ഇത് നൗറോതി ദേവി. വയസ്സ് 70. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടില്ല. പക്ഷേ, ഇവര്‍ക്ക് ഗ്രാമീണരുടെ മനസ്സ് അറിയാം. അധ്വാനത്തിന്റെ മഹത്വവും. രാജസ്ഥാനിലെ അജ്മര്‍ ജില്ലയിലെ ഹര്‍മദ ഗ്രാമമുഖ്യയായിരുന്നു നൗറോതി ദേവിയെന്ന ദളിത് വനിത. പ്രായം 70 ആയെങ്കിലും തികഞ്ഞ ഗ്രാമസേവികയാണ് ഇവര്‍. സ്കൂള്‍ വിദ്യാഭ്യാസം ഇല്ലെങ്കിലും കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇവര്‍ നേടിയിട്ടുണ്ട്. ഗ്രാമത്തിലെ മറ്റുയുവതികളേയും കമ്പ്യൂട്ടര്‍ ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് ഇവര്‍ പഠിപ്പിക്കുന്നു.
അനീതിയ്ക്കെതിരെ നൗറോതിയുടെ ശബ്ദം എന്നും ഉയര്‍ന്നുകേള്‍ക്കാം. റോഡ് നിര്‍മാണത്തിനായി പാറപൊട്ടിക്കുന്ന പണിയിലേര്‍പ്പെട്ടിരുന്ന നൗറോതി, കൂലി നല്‍കുന്നതിലെ അനീതിയ്ക്കെതിരെ ശബ്ദം ഉയര്‍ത്തുകയും തൊഴിലാളികളെല്ലാം ഇവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തു.
1980 ലാണ് നൗറോതി തിലോനിയയിലെ ബേര്ഫൂട് കോളേജില്‍ ചേര്‍ന്നത്. ഡിഗ്രിയോ സര്‍ട്ടിഫിക്കറ്റുകളോ ഒന്നും അല്ല ഇവിടെ നിന്നും നല്‍കുന്നത്. പകരം നിര്‍ധനരായ വനിതകളെ സ്വയംപര്യാപ്തരാക്കുകയെന്നതാണ് ഈ കോളേജിന്റെ ലക്ഷ്യം. ധൈര്യമാണ് നൗറോതിയെ മറ്റ് സ്ത്രീകളില്‍ നിന്നും വേര്‍തിരിക്കുന്നത്. വേഗത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവും നേതൃഗുണവും ഇവര്‍ എല്ലായ്പ്പോഴും പ്രകടിപ്പിച്ചിരുന്നു.
ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ച് സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനും നൗറോതി മുന്നില്‍ നിന്നു. സാക്ഷരതാ ക്ലാസുകളില്‍ പങ്കെടുക്കുകയും കമ്പ്യൂട്ടര്‍ ഉപയോഗത്തെക്കുറിച്ച് മനസിലാക്കുകയും ചെയ്തു. തന്നെപ്പോലെ സ്കൂളില്‍ പോകാന്‍ സാധിക്കാത്ത നിരവധി യുവതികളെ കമ്പ്യൂട്ടര്‍ പരിശീലിപ്പിക്കുകയും ചെയ്യുന്നു. 1981 മുതല്‍ മസ്ദൂര്‍ കിസാന്‍ ശക്തി സംഘതനിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു.
രാജസ്ഥാനില്‍ നിന്നും വിവരാവകാശത്തിനുവേണ്ടിയുള്ള പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുകയുമുണ്ടായി. 2005 ല്‍ കേന്ദ്രസര്‍ക്കാര്‍ വിവരാവകാശ നിമയം പാസാക്കുന്നതിന് സന്നദ്ധമായതും ഇത്തരം പ്രചാരണപരിപാടികളുടെ ഭാഗമായാണ്.
ഗ്രാമമുഖ്യയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യം നൗറോതി ചെയ്തത് പഞ്ചായത്ത് സെക്രട്ടറിയെ കമ്പ്യൂട്ടര്‍ പഠിപ്പിച്ചുകൊണ്ട് ഭരണനിര്‍വഹണത്തില്‍ എപ്രകാരം കമ്പ്യൂട്ടര്‍ ഉപയോഗപ്പെടുത്താം എന്ന് പരിശീലിപ്പിക്കുകയുമായിരുന്നു.
ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നൗറോതി കമ്പ്യൂട്ടറും പ്രിന്ററും കൂടെ കൊണ്ടുപോവുകയും നിരന്തരമുള്ള ആശയവിനിമയത്തിനും പ്രിന്റൗട്ടുകള്‍ എടുക്കുന്നതിനും ഇത് ഉപയോഗിക്കുകയും ചെയ്യുന്നു. ഗ്രാമമുഖ്യയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മദ്യമാഫിയയ്ക്കെതിരായാണ് ഇവര്‍ യുദ്ധം ചെയ്തത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി ഭൂമി അനുവദിക്കുകയും ആരോഗ്യ കേന്ദ്രം നിര്‍മിക്കുകയും ചെയ്തതെല്ലാം നൗറോതി ദേവിയുടെ വികസന പ്രവര്‍ത്തനങ്ങളാണെന്ന് ഗ്രാമീണരും പറയും.
ജലസ്രോതസുകളുടെ നിര്‍മാണം, ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്കുവേണ്ടി ശൗചാലയങ്ങള്‍, വീട് എന്നിവ നിര്മിച്ചുനല്കല് ഇതെല്ലാം നൗറോതിയുടെ ഭരണമികവിന് ഉദാഹരണങ്ങളാണ്. അഞ്ചുവര്‍ഷത്തെ ഭരണം ഒഴിയുമ്പോള്‍ 13 ലക്ഷം രൂപയാണ് പഞ്ചായത്തിന്റെ അക്കൗണ്ടില്‍ മിച്ചമുണ്ടായിരുന്നത്. ഭാരതാതിര്ത്തിയും കടന്ന് നൗറോതിയുടെ കഥയിപ്പോള്‍ വിഖ്യാതമാണ്. ചൈനയും ജര്‍മനിയും അമേരിക്കയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: