ആലപ്പുഴ: തോട്ടപ്പള്ളിയില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ പൊതുവഴി കൈയേറിയെന്ന പരാതിയുമായി ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്. സ്പില്‍വേയുടെ വടക്കുവശം കനാലിന്റെ കിഴക്കേ തീരത്തുകൂടി കടന്നുപോകുന്ന പൊതുവഴിയാണ് പ്രദേശവാസികള്‍ കൈയേറിയെന്ന പരാതിയുമായി ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
പൊതുവഴിയുടെ വീതി കൈയേറ്റം മൂലം കുറഞ്ഞതിനാല്‍ വാഹനങ്ങള്‍ക്ക് ഇതുവഴി സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അത്യാസന്നനിലയിലുള്ള രോഗികളെ ആംബുലന്‍സില്‍ ആശുപത്രികളിലെത്തിക്കാന്‍പോലും കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും ഇവര്‍ പറയുന്നു. ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലം സ്വകാര്യ വ്യക്തികള്‍ കൈയേറുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ചിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
കൈയേറ്റം സംബന്ധിച്ച് ജലവിഭവ മന്ത്രി, കളക്ടര്‍, ആര്‍ഡിഒ, അമ്പലപ്പുഴ തഹസില്‍ദാര്‍, പുറക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്കിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ വില്ലേജ്, പഞ്ചായത്ത്, താലൂക്ക് ഓഫീസുകളിലേക്കും കളക്ടറേറ്റിന് മുമ്പിലും ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ സമരത്തിനൊരുങ്ങുകയാണെന്ന് ചെയര്‍മാന്‍ കെ. മോഹനന്‍, കണ്‍വീനര്‍ സതീശന്‍ തോട്ടപ്പള്ളി, ബിജു, ഗംഗാധരന്‍, പൂജ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
















