കൊച്ചി: കേരളത്തില്‍ നാളികേര സീസണ് ആരംഭിച്ചിട്ടില്ലാത്തതിനാല്‍ നാളികേരത്തിന്റെ വിപണിയിലേക്കുള്ള വരവ് ഉയര്‍ന്നിട്ടില്ല. നാളികേരത്തിനും കൊപ്രയ്ക്കും നിലവില്‍ നേരിയ ക്ഷാമം നേരിടുന്നുണ്ടെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍. വേനല്‍ കടുത്തതോടെ കരിക്കിന്റെ വിപണിയില്‍ വന്‍ ഉണര്വ്വാണുള്ളത്. കരിക്കിന്റെ വിളവെടുപ്പില്‍ 25 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
നാളികേര ഉല്പന്നങ്ങള്ക്ക് ഇപ്പോള്‍ കാണുന്ന വിലയിടിവ് ഉല്പന്നത്തിന്റെ ലഭ്യതയാലുള്ളതല്ല. നാളികേര വികസന ബോര്‍ഡിന്റെ പഠനത്തില്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരം ഇന്ത്യയിലെ നാളികേരോല്പാദനം പോയ വര്‍ഷത്തേക്കാള്‍ 5 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തില്‍ കാസര്‍ഗോഡ്, മലപ്പുറം എന്നീ ജില്ലകളില്‍ സാരമായ കുറവാണ് ഉത്പാദനത്തില്‍ ഉണ്ടായത്. ഏതാനും വന്‍കിടക്കാര്‍ താത്കാലികമായി കമ്പോളത്തില്‍ നിന്നും മാറിനില്‍ക്കുന്നതിനാലാണ് ഇപ്പോള്‍ വിലയില്‍ കാണുന്ന മാന്ദ്യം. പ്രസ്തുത വന്‍കിടക്കാര്‍ക്ക് മതിയായ സ്റ്റോക്ക് കൈവശം ഉള്ളതിനാലല്ല കമ്പോളത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്; മറിച്ച് കമ്പോളത്തിലെ വിലയിടിവ് മുതലാക്കി തിടുക്കത്തില്‍ കൂടുതല്‍ ശേഖരിക്കുവാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഈ നീക്കം.
വന്‍കിടക്കാരും ചെറുകിടക്കാരുമായ വെളിച്ചെണ്ണ ഉത്പാദകരുടെ പക്കല്‍ കൊപ്രയുടെ പരിമിതമായ സ്റ്റോക്ക് മാത്രമേ ഉള്ളൂ എന്നതിനാല്‍ ഏതാനും ദിവസത്തിനകം വിപണിയിലിറങ്ങി വന്‍തോതില്‍ കൊപ്ര ശേഖരിക്കപ്പെടാന്‍ നിര്‍ബ്ബന്ധിതരാകും. ഇത് തീര്‍ച്ചയായും വിപണിക്ക് ഉണര്‍വേകും. വെളിച്ചെണ്ണയുടെയും കൊപ്രയുടേയും ഇറക്കുമതിയില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ഇറക്കുമതിയില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. കൂടാതെ കേരളത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനകള്‍ വീണ്ടും ഊര്‍ജ്ജിതപ്പെടുത്തിയതിനാല്‍ വ്യാജവെളിച്ചെണ്ണയുടെ നിര്‍മ്മാതാക്കള്‍ പിന്വലിഞ്ഞിരിക്കുന്നതും വിപണിയില്‍ വെളിച്ചെണ്ണയുടെ വില ഉയരാന്‍ സഹായിക്കും. വിപണിയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ അപഗ്രഥിക്കുമ്പോള്‍ ഫെബ്രുവരി അവസാനത്തോടെ കൊപ്രയുടെയും വെളിച്ചെണ്ണയുടേയും വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകാനുള്ള എല്ലാ സാദ്ധ്യതയും ഉണ്ട്. പ്രസ്തുത സാഹചര്യത്തില്‍ കര്‍ഷകര്‍ നാളികേരം വിപണിയിലെത്തിക്കുവാനുള്ള തിടുക്കം കാണിക്കേണ്ട അവസ്ഥ നിലവിലില്ല.
2016 സീസണിലെ കൊപ്രയുടെ താങ്ങുവില ഉയര്‍ത്തി നിശ്ചയിച്ചിട്ടുള്ളതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ കൊപ്രസംഭരണത്തിനുള്ള പ്രാരംഭശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കൊപ്രയുടെ താങ്ങുവിലയുടെ ആനുപാതികമായുള്ള നാളികേരത്തിന്റെ വില ഗവണ്മെന്റ് ഉടന്‍ നിശ്ചയിച്ച് സംഭരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്നു വിഭിന്നമായി നാളികേരകര്‍ഷക കൂട്ടായ്മകളായ ഫെഡറേഷനുകള്‍ കൊപ്രഡ്രയറുകള്‍ കൂടുതലായി സജ്ജീകരിച്ചിട്ടുള്ളതിനാല്‍ താങ്ങുവിലയുടെ പ്രയോജനം കൂടുതല്‍ കര്‍ഷകരിലേയ്ക്ക് ഇടനിലക്കാരില്ലാതെ എത്തിച്ചേരുവാനുള്ള സാഹചര്യം സംജാതമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: