വള്ളിയൂര്‍ക്കാവിലെ ഉത്സവം കാണുവാന്‍ ആങ്കളെം പെങ്കളും പോയി,
അമ്മക്ക് ചാര്‍ത്തുവാന്‍ പട്ട് വഴിപാടും മുല്ലപ്പൂ മാലയും വാങ്കി…..
വയനാട്ടിലെ ഗോത്രകുലത്തില്നിന്ന് ഒരു കവയത്രി ഉണര്‍ന്നിരിക്കുന്നു. മേപ്പാടി കല്ലുമല റാട്ടക്കൊല്ലി കോളനിയിലെ ദാമോദരന്റെ ഭാര്യ ബിന്ദുവിന് ഇന്ന് നൂറ്കണക്കിന് കവിതകള്‍ ഹൃദ്യം. പള്ളിക്കൂടത്തിന്റെ പടി കണ്ടിട്ടില്ലെങ്കിലും തുല്യതാപഠന കളരിയിലൂടെ ബിന്ദുവിന് വായനയും നന്നായി അറിയാം. പണിയ ഗോത്രകുലത്തില്‍ അടിയുറച്ചുകൊണ്ട് ഗോത്രദൈവങ്ങളുമായി കൂട്ടുകൂടി ബിന്ദുവിന്റെ വിരലുകളില്‍ വിരിഞ്ഞത് ആയിരത്തിലധികം കവിതകള്‍. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അന്‍പതോളം കവിതകള്‍ ഭദ്രമായി നോട്ടുബുക്കില്‍ വരച്ചിട്ടിട്ടുണ്ട്. ഫെബ്രുവരി 13ന് ബിന്ദുവിന്റെ കവിതകളെ അടിസ്ഥാനമാക്കിയുള്ള വീഡിയോ ആല്‍ബം പുറത്തിറങ്ങുന്നു.
അറിയുന്നു ഞാനെന്റെ ജന്മഭൂമി, നീ പെറ്റുകൂട്ടിയ ഹരിതസസ്യങ്ങളും ഒഴുകും പുഴകളും എന്നുതുടങ്ങുന്ന കവിത വയനാടിന്റെ ഗതകാല സ്മരണകളിലേക്ക് നമ്മെ പിന്തിരിപ്പിക്കും. ബത്തേരി ദേശത്തില്‍ വാഴും ഭഗവാനെ ശ്രീഗണനായകനെ ശരണം ശരണം… എന്ന കവിത പണിയ വിഭാഗങ്ങള്‍ക്ക് ബത്തേരി ഗണപതി ക്ഷേത്രത്തിലും ജല്ലയിലെ മറ്റ് ക്ഷേത്രങ്ങളിലുമുള്ള വിശ്വാസത്തെ കോരിയിടുന്നു. പണിയ ഭാഷയിലെ നിരവധി കവിതകള്‍ ഗോത്രസംസ്കാരം വിളിച്ചോതുന്നവയാണ്.
അങ്കു പെലാ വീരോ കോമരം, പായിഞ്ചരോ
മക്കളൊക്കെ വേഗം വേഗം കൂട്ടികൊണ്ട് പോയ്തോ…
എന്ന കവിത ഗോത്രകുലത്തിലെ കോമരങ്ങളെ സാക്ഷിയാക്കി രചിച്ചവയാണ്. ഗിരിമകുടങ്ങളിലേക്ക് തേന്‍ തേടി പോയി പേടികൂടിയ പണിയനുവേണ്ടി ഉതിര്‍ത്ത കൂളിയാട്ട് പാട്ടും വളരെ ശ്രദ്ധേയമാണ്.
ചെമ്പാമലബേക്ക് തേനുംതേടിപോയ
തോലെ പണിയങ്കു കൂളിയാട്ട്,
അരിപൊടി കരി മഞ്ചപൊടി കൊണ്ട്
കുട്ടിയാത്തൈ സേവക്ക് കളരികൊട്ട്…
എന്ന് തുടങ്ങുന്ന കവിത പണിയന്റെ പ്രേതബാധ അകറ്റുന്നതിനുവേണ്ടിയുള്ളതാണ്.
കാരാപ്പുഴ അണകെട്ട് നിര്‍മ്മാണവേളയില്‍ കുടിയൊഴിപ്പിക്കപ്പെട്ട ഗോത്രമാണ് ബിന്ദുവിന്റേത്. അന്ന് മൂന്ന് വയസ്സ്. കല്ലുമലയില്‍ ഭൂമിയുണ്ടെന്ന് കേട്ട് അച്ഛന് ചാത്തിയും അമ്മ കല്യാണിയും ഏകമകളെയും കൂട്ടി അങ്ങോട്ട് തിരിച്ചു. 35 ഓളം കുടുംബങ്ങളോടൊപ്പം ചാത്തിയും മലമുകളില്‍ താമസമാക്കി. പിന്നീട് വനംവകുപ്പ് കുടുംബങ്ങള്‍ക്കായി നീളത്തില്‍ ഒരു താല്‍ക്കാലിക കൂര പണിതുനല്കി. അഞ്ച് വയസ്സില്‍ ജാതി സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിലെത്തിയ ചാത്തിക്ക് സര്‍ട്ടിഫിക്കറ്റ് തരാനാകില്ലെന്നായിരുന്നു ഓഫീസറുടെ മറുപടി. അതോടെ ബിന്ദുവിന്റെ സ്കൂള്‍ വിദ്യാഭ്യാസവും മുടങ്ങി. തന്നോടൊപ്പമുള്ള മറ്റ് കുട്ടികള്‍ സ്കൂളില്‍ പോകുന്നത് കാണുമ്പോള്‍ ആ കുഞ്ഞ് മനസ്സ് തേങ്ങി. അതിനിടെ നാട്ടില്‍ സാക്ഷരതാ ക്ലാസ്സുകള്‍ ആരംഭിച്ചു. വൈകുന്നേരം അഞ്ചര മുതല്‍ ആറര വരെ ക്ലാസ്. രാജി ടീച്ചര്‍ പഠിപ്പിച്ചുകൊടുത്ത ഓരോ അക്ഷരവും ബിന്ദു കൃത്യതയോടെ പഠിച്ചു. അമ്മ കൂലിപ്പണിക്ക് പോകുമ്പോള്‍ ബിന്ദുവിനെയും കൂടെ കൊണ്ടുപോകും. മഴ നനയാതിരിക്കാന്‍ മകളെ മാനിവയലിലെ ഹരിശ്രീ വായനശാലയിലാക്കും. അവിടുത്തെ പത്രങ്ങളിലെവരികളാണ് ബിന്ദുവിന്റെ സാക്ഷരാതാ പഠനത്തിന് സഹായകമായത്. വായനശാലയിലെ പുസ്തകങ്ങള്‍ ആകാംക്ഷയോടെ ബിന്ദു നോക്കും. അടങ്ങാത്ത അക്ഷരപ്രേമമാണ് വായനശാലയിലെ പത്രങ്ങള്‍ ബിന്ദുവിന് നല്‍കിയത്. തുല്യതാപഠനത്തില് കൈമോശംവന്ന വാക്കുകള്‍ കണ്ടെത്തിയിരുന്നത് വായനശാലയില്‍വെച്ചായിരുന്നു. ഇന്ന് കഥയും കവിതയും ലേഖനങ്ങളും നാടന്പാട്ടുമടങ്ങുന്ന വിശാലമായ ലോകം ബിന്ദുവിന് സ്വന്തം. വയനാട്ടില്‍നിന്ന് രാഷ്ട്രപതി ഭവനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ട് തുടര്പഠിതാക്കളില് ഒരാള്‍ ബിന്ദുവായിരുന്നു. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പഠനമികവിനായി ബിന്ദുവിന് പുരസ്കാരവും സമ്മാനിച്ചിട്ടുണ്ട്. മണിക്കുന്ന് മലയുടെ താഴ്വാരമാണ് കല്ലുമല. സമുദ്രനിരപ്പില്‍നിന്ന് 2000 മീറ്റര്‍ ഉയരത്തിലാണ് മണിക്കുന്ന് മല. മണിക്കുന്ന് അപ്പനെക്കുറിച്ച് പറയാന്‍ ബിന്ദുവിന് ആയിരംനാവ്. വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന മണിക്കുന്ന് മലകയറ്റവും ഇളനീര് ആടലും എല്ലാം ബിന്ദുവിന്റെ കവിതകളില്‍ ഭദ്രം. ഗോത്രവിഭാഗങ്ങള്‍ക്കായി പ്രത്യേക പൂജ തന്നെ അവിടെ നടക്കുന്നു. പൂജാദിനത്തില്മാത്രം ഭഗവാന് അര്‍പ്പിക്കാനുള്ള തീര്‍ത്ഥജലം അവിടെ ലഭിക്കുമെന്നാണ് ഗോത്രജനതയുടെ വിശ്വാസം. വീട്ടുമുറ്റത്തെ ദൈവപ്പുരയും ഗോത്രാചാരങ്ങളും മണിക്കുന്നപ്പനുമെല്ലാം തനിക്ക് തുണയാകുന്നു എന്നാണ് ബിന്ദുവിന്റെ വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: