കായംകുളം: ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. ക്ഷേത്രത്തിന്റെ മണ്ഡപങ്ങളും മതിലും തകർത്തു. ദേവികുളങ്ങര പുതുപ്പള്ളി വാരണപ്പള്ളി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
ആനയുടെ ഒന്നാം പാപ്പാൻ പന്തളം മുടിയൂർക്കോണം അക്ഷയ ഭവനിൽ പുഷ്പാംഗദനാ(48)ണ് മരിച്ചത്. ക്ഷേത്രത്തിലെ ഏഴാം ഉത്സവത്തോടനുബന്ധിച്ച് എതിരേൽപിന് ശേഷം തിടമ്പിറക്കാൻ തുടങ്ങവെയാണ് ആന ഇടഞ്ഞത്. ആനയുടെ മുകളിലിരുന്ന ക്ഷേത്ര തന്ത്രി ശിവനെ കുലുക്കി താഴെയിട്ടു. താഴെ വീണ ശിവൻ ഓടി മാറി. ഈ സമയം ആനയുടെ സമീപം നിന്നിരുന്ന പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചിട്ട ശേഷം ചവിട്ടുകയായിരുന്നു. പാപ്പാനെ താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാപ്പാനെ ആക്രമിച്ച ശേഷം ആന പ്രധാന ക്ഷേത്രത്തിനു മുമ്പിലെ മണ്ഡപം, ചുറ്റുമതിൽ, 1001 തിരിയുടെ വലിയ നിലവിളക്ക്, ഗേറ്റ്, കൊടിമരം, യക്ഷി അമ്പലത്തിന്റെ മണ്ഡപം, മതിൽ എന്നിവ തകർത്തു. കൂറ്റൻ മരങ്ങൾ കുത്തിമറിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഈ സമയം ക്ഷേത്രത്തിനു മുമ്പിലെ സ്റ്റേജിൽ കുട്ടികളുടെ കലാപരിപാടികൾ നടക്കുകയായിരുന്നു. കുട്ടികളും ഉത്സവത്തിനെത്തിയ നൂറുകണക്കിന് ആളുകളും ഓടി രക്ഷപ്പെട്ടു.
സംഭവമറിഞ്ഞ് ഡിവൈഎസ്പി: ഷിഹാബുദീന്റെ നേതൃത്വത്തിൽ പോലീസ് സംഘമെത്തി. ഇവർ അറിയിച്ചതിനെ തുടർന്ന് മണ്ണടി ഭാഗത്തുണ്ടായിരുന്ന എലിഫന്റ് സ്ക്വാഡ് പന്ത്രണ്ടരയോടെ സ്ഥലത്തെത്തി മയക്കുവെടി വച്ചതിനു ശേഷം ക്ഷേത്രത്തിനു സമീപം ഉണ്ടായിരുന്ന മറ്റ് രണ്ട് ആനകളുടെ പാപ്പാന്മാരെത്തി ആനയെ തളച്ചു.
കൊടുമൺ ഇലവന്തിട്ട സ്വദേശി മോനച്ചന്റെ ഉടമസ്ഥതയിലുള്ള ശിവശങ്കരൻ എന്ന ആനയാണ് ഇടഞ്ഞത്. കഴിഞ്ഞ മൂന്നുവർഷമായി മുതുകുളം സ്വദേശി മധുവിന്റെ മേൽനോട്ടത്തിലായിരുന്നു ആന. പുഷ്പാംഗദൻ ദീർഘകാലമായി ഈ ആനയുടെ പാപ്പാനായിരുന്നു. ആദ്യമായാണ് ആന ഇടയുന്നത്. പാപ്പാൻ ഉപദ്രവിച്ചതിനാലോ ക്ഷേത്ര മണ്ഡപത്തിന്റെ മേൽക്കൂര ശരീരത്തിൽ കൊണ്ടതിനാലോ ആവാം ആനയിടഞ്ഞതെന്നാണ് നിഗമനം.
പുഷ്പാംഗദന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: അക്ഷയ്കുമാർ, അക്ഷര. മരുമകൻ: വിവേക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: