ഇടുക്കി: സ്പൈസസ് ബോര്‍ഡ് ആസ്ഥാനത്ത് നാളെ നടക്കുന്ന കര്‍ഷക സംഘടനാ പ്രതിനിധികളുടെയും ഏലം ലേലകേന്ദ്രം നടത്തിപ്പുകാരുടെയും യോഗത്തില്‍ ജില്ലയിലെ ഏലം കര്‍ഷകര്‍ പ്രതീക്ഷ പുലര്‍ത്തുകയാണ്.
കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് സ്പൈസസ് ബോര്‍ഡ് ചെയര്മാന് ഡോ. എം. ജയതിലക് യോഗം വിളിച്ചിരിക്കുന്നത്. ബിജെപി മുന്‍ ഇടുക്കി ജില്ല പ്രസിഡന്റ് പി. വേലുക്കുട്ടനും കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ് അഡ്വ. ജെയിസ് ജോര്‍ജും ഏലം കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിന്നു.
ഈ റിപ്പോര്‍ട്ട് കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മ്മല സീതാരാമന് കൈമാറിയിരുന്നു. പ്രശ്നങ്ങള്‍ പഠിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്ന് ബിജെപി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഏലത്തിന് സ്വതന്ത്ര വിപണി ഉണ്ടാക്കുന്നതോടൊപ്പം വില സ്ഥിരതയ്ക്കായി നടപടി സ്വീകരിക്കണമെന്നും ബിജെപി ഇടുക്കി ജില്ല നേതൃത്വം കേന്ദ്ര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നാളെ സ്പൈസസ് ബോര്‍ഡ് യോഗം വിളിച്ചിരിക്കുന്നതെന്ന് ബിജെപി ഇടുക്കി ജില്ല പ്രസിഡന്റ് ബിനു ജെ. കൈമള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: