അതിനായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഒന്നുരണ്ടുദിവസം എറണാകുളത്തു താമസിച്ച് പല പ്രമുഖ വ്യക്തികളുമായി ആശയവിനിമയം നടത്തി. മാധ്യമചര്‍ച്ചകളില്‍ പങ്കെടുക്കുന്ന അഭിഭാഷകരും ഉത്തരഭാരതീയരായ കൊച്ചി നിവാസികളില്‍ പ്രമുഖരേയുമായിരുന്നു അദ്ദേഹം കാണാന്‍ ഉദ്ദേശിച്ചവര്‍. ചില അഭിഭാഷകര്‍ അദ്ദേഹത്തെ കാണാന്‍ തയ്യാറല്ലായിരുന്നു, മറ്റു ചിലരാകട്ടെ സംഘവുമായി യോജിക്കാത്ത കാര്യങ്ങള്‍ സംസാരിക്കാനുള്ള അവസരമായി അതുപയോഗിക്കുമെന്നു മുന്‍കൂട്ടി വെളിപ്പെടുത്തി.
മുസ്ലിംലീഗ് നേതാക്കളും മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കളും വ്യത്യസ്തമായ വിധത്തിലാണ് ഇതിനെപ്പറ്റി പ്രതികരിച്ചുകണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംഘപരിവാര്‍ മുസ്ലിംലീഗുമായി അവിശുദ്ധ സഖ്യം ഉണ്ടാക്കാനുള്ള ഗൂഢനീക്കമാണ് നടന്നതെന്ന് പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കള്‍ മുറവിളി കൂട്ടി നടക്കുകയാണ്. കേന്ദ്രത്തിലെ ബിജെപി ഭരണം ന്യൂനപക്ഷങ്ങള്‍ക്കെതിരായി നിലകൊള്ളുമ്പോള്‍ ഈ നടപടിക്കു മുതിര്‍ന്ന ആര്‍എസ്എസ് നീക്കത്തെ കേരള ജനത തിരിച്ചറിഞ്ഞു പരാജയപ്പെടുത്തുമെന്നും അവര്‍ വിശ്വസിക്കുന്നു.
സമ്പര്ക്കദിന പരിപാടിയുടെ ഭാഗമായി ജനതാദള്‍(യു) നേതാവ് വീരേന്ദ്രകുമാറിനെ സന്ദര്‍ശിച്ചിരുന്നു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന് മാസ്റ്ററുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം കോടിയേരി ബാലകൃഷ്ണനുമായി സംഭാഷണത്തിലായതിനാല് പിന്നൊരവസരത്തിലാവാമെന്നു പറഞ്ഞുവത്രേ. പിറ്റേന്ന് സമയം നല്കിയ എളമരം കരീമിനെ സന്ദര്‍ശിക്കാന്‍ അന്നു മറ്റു പരിപാടികള്‍ ഉണ്ടായിരുന്നതിനാല്‍ മാസ്റ്റര്‍ക്ക് തരമായില്ല. കോഴിക്കോട് മേയര്‍ വി.കെ.സി.മമ്മദ് കോയയെ മറ്റൊരു സംഘം കണ്ടു.
സംഘപ്രവര്‍ത്തനത്തിന്റെ വിജയത്തിന്റെ മുഖ്യ ഘടകമാണ് സമ്പര്‍ക്കം. സംഘത്തിന്റെ ഓരോ തലത്തിലും സമ്പര്ക്കപ്രമുഖരെ നിശ്ചയിക്കുന്ന രീതി ദശകങ്ങളായി നിലനില്ക്കുന്നു. പൊതുരംഗത്തുള്ള ഏതു വ്യക്തിയേയും സംഘത്തിന്റെ ഭാവാത്മകമായ ആശയങ്ങള്‍ പരിചയപ്പെടുത്തുവാനും അവരുമായി സംവദിക്കാനും അടുത്തുവരുവാനുമുള്ള ഫലപ്രദമായ വഴിയാണ് സമ്പര്‍ക്കം.
സംഘസ്ഥാപകനായ ഡോ.ഹെഡ്ഗേവാര്‍ ഇക്കാര്യത്തില്‍ വല്ലഭത്വം തികഞ്ഞ ആളായിരുന്നു. 1939 ലോ മറ്റോ സ്വകാര്യ സംഘടനകള്‍ സൈനിക സ്വഭാവമുള്ള യൂണിഫോം ധരിക്കുന്നതിനെ ചൊല്ലി, സെന്‍ട്രല്‍ പ്രോവിന്‍സ് സര്‍ക്കാര്‍ എടുത്ത നടപടികളുടെ ഭാഗമായി സംഘത്തെ നിരോധിക്കുകയുണ്ടായി. ഡോക്ടര്‍ജിയുടെ സര്‍വസ്പര്‍ശിയായ സമ്പര്‍ക്കത്തിന്റെ ഫലമായി പ്രശ്നം നിയമസഭയില്‍ അവതരിപ്പിച്ചു ചര്‍ച്ച ചെയ്യുകയും വിവിധ കക്ഷികളില്‍ പെട്ട അംഗങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ തീരുമാനം നിരാകരിക്കപ്പെടുകയും ചെയ്തിരുന്നു.
സംഘം വിപുലമായ സമ്പര്‍ക്കത്തിലൂടെയാണ് അതിന്റെ പല ഉദ്ദേശ്യങ്ങളും നടപ്പിലാക്കിയത്. ആറു പതിറ്റാണ്ടുകള്‍ക്കുമുമ്പ് ആരംഭിച്ച ഗോരക്ഷാ മഹാദിയാനിന്റെ ഭാഗമായി ഒന്നേമുക്കാല്‍ കോടിയിലേറെ കൈയൊപ്പുകള്‍ ശേഖരിച്ചത് ലോകമാകെ നോക്കിയാലും അപൂര്‍വതയായിരുന്നു. അന്നു കോളേജു വിദ്യാര്‍ത്ഥികളായിരുന്ന ഞങ്ങള്‍ സമീപിച്ചവരില്‍ ആരുംതന്നെ സഹകരിക്കാതിരുന്നിട്ടില്ല.
ഗുരുജിയുടെ 51-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ഗൃഹസമ്പര്‍ക്കവും അതുപോലെ തന്നെ വിപുലവും വിജയകരവുമായി.
സംഘത്തിന്റെ സമ്പര്‍ക്കത്തില്‍ ജാതി, മത, വര്‍ഗ രാജ്യാതിര് വരമ്പുകള്‍ക്കതീതമായി മാനവസമൂഹത്തെയാകെ ഉള്‍പ്പെടുത്തണമെന്നാണ് വിഭാവന ചെയ്യപ്പെട്ടിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഭാരതത്തിനകത്തു മാത്രമല്ല പുറത്തും ഹൈന്ദവ കൂട്ടായ്മകളും സാംസ്കാരിക പ്രവര്‍ത്തനങ്ങളും വ്യാപകമായി നടന്നുവരുന്നത്. അവിടങ്ങളില്‍ താമസക്കാരായ പ്രവാസി ഹിന്ദുക്കള്‍ മാത്രമല്ല, അന്നാട്ടുകാരും ഹൈന്ദവ സംസ്കാരത്തിലും ഭാരതീയ കുടുംബ ജീവിതരീതിയിലും ആകൃഷ്ടരാകുന്നു.
ഡേവിഡ് ഫ്രോളിയെപ്പോലുള്ള എത്രയോ പേര് നവഹിന്ദുത്വത്തിനെ ശ്ലാഘിക്കുകയും ഹിന്ദുധര്‍മവും സന്യാസം തന്നെയും സ്വീകരിച്ചു ജീവിക്കുകയും ചെയ്യുന്നു.
സംഘത്തിന്റെ ആശയങ്ങളും സ്വാധീനവും ആഴത്തിലും പരപ്പിലും വര്‍ധിച്ചതുകണ്ട്, അതെപ്പറ്റി മനസ്സിലാക്കാനുള്ള ഭാവാത്മകമായ പരിശ്രമങ്ങള്‍ ആദ്യനിരോധനത്തെത്തുടര്ന്നുതന്നെ ആരംഭിച്ചതാണ്. ആന്റണി എലഞ്ഞിമറ്റത്തിന്റെ പുസ്തകം അറുപതുവര്‍ഷം മുമ്പുതന്നെ ഇറങ്ങി, ജെ.സി.കുറന് എന്ന സായിപ്പിന്റെ മിലിറ്റന്റ് ഹിന്ദുയിസം ഇന്‍ ഇന്ത്യന്‍ പോളിറ്റിക്സ് എന്ന പഠനവും അന്‍പതില്‍ പുറത്തിറങ്ങിയ വസ്തു സ്ഥിതികഥന മാത്രമായ പുസ്തകമാണ്. ക്രമേണ ധാരാളം ഹൈന്ദവേതരരും സംഘത്തില്‍ സജീവമായി പങ്കെടുക്കുകയും പരിശീലന ശിബിരങ്ങളില്‍ എത്തുകയും ചെയ്തു.
എല്ലാ മതനേതാക്കളെയും സമ്പര്‍ക്കം ചെയ്യുന്നതിനു നടത്തിയ പരിശ്രമങ്ങള്‍ പ്രതീക്ഷിച്ചതിലും പ്രോത്സാഹജനകമായി. 2005 ല്‍ സംഘത്തിന്റെ 80-ാം ജന്മദിനത്തോടനുബന്ധിച്ച് സമ്പര്‍ക്കത്തിന് പോയപ്പോള്‍ മേവെള്ളൂര്‍ എന്ന സ്ഥലത്തെ മസ്ജിദില്‍ത്തന്നെ, അവിടുത്തെ ഇമാം, ധാരാളം മുസ്ലിം പ്രമുഖരെയും യുവാക്കളെയും ക്ഷണിച്ചുവരുത്തി ആശയവിനിമയത്തിന് അവസരമുണ്ടാക്കിയതോര്ക്കുന്നു. അവിടെ സൗഹാര്ദ്ദത്തിന്റേതല്ലാതെ വിദ്വേഷത്തിന്റെയോ ശങ്കയുടെയോ ലാഞ്ഛനപോലും കണ്ടില്ല.
മാര്‍ത്തോമാസഭയുടെ ആസ്ഥാനത്തു സന്ദര്‍ശനത്തിനായി പരമേശ്വര്‍ജി ചെന്നപ്പോള്‍ മെത്രാപ്പോലീത്താ തന്നെ, അവിടുത്തെ അന്തേവാസികളെയൊക്കെ വിളിച്ചിരുത്തി ഫലപ്രദമായി സംവദിക്കാന്‍ അവസരമുണ്ടാക്കി.
സുദര്‍ശന്‍ജി സര്‍സംഘചാലകനായിരുന്നപ്പോള്‍ വിവിധ ക്രൈസ്തവസഭാ നേതാക്കന്മാരുമായി സൗഹൃദ സംവാദം നടത്താന്‍ ആലുവാ വൈഎംസിഎ ക്യാമ്പ് സൈറ്റിലും എളമക്കരയിലെ പ്രാന്തകാര്യാലയത്തിലും പാലായിലെ ഓശാനാമൗണ്ടില്‍ ക്രൈസ്തവ പഠന കേന്ദ്രത്തിലും അവസരങ്ങളുണ്ടാക്കിയിരുന്നു.
കന്യാകുമാരിയിലെ സമുദ്രത്തില്‍ ഉയര്ന്നുനില്ക്കുന്ന വിവേകാനന്ദ സ്മാരകനിര്‍മാണത്തിനു നേരിടേണ്ടിവന്ന കടമ്പകളെ കടക്കാന്‍ ഏക്നാഥ റാനഡേ നടത്തിയ ഇതിഹാസ സമാനമായ പരിശ്രമത്തിലെ സമ്പര്‍ക്കത്തിന്റെ വ്യാപ്തി ആരെയും അമ്പരിപ്പിക്കുന്നതാണ്, അണ്ണാദുരൈയും കരുണാനിധിയും ജ്യോതിബസുവിന്റെ ധര്‍മപത്നിയും പനമ്പിള്ളിയും ജനറല്‍ മനേക്ഷായുമടക്കം ലക്ഷക്കണക്കിനാളുകള്‍ അതില്‍ അദ്ദേഹത്തിന്റെ സമ്പര്‍ക്കത്തിന്റെ കാന്തികശക്തിയില്പ്പെട്ടു. പിണറായി വിജയന്റെ മൂത്താശാനായിരുന്ന കേരള മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാടു മാത്രമാണ് അന്നു മുഖംതിരിച്ച് ഇടത്തടിച്ചുനിന്നത്.
അതേ സമ്പര്‍ക്കത്തിന്റെ വിജയം നമുക്ക് കുമ്മനം രാജശേഖരന് നടത്തിയ വിമോചനയാത്രയുടെ അസൂയാവഹമായ വിജയത്തിലും കാണാന്‍ കഴിയുന്നു. ബിജെപി സംസ്ഥാനാധ്യക്ഷ സ്ഥാനമേറ്റശേഷം അദ്ദേഹത്തിന്റെ സമ്പര്ക്കത്തില്വരാത്ത ഏതുവിഭാഗവും അതിന്റെ നേതൃത്വവുമാണുള്ളത്? കാപട്യത്തിന്റെ കണികപോലുമില്ലാത്ത ആ നീക്കത്തെ പൂര്‍ണമനസ്സോടെ അവരൊക്കെ ആശ്ലേഷിക്കുകയും ചെയ്തു. സമ്പര്‍ക്കമാണ് സംഘത്തിന്റെ അടിസ്ഥാനം എന്നു പിണറായിമാര്‍ മനസ്സിലാക്കിയാല്‍ ഈ കുശുമ്പിനും അസൂയയ്ക്കും സ്ഥാനമില്ലാതാകും. സമ്പര്ക്കപ്പേടിയും മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: