മിര്‍പൂര്‍: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ കിരീടം കൈവിട്ടു. ചാമ്പ്യന്‍ഷിപ്പില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ ഫൈനലിലെത്തിയ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ടീം ഇന്ത്യയെ തോല്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ് കന്നികിരീടം ചൂടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 146 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് മൂന്നു പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ മറികടന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ കെസി കാര്‍ട്ടിയും (52 നോട്ടൗട്ട്)) കീമോ പോളും (40 നോട്ടൗട്ട്) ചേര്‍ന്നാണ് വിജയവും കിരീടവും സമ്മാനിച്ചത്. സ്‌കോര്‍: ഇന്ത്യ 45.1 ഓവറില്‍ 145ന് പുറത്ത്, വെസ്റ്റിന്‍ഡീസ് 49.3 ഓവറില്‍ അഞ്ചിന് 146. തങ്ങളുടെ രണ്ടാം ഫൈനലിലാണ് വിന്‍ഡീസ് ആദ്യ കിരീടം നേടിയത്. 2004-ല്‍ ഫൈനലില്‍ കളിച്ചെങ്കിലും അന്ന് പാക്കിസ്ഥാനോട് പരാജയപ്പെട്ടു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യന്‍ യുവനിരഅല്‍സാരി ജോസഫിന്റെയും റയാന്‍ ജോണിന്റെയും കൃത്യതയാര്‍ന്ന പേസിനു മുന്നില്‍ തകര്‍ന്നടിഞ്ഞു. ഇന്ത്യന്‍ സ്‌കോര്‍ 87 റണ്‍സ് മാത്രമായപ്പോഴേക്കും ആറുപേര്‍ കൂടാരം കയറി. ഋഷഭ് പാന്ത് (1), ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ (4), അന്‍മോല്‍പ്രീത്‌സിങ് (3), വാഷിങ്ടണ്‍ സുന്ദര്‍ (7), അര്‍മാന്‍ ജാഫര്‍ (5) എന്നിവരാണ് വേഗത്തില്‍ കൂടാരത്തിലേക്ക് മടങ്ങിയത്. മധ്യനിരയില്‍ ഒറ്റയ്‌ക്കു പൊരുതിയ സര്‍ഫ്രാസ് ഖാനാണ് ഇന്ത്യയെ വന്‍തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഒരു സിക്‌സിന്റെയും അഞ്ച് ബൗണ്ടറിയുടെയും സഹായത്തോടെ 51 റണ്‍സ് നേടി. മഹിപാല്‍ ലോംറോര്‍(19), രാഹുല്‍ ബഥാം (21) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യന്‍ ഇന്നിങ്‌സിലെ രണ്ടാം ടോപ്‌സ്‌കോര്‍ വിന്‍ഡീസിന് കനിഞ്ഞുനല്‍കിയ 23 എക്‌സ്ട്രാ റണ്‍സാണ്. സ്‌കോര്‍ 120ല്‍-ല്‍ നില്‍ക്കേ എട്ടാമനായാണ് സര്‍ഫ്രാസ് ഖാന്‍ പറത്തായത്.
സ്‌കോര്‍ 123ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് ഒന്‍പതാം വിക്കറ്റും നഷ്ടമായി. ഒരു റണ്‍ നേടിയ ആവേശ് ഖാനെ കീമോ പോള്‍ പുറത്താക്കി. പത്താം വിക്കറ്റില്‍ ഖലില്‍ അഹമ്മദും (2) രാഹുല്‍ ഭാതവും(21) ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 145ല്‍ എത്തിച്ചു. ഇന്ത്യന്‍ ഇന്നിങ്‌സില്‍ മൂന്നുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്് വെസ്റ്റ് ഇന്‍ഡീസിനായി അല്‍സാരി ജോസഫും റയാന്‍ ജോണും മൂന്നും കീമോ പോള്‍ രണ്ടും വിക്കറ്റ് വീതം വീഴ്‌ത്തി.
146 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനെ ഇന്ത്യ തുടക്കത്തില്‍ സമ്മര്‍ദ്ദത്തിലാക്കി. സ്‌കോര്‍ അഞ്ചില്‍ നില്‍ക്കേ ഓപ്പണര്‍ ഗിഡ്രോണ്‍ (3) ആവേശ് ഖാന്റെ പന്തില്‍ അഹമ്മദിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീട് സ്‌കോര്‍ 28 റണ്‍സില്‍ നില്‍ക്കെ 15 റണ്‍സെടുത്ത ടെവിന്‍ ഇംലാച്ചിനെ ഖലീല്‍ അഹമ്മദും പുറത്താക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഹെറ്റ്‌മെയ്‌റും കാര്‍ട്ടിയും ചേര്‍ന്ന് സ്‌കോര്‍ 67-ല്‍ എത്തിച്ചു. ഒടുവില്‍ ഹെറ്റ്‌മെയ്‌റെ മയാങ്ക് ഡാഗര്‍ മടക്കി ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് 10 റണ്‍സ് കൂടി കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ കുടി വീണതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ജീവന്‍ വച്ചു. ഷമാര്‍ സ്പ്രിങര്‍ (3), ഗൂലി (3) എന്നിവരെ ഡാഗര്‍ മടക്കി. പിന്നീട് കാര്‍ട്ടിയും കീമോ പോളും ഒത്തുചേര്‍ന്നതോടെ വിന്‍ഡീസ് വിജയത്തിലേക്കും കിരീടത്തിലേക്കും നടന്നുകയറുകയും ചെയ്തു. ഇന്ത്യക്കായി മയാങ്ക് ഡാഗര്‍ മൂന്നു വിക്കറ്റ് വീഴ്‌ത്തി. വിന്‍ഡീസിന്റെ കാര്‍ട്ടിയാണ് മാന്‍ ഓഫ് ദി മാച്ച്. ബംഗ്ലാദേശ് താരം മെഹ്ദി ഹസ്സന്‍ മിറാസ് പ്ലയര്‍ ഓഫ് ദി ടൂര്‍ണമെന്റും.
ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ സെമി ഫൈനല്‍ വരെയുള്ള മത്സരങ്ങളില്‍ മിന്നുന്ന പ്രകടനം നടത്തിയ ഇന്ത്യന്‍ യുവനിര കലാശപ്പോരാട്ടത്തില്‍ കളി മറക്കുകയായിരുന്നു. പരാജയത്തോടെ നാലാം ലോക കിരീടമാണ് ഇന്ത്യക്ക് നഷ്ടമായത്. 2000, 2008, 2012 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യ ചാമ്പ്യന്മാരായപ്പോള്‍ 2006-ല്‍ പാക്കിസ്ഥാനോട് പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: