പാലക്കാട് ജില്ലയുടെ പരമ്പരാഗത കലാരുപമായ കണ്ണ്യാർകളി ഷാർജയിൽ ഒരുങ്ങുന്നു. ഫ്യൂഷൻ ഇവന്റ് ഓർഗനൈസേര്‍സിന്റെ സംഘടനാ പങ്കാളിത്തത്തോടെ മേളം ദുബായ് ഒരുക്കുന്ന മൂന്നാമത് കണ്ണ്യാർകളി മേള ഈമാസം 19 നു വെള്ളിയാഴ്ച ഷാർജയിൽ മർഹബ റിസോർട്ടിൽ നടക്കും. പരമ്പരാഗത തനിമയിൽ സജ്ജീകരിക്കുന്ന കളിപ്പന്തലിൽ രാവിലെ ഒമ്പത് മണിക്ക് കേളികൊട്ടോടെ ആരംഭിക്കുന്ന മേളയിൽ മേതിൽ സതീശന്റെ ദേശ വന്ദന സ്തുതിക്കു ശേഷം പാലക്കാട് ജില്ലയിലെ വിവിധ ദേശങ്ങളിൽ നിന്നുള്ള കലാകാരന്മാർ പുറാട്ട് വേഷങ്ങൾ അവതരിപ്പിക്കും.
കൊടുവായൂർ , കുഴൽമന്ദം, പല്ലാവൂർ, പല്ലശ്ശേന, കാക്കയൂർ, വട്ടേക്കാട്, എലവഞ്ചേരി, നെമ്മാറ, ചിറ്റിലഞ്ചേരി, പുതിയങ്കം, കാട്ടുശ്ശേരി, വാനൂർ, അയിലൂർ, ചേരാമംഗലം, വടവന്നൂർ എന്നീ ദേശങ്ങളാണ് ഇത്തവണത്തെ മേളയിൽ വേഷങ്ങൾ അവതരിപ്പിക്കുന്നത്. നാട്ടിൽ നിന്നുള്ള പ്രശസ്തരായ കളി ആശാന്മാരായ രഘുനാഥൻ നെന്മാറ, വാസുദേവൻ പല്ലശ്ശേന, വസന്തൻ കൊടുവായൂർ, ജയശങ്കർ പുതിയങ്കം, രവി പല്ലശ്ശേന, സുമന്ത്, രാമചന്ദ്രൻ നെമ്മാറ, ജയപ്രസാദ് നെമ്മാറ, മുരളീധരൻ കുഴൽമന്ദം എന്നിവരും സ്ത്രീവേഷങ്ങൾ അവതരിപ്പിക്കുന്നതിൽ നാട്ടിൽ പ്രശസ്തി നേടിയിട്ടുള്ള കൊടുവായൂർ കൃഷ്ണപ്രസാദ് ഉൾപ്പെടെ നിരവധി കളിക്കാരും മേളയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഏറെ പ്രതീക്ഷകളുമായി വിദേശത്തെ ആദ്യത്തെ കണ്ണ്യാർകളി അവതരണത്തിന് കാത്തിരിക്കുകയാണ് കൃഷ്ണപ്രസാദ്. കടൽ കടന്നു കണ്ണ്യാർകളി ദുബായിൽ 2014 ൽ അരങ്ങേറിയപ്പോൾ പങ്കെടുക്കണം എന്ന് ഒരുപാടു മോഹിച്ചതാണ് എങ്കിലും നടക്കാതെ പോയി. ഇത്തവണ ഷാർജയിൽ മേളം ദുബായ് ഒരുക്കുന്ന കണ്ണ്യാർകളി മേളയിൽ തന്റെ പ്രിയപ്പെട്ട ഒരു സ്ത്രീ വേഷം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കൊടുവായൂർ ദേശക്കാരനായ കൃഷ്ണപ്രസാദ്.
കൊടുവായൂരിന്റെ ദേശക്കളികളിലും കണ്ണ്യാർകളി പ്രൊമോഷൻ കൗൺസിൽ നടത്തുന്ന മേളകളിലും സ്ഥിരമായി വേഷങ്ങൾ ചെയ്യുന്ന കൃഷ്ണപ്രസാദ് തന്റെ പ്രശസ്തമായ കുറത്തി, വെള്ളച്ചി മുതലായ പൊറാട്ടുകളിലൂടെ കളിപ്രേമികൾക്കിടയിൽ പ്രിയങ്കരനാണ്. കളിയിലെ സ്വത സിദ്ധവും ലാസ്യപ്രദവുമായ ചലനവൈഭവമികവാണ് കൃഷ്ണപ്രസാദിനെ വേറിട്ട കളിക്കരനാക്കുന്നത്.
കണ്ണ്യാർകളി അവതരണത്തിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള കൃഷ്ണപ്രസാദ് തന്റെ ആശന്മാരിൽ ഒരാളായ കൊടുവായൂർ വസന്ത് മേനോനുമൊത്താണ് നാട്ടിൽ നിന്നും ഷാർജയിൽ എത്തുന്നത്. കൃഷ്ണപ്രസാദിന്റെ മികവുറ്റ ഒരു സ്ത്രീ വേഷം കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് യുഎയിലുള്ള കണ്ണ്യാർകളി പ്രേമികളും.
മേളയോടനുബന്ധിച്ചു ‘ചിത്രകേളി’ എന്ന പേരിൽ മേതിൽ കുമാറിന്റെ ഫോട്ടോ പ്രദര്‍ശനവും ചെണ്ടമേളവും അരങ്ങേറും. ‘കളിക്കൊന്ന’ എന്ന പേരിൽ ഒരു സ്മരണികയും പുറത്തിറക്കുന്നുണ്ട്. മേളയുടെ നടത്തിപ്പിനായി മഹേഷ് ചിറ്റിലഞ്ചേരി, പ്രദീപ് നെമ്മാറ എന്നിവർ ജനറൽ കൺ വീനർമാരയി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: