ആത്മഹത്യ!
ആ വാക്ക് എത്രമാത്രം ശരിയാണെന്ന് എനിക്കറിയില്ല. കാരണം, നശിപ്പിക്കാന്‍ കഴിയാത്ത ഒന്നിനെ എങ്ങനെയാണ് ഹത്യ നടത്തുക. ആത്മാവിനെ നശിപ്പിക്കാന്‍ ആവില്ല എന്നാണല്ലോ ഭാരതീയ സങ്കല്പം തന്നെ. അപ്പോള്‍പിന്നെ ആത്മഹത്യ എന്ന പദത്തിന്റെ സാംഗത്യം?!. അറിയില്ല. പക്ഷെ, അതല്ലല്ലോ കാര്യം. മനുഷ്യജീവിതത്തോളം തന്നെ ആത്മഹത്യയും പഴക്കമേറിയതാണ്. ഏത് നിരീശ്വരവാദിയും ഒരിക്കലെങ്കിലും ഈശ്വരാ എന്ന് വിളിച്ചുപോകും എന്നുപറഞ്ഞ് ഈശ്വരവാദികള്‍ ഊറ്റം കൊള്ളാറുണ്ട്. അതിന് ഒരു മറുഭാഗം കൂടിയുണ്ടല്ലോ. ഏത് ഈശ്വരവാദിയും ഒരിക്കലെങ്കിലും ഇവിടെ ഒരു ഈശ്വരനുമില്ല എന്ന് പറഞ്ഞ് ആകുലപ്പെടാറുമില്ലെ. ചിന്തിക്കുന്ന മനുഷ്യര്‍ ഒരിക്കലെങ്കിലും ആത്മഹത്യയെക്കുറിച്ച് ഓര്‍ക്കാതിരിക്കില്ല.
ഏറ്റവും വലിയ ദാര്‍ശനിക പ്രശ്നം ആത്മഹത്യയാണെന്ന് 1940 ല്‍ ആല്‍ബര്‍ട്ട് കമ്യൂ തന്റെ ലേഖനമായ ദ മിത്ത് ഓഫ് സിസിഫസില്‍ പറഞ്ഞുവച്ചു. യൂറോപ്പിലെ ഏറ്റവും വിഷാദഭരിത രാജ്യമായ ഹംഗറിയുടെ ആത്മഹത്യാ ഗാനമാണ് ഗ്ലൂമി സണ്‍ഡേ. ആത്മഹത്യ, നൈരാശ്യം, വിഷാദം എന്നിവ അവരുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമാണ്. റഷ്യന്‍ കവി സെര്ജിയെസനിന്റെ തൂങ്ങിമരണം അറിഞ്ഞപ്പോള്‍ മയക്കോവ്സ്ക്കി ഈ ജീവിതത്തില്‍ മരിക്കാന്‍ പ്രയാസമില്ല, ജീവിക്കാനാണ് പ്രയാസമെന്ന് പറഞ്ഞെങ്കിലും അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം മയക്കോവ്സ്കിയും ആത്മഹത്യ ചെയ്തു.
‘നീ എനിക്ക് വാക്കുതരണം, സ്വയം വെടിവെച്ച് മരിക്കില്ലെന്ന്. നാം ഇരുവരും പരസ്പരം വാക്കു നല്‍കണം. അങ്ങനെ ചെയ്യരുത്. അത് വിഡ്ഢിത്തമാണ്. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് വാക്കുതരുന്നു’. സൈന്യത്തില്‍ നിന്നും പിരിച്ചുവിട്ടപ്പോള്‍ വ്യസനത്തോടെ മകന് ജോണ്‍ ഹെമിഗ്വെയ്ക്ക് വാക്കുകൊടുത്ത ആളാണ് ഹെമിഗ്വെ. പക്ഷേ 1961 ജൂണ്‍ രണ്ടിന് അദ്ദേഹം ആ വാക്കുലംഘിച്ചു. ആത്മഹത്യ ചെയ്ത ഇടപ്പള്ളി രാഘവന് പിള്ളയും നോവലിസ്റ്റ് രാജലക്ഷ്മിയും നന്തനാരും യുവകഥാകൃത്ത് ടി.പി. കിഷോറും നടി ശോഭയും സ്മിതയും തുടങ്ങി നീളുന്ന പട്ടികകള്‍ നമ്മുടെ മുന്നിലുണ്ട്. തങ്ങള്‍ ഇഷ്ടപ്പെടുന്ന, ആരാധിക്കുന്ന നേതാക്കള്‍ക്ക് എതിരെ കാര്യങ്ങള്‍ വരുമ്പോള്‍ ചില സാമൂഹ്യപ്രതിബദ്ധതയില്‍ അടിയുറച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍…അങ്ങനെ പലതിനുമായി ആത്മഹത്യ ചെയ്യുന്ന വ്യത്യസ്തതകളും നാം അറിഞ്ഞിട്ടുണ്ട്. അഭിമാനം രക്ഷിക്കാന്‍, ശത്രുവിന്റെ കൈയില്‍പ്പെടാതിരിക്കാന്‍ ചില ചരിത്രമായി മാറിയ ആത്മഹത്യകള്‍ വേറെ! കൊടൈക്കനാലില്‍ ആത്മഹത്യ ചെയ്യുന്നവര്‍ക്ക് ഒരു ആത്മഹത്യാ മുനമ്പ്. ആത്മഹത്യ പ്രലോഭനത്തില്പ്പെടുന്നവരെ രക്ഷിക്കാന്‍ വേലിയും സെക്യൂരിറ്റിയും!.
കുടുംബ പ്രശ്നങ്ങള്‍ മൂലമോ ദാരിദ്രം മൂലമോ മറ്റ് ആശാഭംഗങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്യുന്ന തികച്ചും സാധാരണക്കാരെത്രപേര്. നമ്മള് അറിയുന്നവര്‍…അറിയാത്തവര്‍. ഭാരതം ആത്മഹത്യ പാപമാണെന്ന് വിശ്വസിക്കുന്ന രാഷ്ട്രമായിട്ടുപോലും ഇങ്ങനെ എത്രയെത്ര എണ്ണിയാലൊടുങ്ങാത്ത ആത്മഹത്യകള്‍.
ദാര്‍ശനിക വ്യഥ തുടങ്ങി ദാരിദ്രം വരെ കാര്യങ്ങള്‍ പലതാകാം. രണ്ടിറ്റ് കണ്ണീരിന്റെ ഉപ്പില്‍ കുതിര്‍ന്നു നില്ക്കുന്നു ആ ജീവിതങ്ങളൊക്കെത്തന്നെ.
പക്ഷേ, അതിനുമിപ്പുറം ആത്മഹത്യയ്ക്കൊരുങ്ങി മരണത്തില്‍ നിന്നും വഴുതിമാറി ജീവിതത്തിലെത്തിയവര്. ഒരു മരണം ഒന്നിനും പരിഹാരമല്ല, വിഡ്ഢിത്തമാണെന്ന് തിരിച്ചറിഞ്ഞവര്‍. അവരല്ലെ നമ്മുടെ വിരല്‍പിടിച്ച്, ജീവിതത്തിന്റെ നൂല്‍പ്പാലത്തിലൂടെ നടക്കാന്‍, പ്രതിസന്ധികളെ മറികടക്കാന്‍ പ്രേരിപ്പിക്കുന്നത്!
ആകണം. അങ്ങനെ ആലോചിച്ചപ്പോഴാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് വെയില് കാളുന്ന ഒരു ഉച്ചനേരത്ത് പ്രശസ്ത സിനിമാ സംവിധായകനായ ജേസികുറ്റിക്കാടിനെ കാണാന്‍ ചെന്നത് ഓര്‍ത്തത്. ഒരു വാരികയ്ക്കുവേണ്ടി. ‘ മനസ്സുകൊണ്ടൊരു മടക്കയാത്ര’ (ജീവിതത്തെ സ്പര്‍ശിച്ച സംഭവം) തയ്യാറാക്കുകയായിരു്ന്നു എന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് ജേസിയുടെ വീട്ടിലേക്ക് പോയത്. അദ്ദേഹത്തെ പരിചയപ്പെടുത്തിത്തന്നത് എന്റെ ദീര്‍ഘകാല സുഹൃത്തായ കെ.ജെ. എബ്രഹാം ലിങ്കണ് എന്ന അദ്ദേഹത്തിന്റെ അനുജനായിരുന്നു. (ലിങ്കണ് അന്ന് പിആര്‍ഒ ആയി സിനിമാ രംഗത്ത് വരികയും പിന്നീട് സംവിധായകനായി മാറുകയും ചെയ്തയാളാണ്).
‘മനസ്സുകൊണ്ടൊരു മടക്കയാത്രയില്‍ ‘ അന്ന് അദ്ദേഹം എന്നോട് സംസാരിച്ചത് ആത്മഹത്യയ്ക്ക് ഒരുങ്ങിയ ഒരു രാത്രിയെക്കുറിച്ചായിരുന്നു. മദ്രാസിലെ ലോഡ്ജ്. സിനിമാ മോഹവുമായി എത്തിയതാണ്. ഒന്നും ആയിട്ടില്ല. പണം തീര്‍ന്നിരിക്കുന്നു. പട്ടിണിയുടെ പരിവട്ടത്തിലാണ്. തിരികെ വീട്ടിലേക്കില്ല. ആത്മഹത്യയേ മാര്‍ഗമുള്ളൂ. തീരുമാനിച്ചു. കുറച്ച് ഉറക്കഗുളികകള്‍ സംഘടിപ്പിച്ചു. കടം പറഞ്ഞ്, പിറ്റേന്ന് വീട്ടില്‍ നിന്നും മണിയോഡര്‍ വരുമെന്ന് കള്ളം പറഞ്ഞ് സന്തോഷം നടിച്ച് രാത്രിയാക്കി. വാതില്‍ ഭദ്രമായി അടച്ചു. പുറംലോകത്തെ ജനാലയിലൂടെ ഒന്നുകൂടി നോക്കിക്കണ്ടു. ജനാലയും അടച്ചു. ഉറക്കഗുളികകള്‍ എടുത്തു. ഗ്ലാസില്‍ വെള്ളവും.
ഗുളികകള്‍ വിഴുങ്ങാനായി വായിലേക്കിടാന് ഒരുങ്ങുമ്പോള്‍…ഗുളികകള്‍ക്കും വായ്ക്കും ഇടയിലുള്ള നിമിഷാര്‍ദ്ധത്തില്‍ വാതിലില്‍ മുട്ടുകേട്ടു. നിര്‍ത്താതെയുള്ള മുട്ട്. വെള്ളവും ഗുളികകളും കട്ടിലിന് കീഴെ ഒളിപ്പിച്ചു.വാതില്‍ തുറന്നു. അപ്പോഴതാ, അക്കാലത്തെ പ്രമുഖനായ ഒരു പ്രൊഡ്യൂസറും മാനേജരും നില്ക്കുന്നു. ചിരിച്ചുകൊണ്ട് വണക്കം പറഞ്ഞ് അവര്‍ അകത്തുകയറി. സിനിമയിലെ നായകനായി അഭിനയിക്കണം. അഡ്വാന്‍സ് നല്‍കാനായി എത്തിയിരിക്കുകയാണവര്‍. പണം നല്കി. എഗ്രിമെന്റ് ഒപ്പിടുവിച്ചു. ഏഴുരാത്രികള്‍ എന്ന സിനിമയ്ക്കായിരുന്നു എന്നാണ് ഓര്മ. (സിനിമാ നടനായും പ്രവര്‍ത്തിച്ചിട്ടുണ്ട് ജേസി). സ്വപ്നമോ, മിഥ്യയോ?. ബോധത്തിന്റേയും അബോധത്തിന്റേയും ഇഴപിരിയാ ചരടില്‍ കിടന്നാടിയോ. ആ വാതിലിലെ മുട്ട്…ജീവിതത്തിലേക്കത് തുറന്നു.
ജേസി സിനിമാ സംവിധായകനായി അറിയപ്പെട്ടു. സുഹൃത്തും നടനുമായ സോമന്റെ നിര്യാണത്തോടെ ജേസി തളര്‍വാതം പിടിച്ചുകിടപ്പിലായി. അപ്പോഴേക്കും ഞങ്ങള്‍ തമ്മില്‍ ഒരു ബന്ധം ദൃഢമായിക്കഴിഞ്ഞിരുന്നു. താന്‍ വീണ്ടും സംവിധാനം ചെയ്യും എന്നദ്ദേഹം വിശ്വസിച്ചു. ഒരു ചാനലിന് വേണ്ടി എന്റെ കഥകള്‍ നന്നാല് എപ്പിസോഡുകളാക്കാമെന്ന് തീരുമാനിച്ച് ചര്‍ച്ച ചെയ്തു. ക്യാമറാമാന് വിപിന്‍ മോഹന്‍ എന്നെ പരിചയപ്പെടുത്തി. കാര്യങ്ങള്‍ നടന്നില്ല. അലോപ്പതിയേക്കാള്‍ നന്ന് ആയുര്‍വേദം എന്നുപറഞ്ഞ് ചികിത്സ മാറി. ന്യായങ്ങള്‍ മനസ്സുപോലെ കണ്ടെത്തി. അദ്ദേഹത്തിന്റെ പുറപ്പാട് എന്ന സിനിമ ഞങ്ങള്‍ രണ്ടുപേരും കൂടി നോവല്‍ രൂപത്തിലാക്കി മനോരമയില്‍ പ്രസിദ്ധീകരിക്കാം എന്ന തീരുമാനത്തിലെത്തി. കുറച്ച് വര്‍ക്കുകള്‍ നടന്നു. ചികിത്സമാറ്റി ഫിസിയോതെറാപ്പിയാക്കി. വര്‍ക്ക് മുഴുമിപ്പിച്ചില്ല. നിരാശിതനായി. വീണ്ടും അലോപ്പതിയിലേക്ക് മാറ്റം. കുറച്ചുകാലം കൂടി. അദ്ദേഹത്തെ കാലം സീന്‍ ഔട്ടാക്കി. ഇപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് എന്റെ മനസ്സില്‍ കുറച്ചു മൊണ്ടാഷുകള്‍.
ജോസഫിന്റെ കാര്യം അതായിരുന്നില്ല. ചേര്ത്തലക്കാരന് ജോസഫ്. വീട്ടില്‍ ദാരിദ്ര്യം. ഒറ്റപ്പെടല്‍. മാനസിക വിഷമങ്ങള്‍. ബാല്യമനസ്സിലേ ജീവിത്തോട് വിരക്തി. കുട്ടിക്കാലത്തുതന്നെ ജീവിതം കയ്ച്ചു. അങ്ങനെയാണ് ഞാന്‍ അനുജന് തുല്യം കരുതുന്ന ജോസഫ്. അന്ന് വിഷക്കായ കഴിച്ചത്. മരിക്കാന്‍ തന്നെ! വീട്ടില്‍ ആളില്ലാ നേരത്ത് അത് കഴിച്ചു. പക്ഷേ, തൊട്ടടുത്ത വീട്ടിലെ പെണ്‍കുട്ടി ജോസഫിനെ അന്വേഷിച്ചെത്തി. വാതില്‍ അടഞ്ഞുകിടക്കുന്നു. അകത്ത് എന്തൊക്കയോ വെപ്രാളത്തിന്റെ ശബ്ദം. കുട്ടി വാതിലില്‍ മുട്ടിവിളിച്ചു. തുറക്കുന്നില്ല. ആ കുട്ടി ഉച്ചത്തില്‍ കരഞ്ഞു. ആളുകള്‍ കൂടി. വാതില്‍ ബലം പ്രയോഗിച്ചു തുറന്നു. മരണ വെപ്രാളത്തില്‍ ജോസഫ്!. അവനെ അവര്‍ ആശുപത്രിയിലെത്തിച്ചു. രക്ഷപ്പെട്ടു. എന്നിട്ടും ബുദ്ധിമുട്ടുകളില്‍ നിന്നും ജോസഫ് മോചിതമായില്ല.
ഗ്രാമത്തിലെ ഒരു സുഹൃത്തായ ടാക്സി ഡ്രൈവര്‍ ജോസഫിനെ എറണാകുളത്തെത്തിച്ചു. ഒരു ഹോട്ടലില്‍ ജോലി ചെയ്യാന്‍ തുടങ്ങി. അവിടെ സ്ഥിരം ചായകുടിക്കാന്‍ വരുന്ന ആള്. ഇന്ന് സ്വദേശി സയന്‍സിന്റെ നേതൃത്വം വഹിക്കുന്ന ജയന് ചേട്ടന്. ജോസഫിനെ മനസ്സിലാക്കിയ ജയന് ചേട്ടന്, അദ്ദേഹത്തെ തൃശൂരുള്ള ഒരു കടയില്‍ സെയില്‍സ് മാനാക്കി. അവിടെവച്ചാണ് കോഴിക്കോട്ടുള്ള പ്രസാദ്, ജോസഫിനെ കണ്ടുമുട്ടുന്നത്. സ്വന്തം അനുജനപ്പോലെ ഗണിച്ച് ജോസഫിനെ തന്റെ വീട്ടിലേക്കെത്തിച്ചു. അവിടെ പ്രസാദിന്റെ അനുജനായി ഒന്നോ രണ്ടോ വര്‍ഷക്കാലം. ഇതിനകം ജോസഫ് സ്വന്തം പേര് നരേന്ദ്രബാബു എന്നാക്കിയിരുന്നു. ബാബു എന്നറിയപ്പെട്ടു. ജോസഫ് നരേന്ദ്രബാബുവിലേക്ക് മാറിമ്പോഴേക്കും നിരാശയില്‍ നിന്ന് ജീവിതത്തിന്റെ സാധ്യതകളിലേക്ക് നടന്നുകയറുകയായിരുന്നു.
പ്രസാദ് എറണാകുളത്ത് ഒരു പ്രിന്റിങ് പ്രസ് തുടങ്ങി. പ്രസാദിന്റെ സ്വന്തം അനുജന് പ്രജീഷിനൊപ്പം ബാബുവും എറണാകുളത്തേക്കും പ്രസിലേക്കും എത്തി. പ്രസിന്റെ സാധ്യതകള്‍ മനസ്സിലാക്കി. സുഹൃദ് വലയങ്ങള്‍ വിപുലപ്പെട്ടു. സുഹൃത്തുക്കളുടെ സഹായത്തോടെ അത്ര ചെറുതല്ലാത്ത പ്രിന്റിങ് പ്രസ് ബാബു തുടങ്ങി. കൂടെ പ്രജീഷും. നല്ല രീതിയില്‍ സാധ്യതകളെ വ്യത്യസ്തമായി പ്രയോജനപ്പെടുത്തിക്കൊണ്ട് അത് പ്രവര്‍ത്തിക്കുന്നു. പ്രസാദ് എന്ന നല്ല മനുഷ്യന് ഒരു കാറ്ററിങ് സര്‍വീസ് നന്നായി കൊണ്ടു നടക്കുന്നു.
ബാബു ഒരു പരമ്പരാഗത ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നും വിവാഹം കഴിച്ചു. ഭാര്യ, കുട്ടികള്‍, ബന്ധുക്കള്‍ എന്നിവര്‍ക്കൊപ്പം ഒരു സന്തുഷ്ടകുടുംബം കെട്ടിപ്പൊക്കി. ഒരു വിഷക്കായയ്ക്കപ്പുറത്ത് മാടിവിളിക്കാന്‍-സ്വീകരിക്കപ്പെടേണ്ട- ഒരു ജീവിതമുണ്ടെന്ന് ഇപ്പോള്‍ ബാബുവിനറിയാം. ഇങ്ങനെ എത്രയെത്ര ബാബുമാര്‍…ജേസിമാര്…എന്നിട്ടും നിസാരങ്ങളായ ആശാഭംഗങ്ങളാല് ജന്മം ഒഴിവാക്കാന്‍ ശ്രമിക്കുന്നു!. ഓരോരുത്തര്‍ക്കും ഓരോ ഇടങ്ങളുണ്ടെന്ന് തിരിച്ചറിയാതെ പോകുന്നു.
ഓരോ ജന്മവും പിറവിയെടുക്കുമ്പോള്‍ തന്നെ, സ്രഷ്ടാവ് അവനുള്ള എല്ലാം കരുതിവച്ചിരിക്കുന്നു.(ജനിക്കുന്ന കുഞ്ഞിനുള്ള ഭക്ഷണമായി മുലപ്പാല്‍ പോലും). വഴിയെല്ലാം തിരിച്ചറിയാതെ വഴിയെല്ലാം അടഞ്ഞുപോയി എന്ന് വിലപിക്കേണ്ടി വരിക. ആത്മഹത്യ ചെയ്ത വ്യക്തിത്വങ്ങളുടെ സ്മരണകള്‍ക്കുമുന്നില്‍ കണ്ണീര്‍പൂക്കള്‍. അര്‍പ്പിക്കാന്‍ അതുമാത്രം.
പക്ഷേ, ആത്മഹത്യയില്‍ നിന്നും മാറി ജീവിതം തിരിച്ചറിഞ്ഞവരേയോ നമുക്ക് ചേര്‍ത്ത് പിടിക്കാം. ആ സ്നേഹച്ചൂടില്‍ ഏത് നിരാശയും മറക്കാം. സൂര്യനെ വിരല്ക്കൊണ്ട് മറയ്ക്കാനാലവില്ല. നമ്മുടെ സൂര്യന് ഉദിച്ചുതന്നെ നില്ക്കുന്നു. വിരലുകൊണ്ട് മറച്ചത് കണ്ണിനെയാണ്. കാഴ്ചയെയാണ്. കൈക്കുടന്ന നിലാവുപോലെ നിലാവുള്ള രാത്രികളില്‍ ഉള്ളം കൈയിലെടുത്ത വെള്ളത്തിലൊക്കെയും നമുക്ക് നമ്മുടെ ചന്ദ്രനെ കിട്ടും. ഉള്ളം കൈയില്‍ത്തന്നെ. അതുപോലെ കണ്മുന്നില് നിന്നും വിരല്‍ ഒന്നുമാറ്റൂ…നമുക്ക് നമ്മുടെ സൂര്യനെ കാണാം. നാം സ്നേഹിക്കുന്നതുപോലെ നമ്മെ സ്നേഹിക്കുന്നവരും ഇല്ലേ. അവരോടും നമുക്ക് സ്നേഹത്തിന്റെ പ്രതിബന്ധതയില്ലെ?. സൂര്യവെളിച്ചത്തില്‍ നമുക്ക് നടക്കാം. മുന്നോട്ട്. ജന്മമെന്ന വരപ്രസാദം തൃക്കൈയില്‍ വച്ച്…മനസ്സില്‍ ചേര്‍ക്കാം. അങ്ങനെ…അങ്ങനെ…
നുറുങ്ങുകഥ
ജീവിതം മടുത്ത അയാള്‍ തൂങ്ങിമരിക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷേ, എന്തുചെയ്യാം. തൂങ്ങിയ മരക്കൊമ്പ് ഒടിഞ്ഞുവീണ് ആ ശ്രമത്തില്‍ അയാള്‍ പരാജയപ്പെട്ടു. എന്നാലിനി ജീവിക്കാം എന്നുകരുതി നടന്നു. പെട്ടെന്നാണ് പാഞ്ഞുവന്ന ടിപ്പര്‍ അയാളെ ഇടിച്ചത്. മരണത്തിലേക്കായി നടത്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: