തെളിയില്ലെ ഇനിയുമീ ചിരാതിലെന്നമ്മതന്
കൈയാല്‍ തെളിഞ്ഞൊരുപൊന്ദീപം…
ദേഹി വേര്പ്പെട്ടൊരമ്മതന് ദേഹം അഗ്നിയാല്‍ നിറയവെ
എന്‍ മനം തപിക്കുന്നു നിറയ്ക്കുവതാരിനീ
ഈ ചിരാതിലിറ്റു സ്നേഹനീര്
എനിക്കതിനാകുമോ മിഴിനീരാല്‍
നനയാതൊരു തിരിതെളിയ്ക്കുവാന്…
നിശീഥം പരന്നോരകത്തളമിന്നു മൂകമായ്
കരിന്തിരി പുകയുന്നു നെടുവീര്‍പ്പാല്‍ പടരുന്നു
താരകമില്ല എന്‍ മനമിതില്‍
തെളിയുവാനില്ലൊരു മിന്നാമിന്നിപോലും
ആകുമോ എനിക്കൊരു നറുതിരി തെളിയ്ക്കുവാന്‍
വിരിയുന്നെന്നോര്മ്മയില് നിറസ്നേഹം ചൊരിഞ്ഞമ്മ
തമസ്സില് നിലാവുപോലെന്നെ നയിച്ചോരുകാലം
ഇരുള് വരും ഈ വഴി എന്നു ഞാന്‍ നിനച്ചീല…
മനമൊന്നു വിങ്ങാതൊരു തിരി
തെളിയിക്കുവാനെനിക്ക് ആകുമോ…
അമ്മതന്‍ നിശ്വാസമേറ്റുണര്ന്ന
പോലെന്‍ മനമൊന്നു വിടര്‍ന്നുവോ
എന്‍ നൊമ്പരമൊക്കെ അലിഞ്ഞെങ്ങോ പോയതുപോലെയായ്
അമ്മ എന്‍ ശക്തിയായ് മാറി എന്‍ കരമൊന്നുയര്ത്തിയാ
സ്നേഹത്തിരി നീട്ടി അകത്തളമാകെ നിറഞ്ഞതാ പൊന്‍വെളിച്ചം
ദീപപ്രഭയായ് എന്നമ്മ എങ്ങും നിറയുന്നതറിയുന്നു ഞാന്‍
കൂപ്പുകൈ ഒന്നുയര്ത്തീ വണങ്ങീഞാനെന്നമ്മയെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: