ഒരു ദേശീയ നേതാവ് അടുത്തിടെ കേരളത്തില്‍ വന്ന് ഒരലക്ക് അലക്കിയതിന്റെ ലഹരി അത്ര പെട്ടെന്നൊന്നും ഇറങ്ങുമെന്ന് തോന്നുന്നില്ല. സര്‍ക്കാരില്‍ നിന്ന് ജനങ്ങളെയോ, ജനങ്ങളില്‍ നിന്ന് സര്‍ക്കാരിനെയോ ആരെയാണ് രക്ഷിക്കേണ്ടത് എന്നറിയാതെ യാത്ര നടത്തിയ നമ്മുടെ സുധീരവീരന് ആ പണി തിര്വന്തോരത്ത് അവസാനിപ്പിക്കുന്നതിന്റെ കൂട്ടപ്പൊരിച്ചിലില്‍ അമിട്ട് കത്തിക്കാനാണ് നമ്മുടെ മുങ്ങല്‍ വിദഗ്ധനായ രാജകുമാരന് എത്തിയത്. ടിയാന്റെ ഉപദേശനിര്‍ദ്ദേശങ്ങള്‍ ലഭിച്ചാല്‍ ഉമ്മച്ചന്റെ കോണ്‍ഗ്രസിന് തുടര്‍ഭരണം കിട്ടുമെന്ന ആശയിലാണ് സുധീരവീരനും സംഘവും. അതിന്റെ ആവേശത്തില്‍ വീരന് പറഞ്ഞത് നിങ്ങളൊക്കെ കേട്ടാരുന്നോ? കേരളത്തില്‍ ബിജെപിയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ല്യാന്ന്.
ച്ചാല്‍ അക്കൗണ്ടിനു വേണ്ടിയുള്ള ഫോറങ്ങള്‍ കോണ്‍ഗ്രസിന്റെ തറവാട്ട് കാരണവര്‍ മൊത്തമായി വാങ്ങിക്കൊണ്ടുപോയിരിക്ക്യാണെന്ന്! കൂഴച്ചക്ക താഴെ വീണ് കുരു നാലുപാടും ചിതറിപ്പോവുന്നതുപോലെയുള്ള നേതൃപടയുടെ തലപ്പത്തിരുന്നുകൊണ്ട് ദേശീയ നേതാവിനെ എങ്ങനെ സുഖിപ്പിക്കേണ്ടൂ എന്നറിയാതെ കുഴങ്ങുന്ന സുധീരന് കിട്ടിയ ആയുധമാണ് ബിജെപി. ഈ പാര്‍ട്ടിയുടെ നേരെ കണ്ണുരുട്ടിക്കാണിച്ചാല്‍ കാര്യങ്ങള്‍ തന്റെ വഴിക്കുവരുമെന്നാണ് മൂപ്പരുടെ വിചാരം. രാജകുമാരനെ ശരിക്കറിയാവുന്ന വിദ്വാന് എന്ത് നാടകം കളിക്കണമെന്നതിനെക്കുറിച്ച് ചില ബോധ്യങ്ങളൊക്കെയുണ്ടല്ലോ.
ഏതായാലും വിവരങ്ങള്‍ വിശകലനം ചെയ്യാനുള്ള കഴിവൊന്നുമില്ലെങ്കിലും ദേശീയനേതാവിന് ഉമ്മച്ചന്റെ ഭരണം ക്ഷ പിടിച്ചുവെന്നാണ് സ്വന്തം ലേഖക കസര്‍ത്തുകള്‍. അതുകൊണ്ടുതന്നെയാവാം അദ്യം ഇങ്ങനെ മൊഴിഞ്ഞത്: അഴിമതിയോട് കോണ്‍ഗ്രസ് ഒരിക്കലും സന്ധി ചെയ്യില്ല. അഴിമതി ആരോപണങ്ങളില്‍ തെളിവിന്റെ ഒരു കണികയെങ്കിലും ലഭിച്ചാല്‍ ഉടന്‍ നടപടി ഉണ്ടാവും. രണ്ടുകാലിലും മന്തുള്ളവന്‍ ഒരു കാലില്‍ മന്തുള്ളവനെ ചൂണ്ടി നാട്ടുകാരോട് ഹേയ് ഇത് മന്തല്ല, നീരു വന്നതാണ് എന്നു പറഞ്ഞാല്‍ എങ്ങനെയിരിക്കും?
അതുതന്നെ. അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ് കുടുംബവും സില്‍ബന്തികളും നടത്തിയ ഭീമാകാരമായ അഴിമതിക്കഥകളുടെ ഫയല്ക്കൂമ്പാരമിരിക്കെ പുതുപ്പള്ളിക്കഥകള്ക്ക് എന്തു പ്രസക്തി? അഴിമതി ഇല്ലാതാക്കാനുള്ള എളുപ്പവഴിയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അഴിമതി ഇല്ല എന്ന് മനസ്സാക്ഷിയെ സ്വയം ബോധ്യപ്പെടുത്തലാണ് അത്. അങ്ങനെ വന്നാല്‍ എല്ലാം ശുഭം. ഒളിച്ചോടി അന്യനാട്ടില്‍ പോയി അന്ന് വിപാസനധ്യാനം പഠിച്ചതിന്റെ ഗുണം ഇപ്പോഴാണ് മനസ്സിലാവുന്നത്. അത് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വെച്ചുതന്നെ
ഫലപ്രാപ്തിയിലെത്തിയതിന്റെ ത്രില്ലിലാണ് കുമാരന്. ഇരുട്ടില്‍ ഇല്ലാത്ത കരിമ്പൂച്ചയെ തലങ്ങും വിലങ്ങും അടിക്കുന്നതിന് തുല്യമത്രെ ഉമ്മച്ചനു നേരെ അഴിമതി ആരോപിക്കുന്നത്. മാത്രമല്ല മറ്റൊരു പക്കവാദ്യക്കാരന്‍ ഇതിന് കൂട്ടുമുണ്ട്. കറപുരളാത്തയാളെന്ന് ആരൊക്കെയോ വിശ്വസിക്കുന്ന ആ വിദ്വാനും പറയുന്നു നമ്പര്‍ വണ്‍ സര്‍ക്കാരാണ് ഉമ്മച്ചന്റേതെന്ന്. കേരളത്തില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും മികച്ച സര്‍ക്കാരാണെന്നാണ് അറയ്ക്കപ്പറമ്പില്‍ ഉവാച. ശര്യാണ്, വളരെ ശര്യാണ്. ഇതുവരെ ഇങ്ങനെയൊരു മോഹിനി സര്‍ക്കാരിനെ വരിഞ്ഞുമുറുക്കിയിട്ടില്ല. അതിനും ഒരു ഭാഗ്യം വേണ്ടായോ? ഇങ്ങനെ ഒരുപാട് ഭാഗ്യങ്ങള്‍ക്ക് പാത്രീഭൂതരാകാന്‍ സാധിച്ച നമ്മള് എത്ര പുണ്യവാന്മാര്.
അതവിടെ നില്ക്കട്ടെ. ഒരു ദേശീയ നേതാവ് പ്രബുദ്ധകേരളത്തില്‍ വന്ന് ചോദിച്ച ചോദ്യം എന്തെന്നറിയുമോ? പൂട്ടിയ ബാര്‍ തുറക്കുമോ എന്ന്! ഇത്ര ദൂരം യാത്ര ചെയ്ത് ഇവിടെ എത്തിയത് ബാര്‍ തുറക്കുന്നതിനെക്കുറിച്ച് അറിയാനാണോ എന്ന് അമ്പരപ്പെടുന്നു നമ്മുടെ കണാരേട്ടന്. ഓരോരുത്തര്‍ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്. അതിനനുസരിച്ച് പോയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. നിര്‍ണായക സമയങ്ങളില്‍ ആരോടും മിണ്ടാതെ രാജ്യം വിട്ടുപോകുന്ന രാജകുമാരന്മാര്ക്ക് സാധാരണക്കാരുടെ വിഷമം അറിയുമോ?
അവരുടെ വികാരം മനസ്സിലാവുമോ? നമ്മുടെ പ്രധാനമന്ത്രി ജേര്ണലിസ്റ്റുകളെക്കുറിച്ച് പറഞ്ഞ അഭിപ്രായം ഇവിടെ രാജകുമാരന്മാരെപ്പോലെയുള്ള നേതാക്കള്‍ക്കും ബാധകം. മാലിന്യങ്ങളില്‍ തിങ്ങിയാര്‍ക്കുന്ന ഈച്ചകളുടെ അതേ കുടുംബക്കാരാണ് തേനീച്ചകളും. പക്ഷേ, രണ്ടിനും രണ്ട് സ്വഭാവമാണ്. ഒന്ന് രോഗം പരത്തുമ്പോള്‍ മറ്റേത് ആരോഗ്യത്തിനു വേണ്ടി തേന്‍ ശേഖരിക്കുന്നു. മേപ്പടി ദേശീയ നേതാവായ രാജകുമാരന് ഏതു ഗണത്തില്‍ പെടുന്നു എന്ന് അദ്യത്തിന്റെ വാക്കുകള്‍ തന്നെ വിളിച്ചു പറയുന്നില്ലേ? വിശേഷണത്തില്‍ മാത്രം പോരല്ലോ ദേശീയം.
സ്വഭാവത്തിലും പ്രകൃതത്തിലും പ്രവൃത്തിയിലും പ്രതിഫലിക്കേണ്ടതല്ലേ? ഇതിനൊക്കെ ഉത്തരങ്ങള്‍ കണ്ടെത്തുക. ചോദ്യങ്ങളില്ലെങ്കിലില്ലുത്തരങ്ങളും എന്ന ആചാര്യമൊഴിയില് വിശ്വാസമര്‍പ്പിച്ച് നിര്‍ത്തട്ടെ.
***************
അരിയില്‍ ഷൂക്കൂര്‍ കൊല്ലപ്പെട്ടശേഷം അയാളുടെ ഉമ്മ ആത്തിക്ക ഉറങ്ങിയിട്ടില്ല. കണ്ണടയ്ക്കുമ്പോള്‍ കുത്തേറ്റ് പിടഞ്ഞ് ഉമ്മാ ഉമ്മാ എന്ന വിളിയോടെ പൊന്നുമോന് മുന്നില്‍. അവന് ചോറ് വിളമ്പി വെച്ച് കാത്തിരുന്ന ആ ഉമ്മയുടെ മുമ്പില്‍ അവന് എത്തിയതേയില്ല. അവന്റെ മരണത്തോട് ഇപ്പോഴും ആ ഉമ്മയ്ക്ക് താദാത്മ്യപ്പെടാനായിട്ടുമില്ല. ആരാണ് ആത്തിക്കയ്ക്ക് ഈ ദുഃസ്ഥിതി വരുത്തിയതെന്ന് ചോദിച്ചാല്‍ അതിന്റെ മറുപടി ഹൈക്കോടതിയുടെ പരാമര്‍ശത്തിലുണ്ട്.
ദാദ്രിയിലെ നിര്‍ഭാഗ്യ സംഭവത്തിന്റെ പേരില്‍ നാടുമുഴുവന്‍ അസഹിഷ്ണുതക്കെതിരെ ആര്‍ത്തട്ടഹസിച്ചു നടന്നവര്‍ ഒരു മുസ്ലീം ചെറുപ്പക്കാരനെ വലിച്ചിഴച്ച് വയലില്‍ കൊണ്ടുപോയി നിര്‍ത്തി, അണികളെ സാക്ഷിയാക്കി, വിചാരണ നടത്തി കുത്തിക്കൊന്നു. ഐഎസ് തീവ്രവാദികളെ നാണിപ്പിക്കുന്ന പ്രവൃത്തി നടത്തിയത് നമ്മുടെ പിണറായിക്കാരന്റെ പാര്‍ട്ടി. ന്യൂനപക്ഷസംരക്ഷണത്തിന്റെ എക്കാലത്തെയും മഹനീയ മാതൃകയാകുന്നു അരിയില്‍ ഷുക്കൂര്‍ വധം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) എന്നതിന്റെ യഥാര്‍ത്ഥ രൂപം ക്രിമിനല്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (മര്‍ഡര്‍) ആവുന്നത് എത്ര പൊടുന്നനെയാണ്. ഇതാ ഒരു ഹൈക്കോടതി പരാമര്‍ശം: ഒരമ്മയുടെ മുറവിളി വനരോദനമാകാന്‍ അനുവദിച്ചുകൂടാ.
സിപിഎമ്മിന്റെ സമ്മര്‍ദ്ദവും ഭീഷണിയും മൂലം പോലീസിനു ശരിയായി കേസന്വേഷിക്കാന്‍ പറ്റിയില്ലെന്നു പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ കുറ്റസമ്മതം നടത്തുന്നതു കോടതിയുടെ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഹീനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെ സംരക്ഷിക്കാനുള്ള സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കു മുന്നില്‍ മിണ്ടാതിരിക്കാന്‍ വയ്യ. ഇതു ഗൗരവപൂര്‍വ്വം പരിഗണിക്കണം. കോടതിയുടെ ഈ വാക്കുകള്‍ ആര്‍ക്കെങ്കിലും മനസ്സിലാവാതെ വരുമോ? മാര്‍ക്സിയന്‍ സൈദ്ധാന്തിക ഭൂമികയിലൂടെ വിശകലനം ചെയ്താലും വല്ല മാറ്റവും ഉണ്ടാവുമോ? ഇനി ഒന്നുകൂടി:
ചുറ്റുവട്ടത്തുള്ള സ്വയം പ്രഖ്യാപിത രാജാക്കന്മാര് പോലീസിനെ ഭരിക്കാന്‍ അനുവദിച്ചാല്‍ നീതി നടത്തിപ്പ് അപകടത്തിലാകും. അത്തരമൊരു അപകടത്തിന് നാം വഴിമരുന്നിട്ടുകൊടുക്കണോ? പാര്‍ട്ടിനേതാവിനെതിരെ പണ്ട് ഒരു ജസ്റ്റിസ് വിധി പ്രസ്താവിച്ചപ്പോള്‍ അദ്ദേഹത്തെ പ്രതീകാത്മകമായി നാടുകടത്തിയവരാണ്. ഇപ്പോഴത്തെ ജസ്റ്റിസിനെതിരെ ഇനി എന്തു ചെയ്യും ആവോ?
നേര്‍മുറി
സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഷുക്കൂര്‍ വധം ഉപയോഗിക്കുന്നു: പിണറായി
അത് കീര്‍ത്തിയാണെന്നാണ് കരുതിയത് തമ്പ്രാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: