ആലപ്പുഴ: ബിഡിജെഎസിനെതിരെ ചിലര്‍ കുപ്രചരണം നടത്തുകയാണെന്നും മുളയിലെ പാര്‍ട്ടിയെ നശിപ്പിക്കാന്‍ ആസൂത്രിതനീക്കങ്ങളാണുള്ളതെന്നും പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി ജന്മഭൂമിയോടു പറഞ്ഞു. തെരഞ്ഞെടുപ്പുകമ്മീഷനില് പാര്‍ട്ടിയുടെ രജിസ്ട്രേഷന് അപേക്ഷ നല്കിയപ്പോള് പ്രസിഡന്റായി രേഖപ്പെടുത്തിയിരിക്കുന്നത് സുഭാഷ് വാസുവിനെയും ജനറല്‍ സെക്രട്ടറിയായി ടി.വി. ബാബുവിനെയുമാണ്.
ഇതില്‍ യാതൊരു അസ്വാഭാവികതയുമില്ല. സമത്വമുന്നേറ്റയാത്ര നടക്കുന്ന കാലയളവിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയത്. അക്കാലയളവില്‍ താന്‍ പാര്‍ട്ടിയിലേക്ക് വരുന്നകാര്യം ആലോചിച്ചിട്ടില്ലായിരുന്നു. അതിനാലാണ് സുഭാഷ് വാസുവിനെ പ്രസിഡന്റായി തെരഞ്ഞെടുത്ത് അദ്ദേഹത്തിന്റെ പേരില്‍ കമ്മീഷന് അപേക്ഷനല്‍കിയത്.
സമത്വ മുന്നേറ്റയാത്രയ്ക്കുശേഷമാണ് തന്നെ പ്രസിഡന്റായി തെരഞ്ഞെടുത്തതെന്ന് തുഷാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളിലോ അനുഭാവികളിലോ യാതൊരു ആശയക്കുഴപ്പവുമില്ല. പ്രസിഡന്റ് സ്ഥാനത്ത് താന്‍ തുടരുമെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് പ്രചരണം കാര്യക്ഷമമായി നടക്കുന്നു. പലസ്ഥലങ്ങളിലും സിപിഎം ഭീഷണിയെത്തുടര്‍ന്ന് പരസ്യമായി മെമ്പര്‍ഷിപ്പെടുക്കാന്‍ പലരും മടിക്കുന്നു. അവരും പാര്‍ട്ടിക്ക് പൂര്‍ണ പിന്തുണ രേഖപ്പെടുത്തിയിട്ടുണ്ടെന്നും തുഷാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: