മാനന്തവാടി : ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ക്യാന്‍സര്‍ കെയര്‍ പ്രോഗ്രാമിന്റെ ഭാഗമായി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഫെബ്രുവരി 15 മുതല്‍ 20വരെ സൗജന്യ വദന അര്‍ബുദ നിര്‍ണ്ണയ ക്യാമ്പ് നടത്തും.
രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്നു വരെ ജില്ലാ ആശുപത്രി ദന്തരോഗ ചികിത്സാ വിഭാഗത്തില്‍ വിദഗ്ധ ദന്തരോഗ വിദഗ്ധര്‍ പരിശോധന നടത്തും.
വായില്‍ അര്‍ബുദം ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നേരത്തെ രോഗനിര്‍ണ്ണയം നടത്തുന്നതിനാണ് ക്യാമ്പ് നടത്തുന്നത്.
വായിലുണ്ടാകുന്ന തുടച്ചുമാറ്റാനാകാത്ത വെളുത്തതും കറുത്തതും ചുവന്നതുമായ പാടുകള്‍, രണ്ടാഴ്ചയിലധികമായി ഉണങ്ങാത്ത മുറിവുകള്‍, ചൂടുള്ളതോ എരിവുള്ളതോ ആയ ഭക്ഷണം കഴിക്കുമ്പോള്‍ പുകച്ചില്‍ അനുഭവപ്പെടല്‍, വായിലും നാക്കിലും കഴുത്തിനു ചുറ്റുമുള്ള വേദനയുള്ളതോ ഇല്ലാത്തതോ ആയ മുഴകള്‍, താടി, നാക്ക് എന്നിവ അനക്കാനുള്ള ബുദ്ധിമുട്ട്, വായ തുറക്കാന്‍ ബുദ്ധിമുട്ട്, ശബ്ദത്തിലെ വ്യത്യാസം എന്നിവയിലേതെങ്കിലും ലക്ഷണങ്ങളുള്ളവര്‍ ക്യാമ്പില്‍ പങ്കെടുത്ത് രോഗനിര്‍ണ്ണയം നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: