കാസര്‍കോട്: മത്സ്യ തൊഴിലാളികളും ഉപഭോക്താക്കളും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ച് വരുന്നതായി ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.പി. രാധാകൃഷ്ണന് പറഞ്ഞു. അശാസ്ത്രീയമായി നിര്‍മ്മിച്ച കാസര്‍കോട് മത്സ്യ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘവും ബിജെപി മുനിസിപ്പല്‍ കമ്മറ്റിയും സംയുക്തമായി നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യ തൊഴിലാളികള്‍ തന്നെ നേരിട്ട് വിപണനം നടത്തിയിരുന്ന സ്ഥാനത്ത് ഇന്ന് വിപണി ഇടനിലക്കാര്‍ കൈയ്യടക്കിവെച്ചിരിക്കുകയാണ്. തുച്ഛമായ വില മാത്രം നല്കി തൊഴിലാളികളില്‍ നിന്ന് വാങ്ങുന്ന മത്സ്യം കൊള്ള ലാഭമെടുത്ത് മറച്ച് വില്‍ക്കുകയാണ് ഇടനിലക്കാര്‍ ചെയ്യുന്നത്. വൃത്തിയായി മത്സ്യം വിപണനം നടത്താനായി നിര്‍മ്മിച്ച മാര്‍ക്കറ്റ് ഇന്ന് ശോചനീയവസ്ഥയിലാണ്. ആവശ്യത്തിന് ശുദ്ധജലമോ, ശൗചാലയങ്ങളോ മറ്റോ അവിടെയില്ല. കൂടാതെ മലിനജലം ഒഴുകി പോകാതെ ഓടകളില്‍ നിന്ന് ദുര്‍ഗ്ഗന്ധം വമിക്കുകയാണ്. സ്ത്രീകള്‍ക്ക് കച്ചവടം നടത്താനാവശ്യമായ സൗകര്യങ്ങള്‍ ഉടന്‍ അവിടെ സജ്ജമാക്കണം. മത്സ്യമാര്‍ക്കറ്റില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോരുക്കി നോക്കി നടത്താനുള്ള ബാധ്യത നഗരസഭയ്ക്കുണ്ട്. അത് അവര്‍ കൃത്യമായി ചെയ്യുന്നില്ലെങ്കില്‍ വഴി തടഞ്ഞ് മത്സ്യ വില്‍പ്പന നടത്തുന്നതുള്‍പ്പെടെയുള്ള ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
ബിജെപി മുനിസിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് എ.സതീശന് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ മത്സ്യ തൊഴിലാളികളോട് കാണിക്കുന്ന അവഗണനയുടെ ഏറ്റവും വലിയ തെളിവാണ് ആധുനിക മത്സ്യമാര്‍ക്കറ്റെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ് പറഞ്ഞു. പാരമ്പര്യ മത്സ്യതൊഴിലാളി സ്ത്രീകളെ കച്ചവടം ചെയ്യാന്‍ അനുവദിക്കാതെ പ്രവര്‍ത്തിക്കുന്ന മത്സ്യ മാര്‍ക്കറ്റിനെതിരെ സമരം ശക്തമാക്കും. സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാതെയുള്ള നഗരസഭയുടെ നിലപാട് സ്ത്രീകളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സ്യമേഖലയുമായി ബന്ധമില്ലാത്തവരുടെ താവളമായി മാര്‍ക്കറ്റ് മാറിയതായി ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി. പവിത്രന് പറഞ്ഞു. ചില സ്ഥാപിത താല്പര്യക്കാര് അവരെ സംരക്ഷിക്കാനാണ് മത്സ്യ മാര്‍ക്കറ്റ് അവിടെ സ്ഥാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കടപ്പുറം ജംഗ്ഷനില്‍ നിന്നാരംഭിച്ച മത്സ്യ തൊഴിലാളി സ്ത്രീകള്ുള്പ്പെടെയുള്ളവരുടെ ജനരോഷം അണപൊട്ടി ഇരംമ്പിയ മാര്‍ച്ച് നഗരസഭാ കവാടത്തിന് മുന്നില്‍ പോലീസ് തടഞ്ഞു. മാര്‍ച്ചില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഉമ, മനോഹരന്, ശങ്കരന്, ജാനകി, പ്രേമ, ശ്രീലത, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് നാരംപാടി, മുനിസിപ്പല്‍ കമ്മറ്റി സെക്രട്ടറി ഗുരുപ്രസാദ് പ്രഭു, വൈസ് പ്രസിഡണ്ട് സതീഷ് കടപ്പുറം, യുവമോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് പി.ആര്.സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: