കഴിഞ്ഞ ദിവസം രണ്ടുസന്ദര്ശകര് വീട്ടിലെത്തി, യുവദമ്പതിമാര്‍. രണ്ടുമാസം മുമ്പ് ആലുവയില്‍ നടന്ന അടിയന്തരാവസ്ഥ പീഡിത കണ്‍വെന്‍ഷനില്‍ വെച്ചാണവരെ ആദ്യം പരിചയപ്പെട്ടത്. ലിഷ അന്ന എന്ന ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തകയും ഭര്‍ത്താവ് ബാലരാമ കൈമള്‍ എന്ന എഞ്ചിനീയറിങ് കോളേജ് അധ്യാപകനും. ഇരുവരുടെയും താല്‍പ്പര്യങ്ങള്‍ തങ്ങളുടെ അക്കാദമിക മേഖലയ്ക്ക് പുറത്ത് വിവിധ വിഷയങ്ങളില്‍ വ്യാപരിക്കുന്നു. ലിഷ ഓണ്‍ലൈന്‍ പത്രത്തിന്റെ മേഖലയിലാണ്. കണ്‍വെന്‍ഷനില്‍ ധാരാളം പേരുടെ വ്യക്തിപരമായ അനുഭവങ്ങളുടെയും വികാരങ്ങളുടെയും വിവരണങ്ങള്‍ കേട്ടപ്പോള്‍, മുമ്പു വായിച്ചറിഞ്ഞതിലും അപ്പുറത്ത് ആഴത്തിലുള്ള ഒട്ടേറെ സംഗതികളുണ്ടെന്ന് മനസ്സിലായി. അടിയന്തരാവസ്ഥയിലേക്കു നയിച്ച സംഭവങ്ങളുടെ പിന്നാമ്പുറങ്ങള്‍ അറിയാന്‍ ഔത്സുക്യം പ്രദര്‍ശിപ്പിച്ചു. അങ്ങനെ ഒരുപാടു കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ഇരുവരും ഇപ്പോള്‍ താമസം പെരുമ്പാവൂര്‍ ആണെങ്കിലും ബാലരാമ കൈമള്‍ തൊടുപുഴ കോടിക്കുളംകാരനാണ്.
അദ്ദേഹത്തിന്റെ അപ്പൂപ്പന് രാമകൈമള്‍ എന്നെ പ്രൈമറി ക്ലാസില്‍ പഠിപ്പിച്ച അധ്യാപകനുമാണ്. അക്കാലത്ത് 1940 കളില്‍ ഞങ്ങള്‍ മണക്കാട്ട് അടുത്തടുത്ത വീട്ടുകാരായിരുന്നു. അദ്ദേഹത്തിന്റെ അനുജന് കൃഷ്ണകൈമള്‍ സഹപാഠിയും. കൃഷ്ണകൈമള്‍ പ്രൈമറി പഠനം കഴിഞ്ഞു മുട്ടത്ത് സംസ്കൃത സ്കൂളില്‍ ചേര്‍ന്നു. രാമകൈമള്‍ സാര്‍ അധ്യാപനത്തിനു പുറമെ സാംസ്കാരിക കലാസാഹിത്യ രാഷ്ട്രീയ രംഗങ്ങളില്‍ വ്യാപരിച്ചു. മണക്കാട്ടെ ആദ്യകാല കമ്മ്യൂണിസ്റ്റുകളില്‍ അദ്ദേഹവും പെടും. ഞാന്‍ കോളേജില്‍ ചേരാന്‍ തിരുവനന്തപുരത്തുപോയതും അവിടെ സംഘശാഖയില്‍ എത്തിയതുമൊക്കെ വെക്കേഷന് കാലത്തെ സംഭാഷണങ്ങള്‍ക്കിടയില്‍ കൈമള്‍ സാര്‍ മനസ്സിലാക്കിയപ്പോള്‍, അതില്‍നിന്നു പിന്തിരിപ്പിക്കാന് ഉപദേശവും ബോധവല്‍ക്കരണവും കുറേ നടത്തി. ആര്‍എസ്എസിന്റെ തനിസ്വരൂപത്തെപ്പറ്റിയുള്ള കമ്മ്യൂണിസ്റ്റ് വിശദീകരണമായിരുന്നു ഏറെയും. കൂടെ സോവ്യറ്റ് യൂണിയനും സഖാവ് സ്റ്റാലിനും മാനവ സമുദായത്തിന്റെ വിമോചനത്തിനുവേണ്ടി ചെയ്യുന്ന വിപ്ലവകരമായ കാര്യങ്ങളും.
പത്തിരുപതു വര്‍ഷങ്ങള്‍കൊണ്ട് കൈമള്‍ സാറിന്റെ നോട്ടത്തിലും സമീപനത്തിലും ധാരണകളിലും അടിയോടെ പരിവര്‍ത്തനമുണ്ടായി. കമ്മ്യൂണിസത്തിന്റെ വിപര്യയത്തില്‍ അദ്ദേഹം നിരാശനായി. തന്റെ മനസ്സില്‍ പരമ്പരാഗതമായി വേരുറച്ച ഹൈന്ദവ ധാര്‍മിക ബോധം ഉണര്‍ന്നു. ക്രമേണ സംഘത്തോട് അടുപ്പുമുണ്ടായി. അദ്ദേഹം സ്ഥിരതാമസമാക്കിയ കോടിക്കുളം ഗ്രാമത്തിലെ ഹൈന്ദവ നവോത്ഥാനത്തിന്റെ മുന്നണിയിലെത്തി. മകന് ഉണ്ണികൃഷ്ണന് സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായി. കൈമള്‍ സാര്‍ തന്നെ വിശ്വഹിന്ദുപരിഷത്തിന്റെ ജില്ലാതല ചുമതലകള്‍ വഹിച്ചു. കോടിക്കുളത്ത് വിദ്യാനികേതന്‍ വിദ്യാലയം സ്ഥാപിക്കാന്‍ മുന്നിട്ടുനിന്നു.
രാമകൈമള്‍ സാറിന്റെ മകള്‍ ഡോ. വാസന്തി കുഞ്ഞമ്മയുടെ മകനാണ് ബാലരാമകൈമള്‍. ആലുവയില്‍ വെച്ച്, വളരെ സമയം ഒരുമിച്ചു ചെലവഴിച്ചപ്പോള്‍ ഇനിയും ധാരാളം ആശയവിനിമയത്തിനുണ്ട് എന്നുതോന്നിയിരുന്നു. ഏതു കാര്യത്തെയും ആഴത്തില്‍ മനസ്സിലാക്കാനും വിശകലന വിമര്‍ശനബുദ്ധ്യാ വിലയിരുത്താനുമുള്ള സ്വഭാവം അദ്ദേഹത്തിനുണ്ട്. പെരുമ്പാവൂരില്‍ പരേതനായ പെരച്ചേട്ടന്‍ പ്രചാരകനായിരുന്നതിന്റെ ഓര്‍മകള്‍, അദ്ദേഹത്തോട് ആരാധനയോളമെത്തുന്ന മനോഭാവമുണ്ടാക്കിയതായി തോന്നി. പെരുമ്പാവൂരില്‍ സംഘത്തിന്റെയും ഹിന്ദുസമാജത്തിന്റെയും ഇടം ഉറപ്പിക്കാന്‍ പെരച്ചേട്ടനാണ് കാരണമെന്നദ്ദേഹം അഭിപ്രായപ്പെട്ടു. ഊര്‍ജസ്വലത നിറഞ്ഞ കരുത്തുറ്റ പെരച്ചേട്ടനെ കോഴിക്കോട്ട് കാര്യാലയത്തില്‍ ചെന്നു കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ അവശനില വളരെ വിഷമമുണ്ടാക്കി.
ചരിത്രം, പുരാവസ്തുവിജ്ഞാനം, സംസ്കാരം തുടങ്ങിയ കാര്യങ്ങളിലും അദ്ദേഹത്തിന് വലിയ താല്‍പ്പര്യമുള്ളതായി തോന്നി. തെക്കെ മലബാറിലെ, വള്ളുവനാട് താലൂക്കില്‍ ഷൊര്‍ണ്ണൂരും പരിസരങ്ങളിലും പ്രാചീനകാലത്തുണ്ടായിരുന്ന ലോകപ്രസിദ്ധമായ ഇരുമ്പുരുക്ക് നിര്‍മാണത്തെക്കുറിച്ചും അദ്ദേഹം താല്‍പ്പര്യപൂര്‍വം സംസാരിച്ചു. ചരിത്രഗവേഷകനായ ഡോ.എന്‍.എം. നമ്പൂതിരിയുടെ ലേഖനങ്ങളും പുസ്തകങ്ങളും ധാരാളം വായിച്ചിട്ടുണ്ട്. പഴയ ഉരുക്ക് നിര്‍മാണ പ്രക്രിയയില്‍ ഉപയോഗിച്ചിരുന്ന ഊഞ്ഞാല എന്ന ചൂളയെപ്പറ്റിയും ചര്‍ച്ച ചെയ്തു. ബാലരാമകൈമളിലെ എഞ്ചിനീയറെയും ചരിത്ര കുതുകിയെയും അപ്പോള്‍ പരിചയമായി.
ചട്ടമ്പിസ്വാമികള്‍ നടത്തിയ ഭാഷാശാസ്ത്ര പഠനം അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്. തമിഴാണ് ആദിമഭാഷയെന്ന അഭിപ്രായമാണദ്ദേഹത്തിനും. ഈയവസരത്തില്‍ ശ്രീഗുരുജിയുടെ ചില പരാമര്‍ശങ്ങള്‍ ഓര്‍മയില്‍ വരികയാണ്. വൈദിക മന്ത്രങ്ങളില്‍ പ്രയോഗിക്കപ്പെടുന്ന ചില വാക്കുകള്‍ പ്രാചീന തമിഴിലും കാണാമെന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. വേവിച്ച അരി യജ്ഞങ്ങള്ക്കുപയോഗിക്കുമ്പോള് ചരു എന്നുപറയുന്നത്, തന്നയല്ലേ ചോര്‍ എന്നു മലയാളത്തിലും തമിഴിലും പറയുന്നത്?
ഏകദേശം രണ്ടുമൂന്നുമണിക്കൂര്‍ നേരത്തെ വിജ്ഞാനപ്രദമായ സംഭാഷണത്തിനുശേഷം ആലുവ ദമ്പതിമാര്‍ യാത്ര പറഞ്ഞു. 75 വര്‍ഷംമുമ്പ്, രണ്ട് തലമുറകള്‍ക്കപ്പുറം അടുത്ത അയല്‍ക്കാരനായിരുന്ന കൈമള്‍ സാറിന്റെ ദൗഹിത്രനുമായി, തികച്ചും യാദൃശ്ചികമായി പരിചയപ്പെട്ടതും ആ പരിചയം ഒന്നുകൂടി പുതുക്കിയതും ആഹ്ലാദകരമായി. അടിയന്തരാവസ്ഥാ പീഡിതസംഗമമാണ് അതിനുവേദിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: