ആലപ്പുഴ: നഗരത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറിനെ കോണ്‍ഗ്രസ് നേതൃത്വം തെറിപ്പിച്ചു. അപ്രതീക്ഷിതമായാണ് പത്മകുമാറിനെ ആലപ്പുഴയില്‍ നിന്നും സ്ഥലം മാറ്റിയത്. കയ്യേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചത് പത്മകുമാറിനെ ജില്ലയിലെ കോണ്‍ഗ്രസ് ഐ വിഭാഗത്തിന്റെ കണ്ണിലെ കരടാക്കിയിരുന്നു. ഡിസിസിയിലെ പ്രമുഖന്‍ തന്നെയാണ് ആലപ്പുഴയിലെ കയ്യേറ്റമൊഴിപ്പിക്കല്‍ അട്ടിമറിക്കാന്‍ അണിയറനീക്കം നടത്തിയത്.
ജില്ലാ കോടതി പാലം മുതല്‍ വടക്കോട്ടുള്ള ഭാഗങ്ങളിലെ റോഡുകയ്യേറ്റം നേരത്തെ ഒഴിപ്പിച്ചിരുന്നു. ജില്ലാ കോടതി പാലം മുതല്‍ പടിഞ്ഞാറോട്ടുള്ള ഭാഗങ്ങളില്‍ ഒഴിപ്പിക്കല്‍ ആരംഭിച്ചതോടെയാണ് ഇതിനെതിരെ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ശക്തമായ സമ്മര്‍ദ്ദം തുടങ്ങിയത്. നഗരത്തിലെ ഐ ഗ്രൂപ്പുകാരനായ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ നേരിട്ടെത്തിയാണ് ഒഴിപ്പിക്കലിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞത്.
കോണ്‍ഗ്രസിലെ ഐ വിഭാഗം ഇടപെട്ട് ഒഴിപ്പിക്കലിന് പോലീസ് സംരക്ഷണം നല്‍കുന്നതും അട്ടിമറിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് കോണ്‍ഗ്രസ് ഇടപെട്ട് പത്മകുമാറിനെ സ്ഥലം മാറ്റിയത്. ജില്ലയിലെകോണ്‍ഗ്രസ് പ്രമുഖന്‍ കളക്ടറെ സ്ഥലം മാറ്റുമെന്ന് ഭീഷണിവരെ മുഴക്കിയിരുന്നു. നേരത്തെ ഇതേ കോണ്‍ഗ്രസ് നേതാവ് താന്‍ പറഞ്ഞ നിയമവിരുദ്ധമായ കാര്യങ്ങള്‍ അംഗീകരിക്കാതിരുന്ന യുവ ജില്ലാ പോലീസ് സൂപ്രണ്ടിനെയും സ്ഥലം മാറ്റിയിരുന്നു.
ഭരണത്തണലില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും സ്ഥലം മാറ്റുകയും ചെയ്യുന്നതിന്റെ അവസാനത്തെ ഇരയാണ് പത്മകുമാര്‍. ആര്‍. ഗിരിജയാണ് ജില്ലയിലെ പുതിയ കളക്ടര്‍.
















