മലയാളിയുടെ മനസ്സില്‍ മധുരം ചുരത്തുന്ന കവിതകള്‍ നിറച്ചുവച്ച കവിയാണ് ഒറ്റപ്ലാവില് നീലകണ്ഠന് വേലുക്കുറുപ്പെന്ന ഒ.എന്‍.വി കുറുപ്പ്. കവിയെന്ന നിലയില്‍ അദ്ദേഹം മലയാളിയെ കൊതിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കവിതകളോ, ചലച്ചിത്ര ഗാനങ്ങളോ, നാടക ഗാനങ്ങളോ ഒരിക്കലെങ്കിലും മൂളാത്ത മലയാളിയുണ്ടാകില്ല. അത്രയ്ക്ക് മലയാളിയുടെ മനസ്സിലേക്ക് അദ്ദേഹം ചേര്‍ന്നു നില്ക്കുന്നു. മലയാളിയുടെ കാതിലും മനസ്സിലും തേന്മഴ പെയ്യിച്ച കാലമാണ് വിടവാങ്ങുന്നത്. ഒഎന്‍വിയുടെ മരണം വേദനയും ശൂന്യതയും സൃഷ്ടിക്കുന്നതതിനാലാണ്.
ഇടതുപക്ഷ കവിയെന്നും കമ്യൂണിസ്റ്റ് കവിയെന്നും പേരെടുത്തയാളാണ് ഒഎന്‍വി. ചില സിനിമാ പാട്ടുകളും നാടക ഗാനങ്ങളും ഇടതുപക്ഷം ചേര്‍ന്ന് അദ്ദേഹം രചിച്ചിട്ടുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് കെപിഎസി നാടകങ്ങള്‍ക്കൊപ്പം നിന്ന് ഒഎന്‍വി രചിച്ച ഗാനങ്ങള്‍ വളരെ കൂടുതല്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ നല്ല കവിതകളും നല്ല ഗാനങ്ങളും രാഷ്ട്രീയലക്ഷ്യത്തോടെ എഴുതിയതല്ല. പ്രണയത്തിന്റെ കാല്പനികഭാവങ്ങള്‍ നിറച്ചുവച്ച് അദ്ദേഹം രചിച്ച കവിതകളും ഗാനങ്ങളും മലയാളിയുടെ മനസ്സില്‍ എന്നും ജീവിച്ചിരിക്കും. ആ പാട്ടുകളെ ആസ്വാദകര്‍ എന്നും നേഞ്ചേറ്റി നടക്കും.
കൊല്ലത്തെ പൗരപ്രമുഖനും പണ്ഡിതനുമായിരുന്ന ഒ.എന്‍.കൃഷ്ണക്കുറുപ്പിന്റെ മകനായിരുന്നു അദ്ദേഹം. പിതാവില്‍ നിന്ന് അഞ്ചാം വയസ്സുമുതല്‍ വാല്മീകിരാമായണം പഠിച്ചാണ് അദ്ദേഹം വളര്‍ന്നത്. സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും കഥകളിയുടെയും സ്വാധീനത്തിലായിരുന്നു ജീവിതം മുന്നോട്ടുപോയത്. വീട്ടില്‍ നിറഞ്ഞുനിന്ന സംസ്കാരവും അത്തരത്തിലുള്ളതായിരുന്നു. നാല്പതുകളില് കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിനനുസരിച്ച് വിപ്ലവത്തിന്റെ പാതയിലൂടെ ആശയങ്ങള്‍ സംവദിക്കുന്ന ശൈലി അദ്ദേഹം സ്വീകരിച്ചു.
എന്നാല്‍ കുട്ടിക്കാലത്ത് പിതാവില്‍ നിന്നു പഠിച്ച സംസ്കാരത്തെ തള്ളിക്കളയാന്‍ അദ്ദേഹത്തിനായില്ല. അദ്ദേഹത്തിന്റെ നല്ല കവിതകളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്നത് ആ സംസ്കാരമാണ്. കമ്യൂണിസ്റ്റുകാരനായി അറിയപ്പെട്ട ശേഷമാണ് അദ്ദേഹത്തിന്റെ മയില്‍പ്പീലി കവിതകള്‍ പുറത്തു വരുന്നത്. ശ്രീകൃഷ്ണ സാന്നിധ്യത്തെ ഇത്രയ്ക്കു ശോഭയോടെ കവിതയില്‍ അവതരിപ്പിച്ച മറ്റൊരു കവിയില്ല. ഒ.എന്‍.വി ആകെമാറിയെന്നും വിപ്ലവം വിട്ടെന്നും വിമര്‍ശനമുണ്ടായി.
എന്നാല്‍ ഒഎന്.വിയിലെ വ്യക്തി വളരെ ബുദ്ധിമാനായിരുന്നു. അദ്ദേഹത്തിന് ശാരീരികമായി മാറാനായില്ല. ശാരീരികമായി എന്നും കമ്യൂണിസ്റ്റായി അദ്ദേഹം നിലകൊണ്ടു.
പ്രണയം ഇത്രഭംഗിയായി കവിതയില്‍ അവതരിപ്പിച്ച അപൂര്‍വ്വം കവികളില്‍ ഒരാളാണ് ഒഎന്‍വി. സിനിമാ ഗാനങ്ങളിലാണ് അതു കൂടുതലും. വയലാറിനു ശേഷം സിനിമാ ഗാനങ്ങളെ സാഹിത്യവുമായി ചേര്‍ത്തുവയ്ക്കുന്നതിന് അദ്ദേഹം പ്രയത്നിച്ചു. ഒ.എന്‍.വിയെഴുതിയ ഒറ്റ സിനിമാ ഗാനത്തിലും അനാവശ്യമായ ഒരു പദംപോലും കടന്നുവന്നില്ല. ഓരോ വാക്കും ആസ്വാദകന്റെ ഹൃദയത്തില്‍ തൊടുന്നതായി. മലയാളികളുടെ ഹൃദയത്തിന്റെ തന്ത്രികളില്‍ വിരല്‍മീട്ടി ഒഎന്‍വിയിലെ കവി എഴുതിക്കൊണ്ടേയിരുന്നു.
അദ്ദേഹത്തിന്റെ സിനിമാഗാനങ്ങള്‍ സദാ ആസ്വാദകന്റെ ചുണ്ടില്‍ മൂളിക്കൊണ്ടേയിരിക്കും. മാണിക്യവീണയുമായെന്‍ മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളെ എന്ന് അദ്ദേഹമെഴുതിയത് 1965ലാണ്. കാലമിത്രയും കഴിഞ്ഞിട്ടും മലയാളിയുടെ ചുണ്ടില്‍ നിന്ന് ആ വരികള്‍ മാഞ്ഞുപോയിട്ടില്ല.
അങ്ങിനെ എത്രയെത്ര പാട്ടുകള്‍. അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നുഞാന്‍…. എന്നപാട്ട് ഇഷ്ടപ്പെടാത്ത ആരുണ്ട്?. മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി…., വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍…..ആദിയുഷസന്ധ്യപൂത്തതിവിടെ….., നീരാടുവാന്‍ നിളയില്‍…., ആരെയും ഭാവ ഗായകനാക്കും….., ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ….., ഒരു ദലം മാത്രം വിടര്‍ന്നൊരു……, ഓര്‍മകളേ കൈവള ചാര്‍ത്തി………മനസ്സില്‍ കുളിരും സൗന്ദര്യവും നിറയ്ക്കുന്ന എത്രയോ പാട്ടുകള്‍. പതിന്നാലുതവണ അദ്ദേഹത്തിന് നല്ല ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഇരുപതു വയസ്സുള്ളപ്പോഴാണ് ഒ.എന്‍.വി ഗാനരചയിതാവായി രംഗത്തു വരുന്നത്. അന്നദ്ദേഹം കൊല്ലം എസ്.എന്‍കോളേജില്‍ പഠിക്കുന്നു. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തിന് ആദ്യമായി പാട്ടെഴുതി. മധുരിക്കും ഓര്‍മ്മകളെ, മലര്‍മഞ്ചല്‍ കൊണ്ടു വരൂ…., പൊന്നരിവാള്‍ അമ്പിളിയില് കണ്ണെറിയുന്നോളെ….എന്നീ പാട്ടുകളിലൂടെ അദ്ദേഹം പ്രശസ്തനായി.
1955ല്‍ കാലംമാറുന്നു എന്ന ചിത്രത്തിനുവേണ്ടി പാട്ടെഴുതിക്കൊണ്ടാണ് സിനിമയിലെത്തുന്നത്. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ബാലമുരളിയെന്ന പേരിലായിരുന്നു കവിതയെഴുത്ത്. ചലച്ചിത്രഗാനരംഗത്ത് വയലാര്‍ തിളങ്ങിനിന്നപ്പോള്‍ തന്നെ ഒഎന്‍വിയും തന്റെതായ ശൈലിയിലൂടെ പ്രശസ്തനായി.
കരുണയിറ്റുന്ന നിരവധി കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. കവിതയിലൂടെ കാരുണ്യത്തിന്റെ കടല്‍ തന്നെ അദ്ദേഹം പ്രവഹിപ്പിച്ചിട്ടുണ്ട്. ആ കവിതകളൊക്കെ വായിച്ച് ഹൃദയത്തില്‍ നനുത്ത സ്പര്‍ശം അനുഭവിച്ചവരാണ് മലയാളി. ദക്ഷിണാഫ്രിക്കയിലെ ജയിലില്‍ കിടന്ന് പീഡനങ്ങളേറ്റുവാങ്ങിയ നെല്‍സണ്‍ മണ്ടേലയെ കുറിച്ചോര്‍ത്ത് വിലാപഗീതം രചിച്ചു അദ്ദേഹം. മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിയുന്ന സുസ്നേഹ മൂര്ത്തിയാം സൂര്യാ….
സംഗീത സംവിധായകന് ദേവരാജനും ഒഎന്‍വിയും ചേര്‍ന്ന് മലയാളത്തിനു നല്‍കിയത് എന്നും സൗരഭ്യം പരത്തുന്ന ചലച്ചിത്രഗാനങ്ങളുടെ പൂക്കാലമാണ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ഇരുവരും സമകാലികരായിരുന്നു. അന്നുമുതല്‍ തന്നെ ഒഎന്‍വിയുടെ വരികള്‍ ഈണമിട്ട് ആലപിക്കുന്ന പതിവ് ദേവരാജനുണ്ടായിരുന്നു. ‘പൊന്നരവിളാമ്പിളിയില്….’ എന്ന കവിതയ്ക്കും അക്കാലത്താണ് ഈണം നല്‍കിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചിരുന്ന കാലമായിരുന്നു അത്.
എ.കെ.ഗോപാലനടക്കമുള്ളവര്‍ ജയിലില്‍. അദ്ദേഹം ജയില്‍ മോചിതനായപ്പോള്‍ കൊല്ലം എസ്എന്‍ കോളജില്‍ നല്കിയ സ്വീകരണത്തില്‍ ‘പൊന്നരിവാളമ്പിളിയില്…’ ആലപിച്ചു. എല്ലാവരും ആ ഗാനം ഏറ്റെടുക്കുകയായിരുന്നു.
1952ല്‍ കെപിഏസി നാടക സംഘം നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി അവതരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ‘പൊന്നരിവാളമ്പിളിയില്…’അതില്‍ ഉള്‍പ്പെടുത്തി. 22 ഗാനങ്ങള്‍ നാടകത്തില്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവര്ക്കും ഏറെ ഇഷ്ടപ്പെട്ടത് ‘പൊന്നരിവാളമ്പിളി..’ ആണ്. ഒഎന്‍വി ദേവരാജന്‍ കൂട്ടുകെട്ട് അന്നുമുതലാണ് സംഗീതാസ്വാദകര്‍ ഏറ്റെടുത്തത്. കാലംമാറുന്നു എന്ന സിനിമയിലാണ് ഇരുവരും സിനിമാഗാനത്തിനായി ആദ്യം ഒന്നിച്ചത്. പിന്നീടിങ്ങോട്ട് ആ കൂട്ടുകെട്ടില്‍ പിറന്നത് വിസ്മയിപ്പിക്കുന്ന നിരവധി ഗാനങ്ങള്‍.
കഴിഞ്ഞ ആറുപതിറ്റാണ്ടായി മലയാള കാവ്യരംഗത്തും ചലച്ചിത്ര പിന്നണിഗാന രംഗത്തും നിര്‍ണ്ണായക സ്വാധീനമായിരുന്നു ഒഎന്‍വിക്കുണ്ടായിരുന്നത്. മണ്ണിനോടും പുഴയോടും പൂക്കളോടും അശരണരോടും വേദനിക്കുന്നവരോടും എഴുത്തിലൂടെ പക്ഷം ചേരാനദ്ദേഹത്തിനായി. മറ്റുള്ളവരുടെ വേദനയില്‍ അദ്ദേഹം കണ്ണീര് പൊഴിച്ചതും കവിതയിലൂടെയായിരുന്നു.
കവിതയില്‍ മാത്രമായിരുന്നില്ല ഒഎന്‍വിക്ക് ഭ്രമം. രാഷ്ട്രീയത്തിലൂടെ ലഭിക്കുന്ന പ്രശസ്തിയെയും അദ്ദേഹം ആഗ്രഹിച്ചു. തിരുവനന്തപുരം ലോകസഭാ മണ്ഡത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി 1989ല്‍ അദ്ദേഹം മത്സരിക്കാനിറങ്ങിയതങ്ങനെയാണ്. ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകരൊക്കെ ഒന്നിച്ചു രംഗത്തിറങ്ങിയെങ്കിലും ബാലറ്റ് യുദ്ധത്തില്‍ കവി പരാജയപ്പെടുകയായിരുന്നു. തോറ്റപ്പോള്‍ കവിയുടെ ക്ഷീണിച്ച മനസ്സില്‍ നിന്നൊരു പ്രതിജ്ഞയുണ്ടായി. ‘ഇനിയെന്റെ മനസ്സില്‍ കവിത മാത്രം!’.
പ്രതികരിക്കേണ്ട വിഷയങ്ങളിലെല്ലാം കവിതയിലൂടെ മാത്രം പ്രതികരണം സാധ്യമാക്കിയ കവിയാണ് ‘ഒഎന്‍വി. ഭൂമിക്കൊരു ചരമഗീതം, ഹേ ശ്യാമ സൂര്യാ…’ അങ്ങനെ എത്രയെത്ര കവിതകള്‍. പ്രണയം, വിരഹം, പ്രതിഷേധം, ആഘോഷം…എല്ലാം ആ കവിതകള്‍ക്ക് വിഷയമായിരുന്നു.
ഒരു ഒഎന്‍വി കവിതയോ ഒരു പാട്ടോ കേള്‍ക്കുമ്പോള്‍ മനസ്സില്‍ നിറയുന്ന വികാരം പലതാണ്. മനസ്സിനെ ആര്‍ദ്രമാക്കുന്ന തണുപ്പ്. സന്തോഷിപ്പിക്കുന്ന നനുത്ത സ്പര്‍ശം. പ്രേമസുരഭിലമാക്കുന്ന സൗരഭ്യം….എപ്പോഴും അകലേക്ക് യാത്രപോകാന്‍ കൊതിക്കുന്ന ഓരോ മലയാളിയും ഒഎന്‍വിയുടെ ഒരു കവിതയോ ചലച്ചിത്രഗാനമോ കേട്ടാല്‍ സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തും. കക്ഷി രാഷ്ട്രീയത്തിനും വ്യക്തിക്കുമപ്പുറം ഈ കവി ഓരോ മലയാളിയുടെയും വികാരമായിരുന്നു. കവി ദേഹം വെടിഞ്ഞെങ്കിലും ആദ്ദേഹത്തിന്റെ കവിതയ്ക്ക് മരണമില്ല.
”…ഒരുവട്ടം കൂടിയാ പുഴയുടെ തീരത്ത്
വെറുതെ ഇരിക്കുവാന് മോഹം
വെറുതെ ഇരുന്നൊരു കുയിലിന്റെ
പാട്ടു കേട്ടെതിര്‍ പാട്ടു പാടുവാന്‍ മോഹം
അതു കേള്‍ക്കെ ഉച്ചത്തില്‍ കൂകും
കുയിലിന്റെ ശ്രുതി പിന്തുടരുവാന് മോഹം
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
അരുതെ എന്നോതുവാന്‍ മോഹം….”
പ്രതികരിക്കാൻ ഇവിടെ എഴുതുക: