കൂടാരത്തിലെ വിളക്കുകള്‍ അണഞ്ഞു. റിങ്ങിനുള്ളിലേക്ക് രണ്ടു സ്പോട്ട് ലൈറ്റുകള്‍ മാത്രം മിഴി തുറന്നു. അവയുടെ പ്രകാശം റിങ്ങിന്റെ ഒരറ്റത്ത് കറങ്ങുന്ന വൃത്താകൃതിയിലുള്ള പലകയില്‍ ബന്ധിച്ചിരിക്കുന്ന സുന്ദരിയുടെ മേലും റിങ്ങിന്റെ എതിര്‍വശത്ത് ഉയര്‍ന്ന പീഠത്തില്‍ കണ്ണുകള്‍ മൂടിക്കെട്ടി കൈകളില്‍ കത്തികളുമായി നില്ക്കുന്ന അഭ്യാസിയിലും പതിച്ചു.
കാണികള്‍ അയാളുടെ പ്രകടനത്തിനായി വീര്‍പ്പടക്കി കാത്തിരുന്നു.
ഗ്രേറ്റ് ഏഷ്യന്‍ സര്‍ക്കസ്സിലെ ഏറ്റവും ജനപ്രീതി നേടിയ ഇനമായിരുന്നു അത്. കണ്ണുകള്‍ മൂടിക്കെട്ടി സ്വന്തം ഭാര്യയെ ബന്ധിച്ചിട്ടുള്ള കറങ്ങുന്ന പലകയില്‍ മൂര്‍ച്ചയേറിയ എട്ടു കത്തികള്‍ എറിഞ്ഞു തറപ്പിക്കുക. അത് അവതരിപ്പിക്കുന്ന രാഘവന് അതിവിദഗ്ധനായ ഒരു കത്തിയേറുകാരനായിരുന്നു. ഒരിക്കല്‍പ്പോലും പിഴവു പറ്റാത്തയാള്‍. പല കാണികളും ആ പ്രകടനം കാണുമ്പോള്‍ ഭയന്നു കണ്ണുകള്‍ പൊത്തുമായിരുന്നു. അയാളുടെ ഓരോ പ്രകടനവും അവര്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. പലരും അയാളെ നേരിട്ട് വന്നു അഭിനന്ദിച്ചിരുന്നു.
പക്ഷെ ഇന്ന് രാഘവന് അസ്വസ്ഥനായിരുന്നു. തന്റെ പീഠത്തില്‍ നില്ക്കുമ്പോള് അയാളുടെ മനസ്സില്‍ ലക്ഷ്യത്തെക്കുറിച്ചുള്ള ചിന്തയായിരുന്നില്ല. കാണികളുടെ വീര്‍പ്പുമുട്ടലുകളോ കൈയടികളോ അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. അയാളുടെ മനസ്സില്‍ അപ്പോള്‍ തെളിഞ്ഞു നിന്നത് തലേന്നു രാത്രി ട്രപ്പീസ് ഹീറോ ചാര്‍ളിയുടെ ടെന്റില്‍ നിന്ന് അഴിഞ്ഞുലഞ്ഞ തലമുടി കെട്ടിക്കൊണ്ട് ഇറങ്ങി വരുന്ന അയാളുടെ ഭാര്യയുടെ രൂപമായിരുന്നു. ഇരുട്ടുണ്ടായിരുന്നിട്ടും താന്‍ കഴിഞ്ഞ തവണ വാങ്ങിക്കൊടുത്ത ചുവന്ന പൂക്കളുള്ള തീമഞ്ഞ സാരി അയാള്‍ വ്യക്തമായിക്കണ്ടു.
നാട്ടില്‍ നിന്നുള്ള ലാസ്റ്റ്ബസ് കിട്ടാതെ രാത്രി വൈകിയെത്തിയതിനാല്‍ അവളുടെ കള്ളം കയ്യോടെ പിടികൂടാന്‍ പറ്റി!!!…
വഞ്ചകി! ഒടുവില്‍ ഞാന്‍ സംശയിച്ചതു തന്നെ സംഭവിച്ചു! സ്വന്തം ഭര്‍ത്താവിനെ വഞ്ചിക്കാന്‍ മടിയില്ലാത്ത കുലട!. ചാര്‍ളിയെ പ്രശംസിക്കാന്‍ അവള്‍ക്കു നൂറു നാക്കായിരുന്നു!!
എങ്കിലും അവള് ഇത്രയും നീചയായി തരംതാഴും എന്നു കരുതിയില്ല!.
ഹൊ.. എല്ലാം എന്റെ വിധി തന്നെ! അയാള്‍ സ്വയം ശപിച്ചു… രോഷം കൊണ്ടു പുളഞ്ഞു. പ്രതികാരത്തിനായി അയാളുടെ മനസ്സ് ദാഹിച്ചു.പൊടുന്നനെ അയാളുടെ മനസ്സിലെ മൃഗം ഉണര്‍ന്നു. അതെ അതു തന്നെ വഴി! ഇത്രയും കാലം പിഴക്കാത്ത ഉന്നം നാളെ പിഴക്കും. പ്രകടനത്തിനിടയിലെ കൈപ്പിഴവിന് കേസുണ്ടാകാന്‍ വഴിയില്ല! .ഉണ്ടായാല്‍ തന്നെ വലിയ ശിക്ഷയും കാണില്ല! ഇന്‍ഷുറന്‍സ് തുകയായി ഒരു നല്ല സംഖ്യ കിട്ടുകയും ചെയ്യും! .ഒരു വെടിക്കു മൂന്നു പക്ഷി!!…
എല്ലാം അയാള്‍ മനസ്സിലുറപ്പിച്ചു…
ണിം… ണിം…. ണിം…. പ്രകടനം ആരംഭിക്കാനുള്ള മണി മുഴങ്ങി. ആദ്യത്തെ കത്തിയെടുത്ത് അയാള്‍ അതിന്റെ വായ്ത്തലയില്‍ കയ്യോടിച്ചു. അല്പ്പമൊന്നമര്ന്നാല് ചോര പൊടിയും…
വേണ്ട, ആദ്യത്തേത് തന്നെ ലക്ഷ്യം പിഴച്ചാല്‍ അത് സംശയത്തിന്നിടയാക്കും!!
‘സീ…’മൂളിപ്പാഞ്ഞ കത്തി സുന്ദരിയുടെ വലതു കൈക്ക് താഴെ പലകയില്‍ തറഞ്ഞു നിന്നു. കാണികളില്‍ നിന്നു ഒരു ദീര്‍ഘശ്വാസം ഉയര്‍ന്നു. അടുത്ത കത്തി സുന്ദരിയുടെ ഇടതു കൈക്കു താഴെയും, മൂന്നാമത്തെ കത്തി അരക്കെട്ടിനു വലതു വശത്തും, നാലാമത്തേത് ഇടതു വശത്തും, അഞ്ചും ആറും ഏഴും കത്തികള്‍ കാലുകളുടെ വലതും ഇടതും വശങ്ങളിലും മദ്ധ്യ ഭാഗത്തും ചെന്നു കൃത്യമായി തറച്ചു. നിശബ്ദമായ കൂടാരത്തില്‍ ഓരോ തവണയും കാണികളുടെ പ്രതികരണവും, ആന്തലും അയാളറിയുന്നുണ്ടായിരുന്നു.
അവസാനത്തെ കത്തി എറിയേണ്ടത് സുന്ദരിയുടെ തലയ്ക്കു മുകളിലേക്കാണ്.
ഒരല്‍പ്പം ഉന്നം പിഴച്ചാല്‍ തന്റെ ലക്ഷ്യം നിറവേറും! അയാള്‍ മനസ്സില്‍ കണക്കു കൂട്ടി. ഒരു നിമിഷം അയാള്‍ ശങ്കിച്ചു. പിന്നെ മനസ്സില്‍ കരുതിയ മാതിരി ഒരല്‍പ്പം താഴ്ത്തി കത്തി ആഞ്ഞെറിഞ്ഞു. ഭാര്യയുടെ ദീനരോദനം കേള്‍ക്കാന്‍ പ്രതീക്ഷിച്ച അയാളുടെ കാതുകളില്‍ കാണികളുടെ ഹര്‍ഷാരവങ്ങള്‍ അലയടിച്ചു. അവരുടെ കരഘോഷങ്ങളാല്‍ സര്‍ക്കസ് കൂടാരം നിറഞ്ഞു.
കണ്ണുകള്‍ മൂടിക്കെട്ടിയ തുണി അഴിച്ചു നോക്കിയപ്പോള്‍ പതിവു പോലെ എല്ലാ കത്തികളും യഥാസ്ഥാനങ്ങളില്‍ത്തന്നെ ചെന്നു തറച്ചിരിക്കുന്നതു കണ്ടു അയാള്‍ സ്വയം ശപിച്ചു!
കാണികളെ വണങ്ങി തല താഴ്ത്തി തന്റെ ടെന്റിലേക്ക് തിരിച്ചു നടക്കുമ്പോള്‍ അയാളുടെ മനസ്സു നിരാശയില്‍ മുങ്ങി. അല്‍പ്പം കഴിഞ്ഞപ്പോള്‍ ടെന്റിന്റെ കര്ട്ടന് തുറക്കുന്നതു കണ്ട് അയാള്‍ മുഖമുയര്‍ത്തി.’ഇത് ചേച്ചിക്ക് ഒന്നു കൊടുത്തേക്കണേ….ഞാന്‍ രണ്ടു ദിവസം മുന്‍പ് ടൗണില്‍ പോകാന്‍ വാങ്ങിയതാ..’സൈക്കിള്‍ അഭ്യാസം കാട്ടുന്ന ഗ്രേസി അവിടെ നില്ക്കുന്നുണ്ടായിരുന്നു. അവള് വെച്ചു നീട്ടിയ തീമഞ്ഞ സാരിയിലെ ചുവന്ന പൂക്കള്‍ രക്ത ശോഭയോടെ ജ്വലിച്ചു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: