നമഃശിവായ എന്ന അഞ്ച് അക്ഷരങ്ങളും പരമശിവന്റെ അഞ്ചു ശക്തികളായ അഞ്ചു മുഖങ്ങളാണ്. അതില്‍
‘ന’ കാരം പൃഥ്വി ബ്രഹ്മബീജം
‘മ’ കാരം ജല വിഷ്ണുബീജം
‘ശി’ കാരം തേജസ്സ്, രുദ്രബീജം
‘വ’ കാരം വായു മഹേശ്വരബീജം
‘യ’ കാരം ആകാശതത്വം സദാശിവബീജം.
ഇങ്ങനെ അഞ്ച് അക്ഷരങ്ങള്‍ക്കും അഞ്ച് ഭൂത തത്വവും അഞ്ച് ശക്തിമുഖങ്ങളും ഉണ്ടെന്ന അര്‍ത്ഥഭാവത്തില്‍ ജപിക്കുന്നവര്‍ക്ക് ഭോഗവും മോക്ഷവും ഈ മന്ത്രജപത്താല്‍ നേടാന്‍ കഴിയുമെന്ന് വിശ്വസിച്ചുപോരുന്നു.
‘ഓം നമഃശിവായ’ മനുഷ്യമുഖത്തില്നിന്ന് നിര്ഗ്ഗളിക്കുന്ന സര്വ്വസ്വരാക്ഷരങ്ങളേയും ഉള്‍ക്കൊള്ളുന്ന ‘അ’, ‘ഉ’, ‘മ’ എന്ന മൂന്നു സ്വരങ്ങള്‍ ചേര്‍ന്നതാണ് ഓംകാരം.
ഇതില്‍ അടങ്ങിയിരിക്കുന്ന ഓരോ അക്ഷരത്തിനും അതിന്റേതായ അര്‍ത്ഥ വ്യാപ്തിയുണ്ട്. ‘അ’ആദിമത്വത്തേയും ‘ഉ’ഉല്കര്ഷത്തേയും ‘മ’ മിതി (പരിധി)യേയും ചൂണ്ടിക്കാണിക്കുന്നു.
ബ്രഹ്മത്തെ അറിയാന്‍ ‘ഓം’ ഉപയോഗിക്കാമെന്ന് ‘യജുര്‍വേദം’ അനുശാസിക്കുന്നു. ഓംകാരത്തെ പരബ്രഹ്മമായി കഠോപനിഷത്ത് വിവരിക്കുമ്പോള്‍ മുണ്ഡോപനിഷത്താകട്ടെ ഓംകാര ധ്യാനം പരമാത്മാവുമായി ആത്മൈക്യം പ്രാപിക്കാന്‍ സഹായിക്കുമെന്നാണ് ഉപദേശിക്കുന്നത്.
ഭഗവത്ഗീതയില്‍ സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാന് പറയുന്നത് താന്‍ ശബ്ദങ്ങളില്‍ ‘ഓംകാര’മാണെന്നാണ്. യോഗ സൂത്രത്തില്‍ പതഞ്ജലി മഹര്‍ഷി ഓംകാരശബ്ദത്തെ വിശേഷിപ്പിക്കുന്നത് ഈശ്വര പ്രതീകത്തെ ഓംകാരമായി അംഗീകരിച്ച് തുടര്‍ച്ചയായ ഓംകാരജപവും ധ്യാനവുംകൊണ്ട് ഒരു വ്യക്തിക്ക് ‘സമാധി’ അടയുവാന്‍ കഴിയുമെന്നാണ്.
ആധുനിക യുഗത്തില്‍ സ്വാമി വിവേകാനന്ദന്, അരവിന്ദരമണ മഹര്‍ഷിമാര്‍ തുടങ്ങി അനേകം മഹദ് വ്യക്തിത്വങ്ങള്‍ ഓംകാര ധ്വനിയെപ്പറ്റി വിശേഷണങ്ങള്‍ കുറിച്ചിട്ടുണ്ട്.
ആദിയും അന്തവുമില്ലാത്ത ഓംകാരത്തെ പാശ്ചാത്യരും അംഗീകരിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. എന്നാല്‍ ഭാരതീയരില്‍ ജ്ഞാനമില്ലാത്തവര്‍ ചിലര്‍ ഇതിനെ ഇപ്പോഴും ‘മത’ ചിഹ്നമായി കാണുന്നു. ഓംകാരം എല്ലാറ്റിന്റേയും അടിസ്ഥാനമാണെന്ന സത്യം അവരറിയാതെ പോയിരിക്കുന്നു.
ഈശ്വരനും പ്രണവവും ഒന്നുതന്നെയാണെന്നതാണ് ഏറ്റവും വലിയ തിരിച്ചറിവ്. സയന്‍സ് പരമായി ചിന്തിച്ചാല്‍ മൂന്നു വിശേഷഗുണങ്ങളുള്ളതാണ് ഓംകാരോച്ചാരണം.
‘സംഘര്‍ഷം’, ‘ജരാനര’, ‘ക്യാന്‍സര്‍’ എന്നീ മൂന്നിനും പ്രതിരോധമായിട്ടുള്ളത് ‘പിനിയല്‍ ഗ്ലാന്‍ഡ്സ്’ ഉല്പാദിപ്പിക്കുന്ന വിശേഷരസമാണ്.
ഇതിനെ ശക്തിപ്പെടുത്തുന്നതിന് ഓംകാര ഉച്ചാരണത്തിന് കഴിയുമെന്ന് ഔഷധശാസ്ത്രജ്ഞന്മാര് കണ്ടെത്തിയിട്ടുണ്ടത്രേ! ശാന്തിയും ഊര്‍ജസ്വലതയും ഉണര്‍ത്താനുള്ള സ്വാധീന ശക്തിയും ഇത് പ്രദാനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: