ത്തയും ചാത്തുക്കുട്ടിയുടെ കടയില്‍നിന്നു തന്നെ വായിച്ചു. അതിനെപ്പറ്റിയും ചര്‍ച്ചയില്‍ അധ്യക്ഷന്‍ മറ്റാരുമായിരുന്നില്ല. ചാത്തുക്കുട്ടിയുടെ സ്യാലന്‍ തലയുയര്‍ത്തി. കമ്മ്യൂണിസത്തിന്റെ മേന്മയാണെന്ന് പറഞ്ഞതും ഓര്‍മയില്‍ വന്നു.
ഇതൊക്കെ ഇത്ര വിവരിച്ചത് കഴിഞ്ഞ ആഴ്ചയില്‍ ബാലകൃഷ്ണന് നായരെ, പറപ്പൂരുള്ള അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നുകണ്ട സന്തോഷത്തിലാണ്. വളരെ വര്‍ഷങ്ങളായി അദ്ദേഹം ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ പലചരക്കുകട നടത്തിയിരുന്നു. ക്ഷേത്രദര്‍ശനത്തിനെത്തുന്ന സ്വയംസേവകര്‍ മുടങ്ങാതെ അവിടെച്ചെന്നു സാന്നിധ്യം വരവുവെക്കുമായിരുന്നു. അരമണിക്കൂര്‍ അവിടെയിരുന്നാല്‍ ലഭിക്കുന്ന വിവരത്തിന് അതിരുണ്ടായിരുന്നില്ല. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കച്ചവടം മതിയാക്കി പറപ്പൂരില്‍ ഉണ്ടായിരുന്ന സ്ഥലത്തു വീടുവെച്ച് വിശ്രമജീവിതം നയിക്കുന്നു. നാലുവര്‍ഷങ്ങള്‍ക്കുമുമ്പ് ജന്മഭൂമിയില് അദ്ദേഹത്തെ പരാമര്‍ശിച്ചത് ആരോ ശ്രദ്ധയില്‍പ്പെടുത്തുകയും എന്നെ ഫോണില്‍ വിളിച്ച് കുശലാന്വേഷണം നടത്തുകയുമുണ്ടായി. കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു ഞാന്‍ അദ്ദേഹത്തിന് കത്തയച്ചു.
തൃശ്ശിവപേരൂരിലെ പഴയ സ്വയംസേവകനും അടിയന്തരാവസ്ഥക്കാലത്ത് പ്രചാരകനുമായിരുന്ന അനന്തന് അദ്ദേഹത്തെ ചെന്നുകാണുകയും പഴയ കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തപ്പോള്‍ വീണ്ടും എന്റെ വിഷയം വന്നു.
കേരളത്തിലെ സ്വയംസേവകരുടെ വല്യേട്ടന് സ്ഥാനത്തിനര്ഹനാണ് ബാലകൃഷ്ണന് നായര്‍ എന്നുപറയാം. 1946 ല്‍ ഗുരുവായൂര്‍ ഭാഗത്തു സംഘപ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അദ്ദേഹവും അതില്‍പ്പെട്ടു. ഒരു നമ്പീശനാണ് ആദ്യശാഖാ ആരംഭിച്ചതത്രെ. ടി.എന്‍.മാര്‍ത്താണ്ഡവര്‍മ, കൃഷ്ണശര്‍മ, കേസരി രാഘവന് തുടങ്ങിയവരാണ് ആദ്യകാല പ്രചാരകന്മാരെന്നദ്ദേഹം ഓര്‍ക്കുന്നു. വാടാനപ്പിള്ളി, തളിക്കുളം, തൃപ്രയാര്‍, കുണ്ടഴിയൂര്‍, പെരിങ്ങാട്, മാമാബസാര്‍, ഗുരുവായൂര്‍, ചാവക്കാട്, തിരുവത്ര മണത്തല, ഇരിങ്ങപ്രം തുടങ്ങിയ സ്ഥലങ്ങള്‍ക്കു പുറമെ തൃശൂര്‍ ശാഖയുടെ കൂടി മേല്‍നോട്ടം വഹിക്കേണ്ടി വന്ന അവസരവും ഉണ്ടായതായി ബാലകൃഷ്ണന് നായര്‍ അയവിറക്കി. ഭൂതകാലത്തേക്കുള്ള യാത്രയായിരുന്നു പറപ്പൂരിലെ വീട്ടില്‍ കഴിച്ച രണ്ടുമണിക്കൂര്‍.
1948 ല്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോടു പോയതും രാത്രിയില്‍ ചുവരെഴുത്തു നടത്തിയതും പോസ്റ്റര്‍ ഒട്ടിച്ചതും ഭാഗ്യംകൊണ്ട് പോലീസ് പിടിക്കാതെ പോയതും സത്യഗ്രഹം ആരംഭിച്ചപ്പോഴേക്കും അറസ്റ്റിലായതും ശിക്ഷ ഏറ്റുവാങ്ങിയതും ശിക്ഷിച്ച മജിസ്ട്രേറ്റ് സംഘാനുഭാവി ആയതിനാല്‍ തടവുകാര്‍ക്ക് എ ക്ലാസ് അനുവദിച്ചതും കണ്ണൂര്‍ ജയിലിലെ ദിവസവും സമൃദ്ധമായ ഭക്ഷണത്തോടു കൂടിയ ജീവിതവും അദ്ദേഹം വിവരിച്ചു. അന്നത്തെ പല സഹതടവുകാരുടെയും പേരുകള്‍ ഓര്‍ക്കുന്നു. ജയിലില്‍ നെയ്യ് വിളമ്പിയതിനാല്‍ നെയ് കമത്ത് എന്നുവിളിച്ചിരുന്ന തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥിയെ പരാമര്‍ശിച്ചു. എന്റെ വിദ്യാഭ്യാസകാലത്ത് തിരുവനന്തപുരം ശാഖയുടെ പൂര്‍ണ ചുമതല വഹിച്ചിരുന്ന ദിവാകര്‍ കമ്മത്ത് പിന്നീട് റാഞ്ചിയിലും ആസ്ട്രേലിയയിലുമൊക്കെ ജീവിച്ച്, ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കോയമ്പത്തൂരില്‍ താമസിക്കെ പരിചയം പുതുക്കിയ കാര്യം ഞാന്‍ അറിയിച്ചു.
93-ാം വയസ്സിലും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാതെ താമസിക്കുന്ന, മനസ്സുകൊണ്ടു യുവത്വം നിലനിര്‍ത്തുന്ന ബാലകൃഷ്ണന് നായരെ കുടുംബസഹിതം ചെന്നു കാണാന്‍ സാധിച്ചത് വലിയ സന്തോഷത്തിന് വകയായി. കേരളത്തില്‍ സംഘത്തിനടിത്തറയുറപ്പിച്ച അദ്ദേഹത്തെപ്പോലുള്ളവര്‍ക്ക് സഹസ്ര കിരണങ്ങള്‍ പ്രസരിപ്പിച്ചുകൊണ്ട് ഇന്ന് കേരളത്തിലും ഭാരതത്തിലും മാത്രമല്ല ലോകമെങ്ങും പ്രകാശം പരത്തുന്ന സംഘപ്രഭാവം, തികഞ്ഞ സംതൃപ്തിയും ചാരിതാര്‍ത്ഥ്യവും നല്കുന്നുണ്ടാവുമെന്ന് തീര്‍ച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: